ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് പ്രവാസിയായ വിജേഷ് തന്റെ കാമുകിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസങ്ങൾ പിന്നിട്ടപ്പോൾ ഭാര്യയെ കാണാതായി. ദുഃഖിതനായ വിജേഷും കുടുംബവും ഭാര്യയെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുമ്പോഴാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. ഭാര്യ ഒളിച്ചോടി പോയതിന്റെ സങ്കടം തീർക്കാൻ വിജേഷും പ്രവാസികളായ സുഹൃത്തുക്കളും ചേർന്ന് കേക്കു മുറിച്ചാണ് ഈ സംഭവത്തെ നേരിട്ടത്.
സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ അതിവേഗം പ്രചരിച്ചു. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം വിജേഷ് ജനുവരി ഒന്നിനാണ് ദുബായിൽ എത്തിയത്. ജനുവരി 14ന് ഭാര്യ കാമുകനൊപ്പം പോകുകയും ചെയ്തു. ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും പുറത്തുവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് വിജേഷും സുഹൃത്തുക്കളും ദുബായില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്.
ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും സജീവമായി. പെൺകുട്ടിയെ അധിക്ഷേപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. എന്നാൽ വിജേഷിന്റെ ആഘോഷം അതിരു കടന്നതാണെന്നും കടുത്ത സ്ത്രീവിരുദ്ധതയാണ് ഇത്തരം ആഘോഷങ്ങൾക്ക് പിന്നിലുളളതെന്നും വാദിച്ച് സമൂഹമാധ്യമങ്ങളിൽ മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
“ഉള്ളിൽ കത്തികൊണ്ട് പുറമെ ചിരിച്ചു കാണിക്കാൻ ആ ചേട്ടൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഒന്നേ പറയാനുള്ളു പെണ്ണേ ആ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം നിനക്ക് ഇല്ലാതെ പോയി.ഒന്നൂടി തീർത്തു പറഞ്ഞാൽ നിനക്ക് അതിനുള്ള അർഹത ഇല്ലെടി”