പെട്രോളിനെ കുറിച്ചുള്ള വാർത്തകൾ ദിനം പ്രതി എല്ലാ മാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട്. ഉയർന്നും താഴ്ന്നുമുള്ള പെട്രോൾ വില രാജ്യത്ത് നിലനിൽക്കെ പെട്രോൾ പമ്പുകൾക്കെതിരെ ഒരു പരാതി സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണിപ്പോൾ.വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പെട്രോൾ പമ്പുകളിലെ ഹോസുകൾ സുതാര്യമാക്കണമെന്നാണ് സുപ്രീം കോടതിയിലെത്തിയ പരാതി.
അഭിഭാഷകനായ അമിത് സാഹ്‌നിയാണ് ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. വളരെ ആസൂത്രിതവും സംഘടിതവുമായ രീതിയിലാണ് രാജ്യത്തെ പെട്രോൾ പമ്പുകൾ ആളുകളെ പറ്റിക്കുന്നതെന്നാണ് അമിത് സാഹ്‌നി കോടതിയിൽ നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്.
പരാതിയ്ക്ക് കൂടുതൽ ആധികാരികത ലഭിക്കാൻ ഇത് സംബന്ധിച്ച ലേഖനങ്ങൾ, വീഡിയോകൾ, ടെലിവിഷൻ കവറേജ്, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവയെല്ലാം പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട് അമിത് സാഹ്‌നി.
“നിലവിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പെട്രോൾ പമ്പുകളിലെ കറുത്ത നിറമോ മറ്റുമുള്ള ഹോസുകൾ മാറ്റി, ഇന്ധനം വാഹനത്തിൽ നിറയ്ക്കുന്നത് ഉപഭോക്താവിന് വ്യക്തമായി കാണാവുന്ന രീതിയിൽ കൂടുതൽ സുതാര്യമാക്കണ്ടതാണ്”, പരാതിയിൽ പറയുന്നു.
ഇതിന് പുറമെ മറ്റൊരു സംവിധാനവും നടപ്പാക്കണമെന്നും പരാതിയിൽ പറയുന്നു. ഫ്യുവൽ വെൻഡിംഗ് മെഷീനോട് ചേർന്ന് സുതാര്യമായൊരു ഡിസ്പെൻസർ കൂടെ ഘടിപ്പിക്കണമെന്നാണിത്.
അതായത്, ആദ്യം മെഷീനിൽ നിന്ന് ഇന്ധനം ഡിസ്പെൻസറിലേക്ക്, പിന്നീട് ഡിസ്പെൻസറിൽ നിന്ന് ഹോസിലൂടെ വാഹനത്തിലേക്ക്. ഈ രണ്ട് പ്രവർത്തനങ്ങളും ഉപഭോക്താവിന് കാണാവുന്ന രീതിയിലായത് കൊണ്ട് പെട്രോൾ പമ്പുകളുടെ വെട്ടിപ്പ് ഒരു പരിധി വരെ തടയാമെന്നാണ് അഭിഭാഷകന്റെ വാദം.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരത്തിലുള്ള വെട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. തങ്ങൾ നൽകിയ കാശിനുള്ള ഇന്ധനം വാഹനത്തിൽ ലഭിക്കുന്നില്ലെന്നും പറഞ്ഞ് നിരവധി പരാതികളാണ് ദിനം തോറും ഉയരുന്നത്.
തെറ്റായ അളവ് കാണിക്കാൻ വേണ്ടി ചില വിദേശ നിർമ്മിത അസംസ്കൃത വസ്തുക്കൾ ഇന്ധനങ്ങളിൽ ചേർക്കുന്ന ചുരുക്കം പെട്രോൾ പമ്പുകളുമുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികൾ വാഹനങ്ങളുടെ എഞ്ചിനുകൾക്ക് കാതലായ കേടുപാടുകളാണ് വരുത്തുക.
വാഹന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ ഇന്ധനം വേറൊരു ടാങ്കിലേക്ക് മറിച്ച് പമ്പ് ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള തട്ടിപ്പുകൾ പെട്രോളിയം ബ്രാൻഡുകളുടെ അറിവോടെയല്ല നടക്കുന്നത്.
ജീവനക്കാർ സ്വാർഥലാഭത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ പെട്രോളിയം ബ്രാൻഡുകളുടെ മേൽ പതിയുന്നു. ഇന്ധന വില റോക്കറ്റിനെക്കാളും വേഗത്തിൽ കുതിച്ച് പായുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടി സജീവമായാൽ വാഹന ഉപഭോക്താക്കൾക്ക് കിട്ടുന്ന വലിയ തിരിച്ചടി ആയിരിക്കും ഇതെല്ലാമെന്ന് സംശയമില്ലാതെ പറയാം. ഏതായാലും അമിത് സാഹ്‌നി നൽകിയ പരാതിയിൽ ഒട്ടും വൈകാതെ തന്നെ അനുകൂല വിധിയുണ്ടായാൽ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നങ്ങൾക്ക് അറുതി വരുമെന്ന് ആശിക്കാം.