Breaking News
Home / Lifestyle / രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായ അത്ഭുതപെണ്‍കുട്ടിയുടെ കഥ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായ അത്ഭുതപെണ്‍കുട്ടിയുടെ കഥ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയര്‍ എന്ന ഖ്യാതി നേടി രാജ്യത്തിന് തന്നെ അഭിമാനമായി ഈ 17കാരി പെണ്‍കുട്ടി. 2018ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (CAT) വിജയിയായും പതിനേഴുകാരിയായ തെലങ്കാനയില്‍ നിന്നുള്ള സംഹിത കാശിഭട്ട പുതിയ നേട്ടം കരസ്ഥമാക്കി. 16ാം വയസിലാണ് ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദം സംഹിത സ്വന്തമാക്കിയത്.

ഇപ്പോള്‍, CAT പരീക്ഷ വിജയിയായ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ഖ്യാതിയും ഈ അത്ഭുത പെണ്‍കുട്ടി സ്വന്തമാക്കി. സംഹിതയുടെ ആദ്യശ്രമം കൂടിയായിരുന്നു ഇത്തവണത്തേത്. 95.95 ശതമാനം മാര്‍ക്ക് നേടിയാണ് സംഹിത വിജയം കരസ്ഥമാക്കിയത്.

മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഈ പെണ്‍കുട്ടി, പത്ത് വയസ് പ്രായമുള്ളപ്പോഴാണ് പത്താംതരത്തില്‍ ഉയര്‍ന്ന വിജയം നേടിയെടുത്തത്.സാധാരണ വിദ്യാര്‍ത്ഥികള്‍ നാലാം തരം പഠിച്ചെടുക്കാന്‍ പാടുപെടുന്ന സമയത്ത് തന്നെ പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ സംഹിത, 12-ാം വയസില്‍ പ്ലസ്ടു വിജയവും സ്വന്തമാക്കി. പത്താം തരത്തില്‍ ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും പത്തില്‍ പത്ത് ഗ്രേഡ് പോയിന്റും പ്ലസ് ടുവിന് 86.6 ശതമാനം മാര്‍ക്കും നേടിയാണ് സംഹിത വിജയിച്ചത്.

മറ്റുകുട്ടികള്‍ വാക്കുകള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്ന സമയത്ത്, ഓര്‍മശക്തിയുടെ പേരിലായിരുന്നു സംഹിത അറിയപ്പെട്ടത്. രാജ്യങ്ങളുടെ തലസ്ഥാനവും പതാകകളും സംഹിതയ്ക്ക് മൂന്നാം വയസില്‍ കാണാപ്പാഠമായിരുന്നു. അഞ്ച് വയസുള്ളപ്പോള്‍ സംഹിത ലേഖനങ്ങളെഴുതാനും ചിത്രം വരയ്ക്കാനും ആരംഭിച്ചു.

സൗരയൂഥത്തെ കുറിച്ച് സംഹിത എഴുതിയ ലേഖനം ശ്രദ്ധയില്‍പ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പ്രശംസയേറ്റുവാങ്ങിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേക്കുറിച്ചുള്ള ലേഖനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രശംസയും സംഹിതയ്ക്ക് ലഭിച്ചിരുന്നു. CAT പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ സംഹിതയ്ക്ക് ഐഐഎമ്മില്‍ എംബിഎ ഫിനാന്‍സാണ് അടുത്ത ലക്ഷ്യം.

About Intensive Promo

Leave a Reply

Your email address will not be published.