പേട്ട എന്ന രജനികാന്ത് ചിത്രം ഉയരത്തിൽ കുതിക്കുകയാണ്. പണ്ട് ഒരുപാട് കാലം തിയേറ്ററുകളെ ആഘോഷത്തിൽ ആറാടിച്ച ആ പഴയ രജനിയെ വർഷങ്ങൾക്ക് ശേഷം തിരിച്ചു കൊണ്ടുവന്ന ചിത്രം ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുകയാണ്. എല്ലാ കൈയടികളും സംവിധായകൻ കാർത്തിക് സുബ്ബരാജിന് അവകാശപ്പെട്ടതാണ് എന്ന് തലൈവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഷോർട് ഫിലിമുകളുടെ ലോകത്തു നിന്ന് സിനിമയിലെത്തി ക്ലാസ് സിനിമകൾ ഒരുക്കി പ്രശസ്തി നേടിയ കാർത്തിക്ക് മാസ്സും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് പേട്ടയിലൂടെ.
വമ്പൻ സംവിധായകർ പരാജയപെട്ടിടത് കാർത്തിക്ക് സുബ്ബരാജ് എന്ന മുപ്പതുകാരൻ രജനിസത്തെ തിരികെ കൊണ്ട് വന്നത് ഏറെ കൈയടികളോടെ ആണ് സിനിമ ലോകം വരവേൽക്കുന്നത്. ഇതിനു തെളിവെന്നോണം ഒരു സംഭവം അടുത്തിടെ നടന്നു. ചെന്നൈ വെട്രി തിയേറ്ററിൽ ആയിരുന്നു അത് നടന്നത്. വെട്രി തിയേറ്ററിന്റെ മാനേജിങ് ഡയറെക്ടർ ആയ രാകേഷ് ഗൗതമൻ ട്വീറ്റിലൂടെ ആണ് ഈ ഇൻസിഡന്റിന്റെ കാര്യം പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ..
“കാർത്തിക് സുബ്ബരാജ് വെട്രി തിയേറ്ററിന്റെ ലോബിയിലൂടെ നടക്കുമ്പോൾ 55 വയസുള്ള ഒരു വൃദ്ധൻ ഓടി വന്നു കാർത്തിക്കിന്റ കാലിൽ വീണു. ഞെട്ടി കാർത്തിക്ക് അയാളെ എഴുനേല്പിച്ചു. “എന്താ അണ്ണാ ഇതെല്ലാം ” എന്നു കാർത്തിക്ക് ചോദിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപിടിച്ചു “ഞങ്ങളുടെ തലൈവനെ തിരികെ തന്നതിന് നന്ദി ” എന്ന് പറഞ്ഞു. “. വെട്രി തിയേറ്ററിൽ കാർത്തിക് സുബ്ബരാജ്, വിവേക് ഹർഷൻ തുടങ്ങിയ സാങ്കേതിക പ്രവർത്തകർ വിജയം ആഘോഷിക്കാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. വിജയാഘോഷങ്ങളുടെ ചിത്രങ്ങളും രാകേഷ് ഗൗതമൻ പങ്കു വച്ചിട്ടുണ്ട് ട്വിറ്ററിൽ..