ഇതരസംസ്ഥാനത്തൊഴിലാളിയുടെ അറുപത്തഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിടിക്കറ്റ് മലയാളി തട്ടിയെടുത്തെന്ന് പരാതി. അസം സ്വദേശി സുശീലാണ് നിലമ്പൂർ സ്വദേശി മിഖ്ദാദിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡിസംബർ 10ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയിൽ ആണ് അസം സ്വദേശിയായ സുശീൽ എടുത്ത എടുത്ത ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചത്. കോട്ടയം അമ്മഞ്ചേരിയിലെ ഐസിഎച്ച് ആശുപത്രിയിലെ ജീവനക്കാരനായ സുശീൽ കോട്ടയം നഗരത്തിൽ നിന്നാണ് ടിക്കറ്റ് എടുത്തത്.
ഒരേ നമ്പറിലുള്ള 12 ടിക്കറ്റുകൾ സുശീൽ എടുത്തിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് മാറി പണമാക്കാൻ സുശീലിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാലാണ് കാന്റീനിൽ അപ്പം എത്തിക്കുന്ന നിലമ്പൂർ സ്വദേശി മിഖ്ദാദിന്റെ സഹായം തേടിയത്.
കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിൽ ലോട്ടറി ഏൽപിച്ച് പണം നൽകാം എന്ന് വാഗ്ദാനം ചെയ്ത മിഖ്ദാദ് ലോട്ടറി ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു.വഞ്ചിതനായ സുശീൽ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. മിഖ്ദാദിന്റെ നമ്പറിലേക്ക് പോലീസ് വിളിച്ചുനോക്കിയെങ്കിലും പ്രതികരിച്ചില്ല. നിലമ്പൂരിൽ എവിടെയോ മിഖ്ദാദ് ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ടിക്കറ്റുമായി കടന്ന ശേഷം മിഖ്ദാദ് സ്വന്തം വീട്ടിൽ പോവുകയോ ഫോൺ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു