Breaking News
Home / Lifestyle / “മുറിക്ക് പുറത്തു പോടാ ചെക്കാ.” പിന്നീട് അവിടെ നിന്നില്ല. ചാടി പുറത്തേക്ക് ഓടി….!!

“മുറിക്ക് പുറത്തു പോടാ ചെക്കാ.” പിന്നീട് അവിടെ നിന്നില്ല. ചാടി പുറത്തേക്ക് ഓടി….!!

ഉമ്മറപ്പടിയിൽ

തിരക്കിട്ട് പത്രത്തിൽ താൻ തലേന്ന് മേടിച്ച ലോട്ടറി റിസൾട്ട് നോക്കുകയായിരുന്നു മോഹൻ.
നോക്കിയ ശേഷം നിരാശയോടെ ടിക്കറ്റ് ചുരുട്ടി മുറ്റത്തേക്ക് എറിഞ്ഞു. അടുത്ത് എപ്പോഴോ അമ്മ കൊണ്ടുവെച്ച ചായ ഒരു കവിൾ കുടിച്ചതും അകത്തേക്ക് നോക്കി അവൻ വിളിച്ചു പറഞ്ഞു. “അമ്മേ… ദേ ഈ ചായ തണുത്തുപോയി. ഒന്ന് ചൂടാക്കി തായോ…”

മോഹന്റെ ഉറക്കെ ഉള്ള വിളി കേട്ട് പുറംപണികാരി രാധ ഓടി വന്നു. “എന്താ കുഞ്ഞേ…

അമ്മ അകത്ത് ശ്രീമോൾക്ക് ആവി പിടിക്കയാ… ചായ വേണേൽ ഞാൻ ചൂടാക്കി തരാം… ഇങ്ങു തന്നേക്ക്.” പറഞ്ഞു തീരേണ്ട താമസം മോഹൻ ചായ ഗ്ലാസ് അവർക്ക് നീട്ടി അകത്തെ കയറിപ്പോയി.

അകത്തെ മുറിയിൽ അമ്മ കിഴികെട്ടുന്നു. ചൂട് കിഴി ശ്രീയുടെ കഴുത്തിൽ വെച്ചപ്പോൾ അവൾ ഒരൊറ്റ വിളി. അത് കേട്ട് ശെരിക്കും ചിരി വന്നു.

അകത്തേക്ക് കയറിയാൽ അമ്മ കളിയാക്കും എന്ന് ഭയന്നെങ്കിലും അവളെ ഒന്ന് കാണാൻ ആയി രണ്ടും കല്പിച്ചു അവൻ അകത്ത് കടന്നു.

“നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ഉണ്ണി അകത്ത് വരണ്ട എന്ന്. ഇവിടെ കാണാൻ ഇപ്പൊ ഒന്നും ഇല്ല.”

ഒന്ന് ചമ്മി എങ്കിലും അവൻ കൂസലില്ലാതെ അവിടെ തന്നെ നിന്നു.

അമ്മ അറിയാത്ത വണ്ണം കുറച്ചുകൂടി മുന്നോട്ട് നിന്ന് അവളെ ഒന്ന് ഒളിഞ്ഞു നോക്കി. അത് കാണാത്ത മട്ടിൽ ശ്രീ ഒന്ന് തിരിഞ്ഞു നോക്കി.

പിന്നീട് നാണത്തോടെ മുഖം തിരിച്ചു കളഞ്ഞു. ഇപ്പോൾ ഇവൾക്ക് അല്പം ജാഡ കൂടിയിട്ടുണ്ട് എന്ന് മനസ്സിൽ ഓർത്തതും അമ്മ കയ്യിൽ ഒരു നുള്ളു തന്നു.

“മുറിക്ക് പുറത്തു പോടാ ചെക്കാ.” പിന്നീട് അവിടെ നിന്നില്ല. ചാടി പുറത്തേക്ക് ഓടി. ഉമ്മറത്ത് വന്ന് ഇരുന്നതും രാധ ആവിപറക്കുന്ന ചായയുമായി വന്നു.

“ഇന്നാ കുഞ്ഞേ… നല്ലോണം ചൂടാക്കി. വേഗം കുടിച്ചോളൂ.” മോഹൻ ഗ്ലാസ് വാങ്ങി. രാധ മോഹനെ നോക്കി ഒന്ന് ആക്കി ചിരിച്ചു. “എന്താ രാധേടത്തി ഒരു ചിരി… “ഒന്നുമില്ല എന്റെ കുഞ്ഞേ” എന്ന് പറഞ്ഞു അവർ അകത്തേക്ക് പോയി.

മോഹൻ വീണ്ടും ചമ്മി. അല്ല അത് അവനു പുത്തരി അല്ല. കുട്ടിക്കാലം മുതലേ കാക്ക എന്ന് കേട്ടാണ് അവൻ വളർന്നത്.

തൊലിപ്പുറത്തെ കറുപ്പ് അവന്റെ മനസ്സിന് ഇല്ലെന്ന് ആരും തിരിച്ചറിഞ്ഞില്ല. എങ്കിലും അവന് അതിൽ വിഷമം ഉണ്ടായിരുന്നില്ല.

നീ ഉണ്ണിക്കണ്ണനെ പോലെ കാർവർണ്ണൻ ആണെന്ന് പറഞ്ഞ് അമ്മയും അച്ഛനും അവനെ ചേർത്തു പിടിക്കുമായിരുന്നു.

പക്ഷെ വളർന്ന് കല്യാണപ്രായം എത്തിയപ്പോഴാണ് അവനും അവർക്കും തൊലിപ്പുറത്താണ് ഏവർക്കും ആദ്യം നോട്ടം എത്തുക എന്ന് മനസ്സിലായത്.

മുടങ്ങിപ്പോയ ആലോചനകളുടെ കണക്കെടുത്താൽ ഒരു അന്തം ഉണ്ടാകില്ല. അപ്പോഴാണ് അച്ഛന്റെ ഏതോ സുഹൃത്തുവഴി ഒരലോചന വന്നത്.

നടക്കില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു. എങ്കിലും രണ്ടും കല്പിച്ചാണ് പെണ്ണുകാണാൻ ചെന്നത്.

കുട്ടിയെ കൂടി കണ്ടപ്പോൾ തൃപ്തി ആയി. അവളും ഞാനും നിന്നാൽ ഞാൻ അവളുടെ നിഴൽ ആണെന്നേ കരുതു. വെറുതെ വണ്ടികാശ് കളഞ്ഞല്ലോ എന്ന് കരുതി ഇരുന്നപ്പോഴാണ് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന് അമ്മാവൻ പറഞ്ഞത്.

അകത്തെ മുറിയിൽ ജനലിനരികെ തിരിഞ്ഞു നിന്ന അവളോട് ഉള്ളിലെ അപകർഷതാബോധം എല്ലാം പറഞ്ഞു തീർത്തു. മറുപടി കിട്ടാതെ ആയപ്പോൾ നിരാശയോടെ തിരിഞ്ഞു നടന്നതും കേട്ടു.”എനിക്ക് സമ്മതമാണ്”.

ഒന്നും പറഞ്ഞില്ല. മനസ്സ് നന്നേ നിറഞ്ഞിരുന്നു. പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. അച്ഛനും അമ്മയും ഇത്രയും സന്തോഷിച്ചു കാണുന്നത് അന്നായിരുന്നു. ചടങ്ങുകൾ എല്ലാം ഭംഗിയായി കഴിഞ്ഞു.

മുകളിലെ അലങ്കരിച്ച മുറിയിൽ അവളെ കാത്തു ഇരിക്കുമ്പോൾ മനസ്സിൽ പിന്നെയും ഒരു പേടി. അവൾക്ക് എന്നെ പൂർണ്ണമായി ഇഷ്ടപ്പെടുമോ….

പെട്ടെന്ന് ആണ് ആരോ അകത്തേക്ക് കയറി വരുംപോലെ തോന്നിയത്. അത് അവൾ ആയിരുന്നു. താലി കെട്ടി ഇതുവരെയും അവളെ ശെരിക്കും നോക്കാൻ കൂടി ധൈര്യം വന്നില്ല. പക്ഷെ ഇപ്പോൾ കണ്ടു…

വിശ്വസിക്കാൻ ആവുന്നില്ല. എന്നെ കണ്ടാൽ ഈ പെണ്ണിന് പ്രാന്താണെന്നെ എല്ലാവരും പറയു.

കയ്യിൽ ഒരു പാൽ ഗ്ലാസ്സും ഒരു ചെറു മയില്പീലിയും കൊണ്ടാണ് അവൾ വന്നത്. ഗ്ലാസ്സ് മേശപ്പുറത്തു വെച്ചവൾ കതക് കൊട്ടിയടച്ചു.

ഗ്ലാസ്സ് എടുത്ത് എന്റെ മുന്നിൽ വന്ന് അതെനിക്ക് നീട്ടി. എന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്തില്ല. എന്റെ പേടി വീണ്ടും കൂടി. അവൾക്ക് ഈ കല്യാണത്തിന് ഇഷ്ടമുണ്ടായിരുന്നിരിക്കില്ല.

പാവം പെണ്ണ്. ഗ്ലാസ് ഞാൻ വാങ്ങി. അവളോട് ഇരിക്കാൻ പറഞ്ഞു. പിന്നീട് ഞങ്ങൾ കട്ടിലിൽ ഇരുന്നു. പകുതി പാൽ കുടിച്ച ശേഷം ഞാൻ ബാക്കി അവൾക്ക് നീട്ടി. അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചിട്ട് ഗ്ലാസ് മേശമേൽ വെച്ചു. കുറച്ചു സമയത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല.

ആ മൂകത ഭേദിച്ച് ഞാൻ തന്നെ തുടങ്ങി. “നോക്കൂ ശ്രീക്കുട്ടി. നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഉണ്ടായിട്ടാണോ നീ സമ്മതം പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. ഇതിന് മുൻപ് ഒരുപാട് പെണ്കുട്ടികളെ ഞാൻ കണ്ടതാണ്.

അവരൊക്കെയും എന്റെ ഈ രൂപത്തെ ആണ് വിലയിരുത്തിയത്. നിനക്കും ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് നീ പറയും വരെ ഞാൻ നിന്റെ സുഹൃത്തിനെ പോലെയെ പെരുമാറു.” ഇത്രയും പറഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി.

പെട്ടെന്ന് അവൾ എന്റെ കയ്യിൽ പിടിച്ചു. കയ്യിലെ ആ ചെറു മയിൽപ്പീലി അവൾ എനിക്ക് തന്നിട്ട് പതിയെ പറഞ്ഞു.

“എനിക്ക് ഈ ജന്മം ഈ കാർവർണ്ണനെ മതിയെങ്കിലോ…നിറമല്ല ഈ മനസ്സാണ് എനിക്ക് വേണ്ടത്” ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്ന് തോന്നിയ നിമിഷം.

ഒന്നും പറയാതെ അവളെ കെട്ടിപ്പിടിച്ചു. അന്ന് മുതൽ ഞങ്ങൾ ഒന്നായിരുന്നു.

കല്യാണം കഴിഞ്ഞ് വിശേഷം ആയോ എന്ന് ആളുകൾക്ക് ചോദിക്കാൻ സമയം കൊടുക്കും മുന്നേ തന്നെ അവൾ ഒരമ്മ ആയി. ആര് കണ്ടാലും പിന്നീട് ചിരിക്കാൻ തുടങ്ങി. അല്പം ജാള്യത തോന്നിയെങ്കിലും ഞങ്ങൾ അത് ഒരു ഭാഗ്യമായി കരുതി.

അമ്മ അവളെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ചു. എനിക്കും അവൾ ഒരു അമ്മയായി എന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ഇപ്പോൾ മാസം 8 കഴിഞ്ഞു. ഏഴാം മാസം അവളെ കൂട്ടിക്കൊണ്ട് പോകാൻ പോലും അമ്മ അനുവദിച്ചില്ല. പ്രസവം ഇവിടെ ആവട്ടെ എന്ന് വാശിപിടിച്ചു. അതിൽ അവൾക്കും എനിക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളു. അവൾ ഇല്ലാതെ എങ്ങനെ എന്ന് ചിന്തിക്കാൻ പോലും വയ്യായിരുന്നു.

“ടാ ഉണ്ണി. എന്ത് ആലോചിച്ചു ഇരിക്കയാ നീ. ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ല നീ. ചെന്ന് കുളിക്കേടാ.” മോഹന് ഒരുറക്കം ഉണർന്നപോലെ തോന്നി.

അകത്തെ മുറിയിൽ ഒന്ന് കണ്ണോടിച്ചു. അവൾ കണ്ണടച്ച് ഇരിക്കുകയാണ്. മോഹൻ അവളെ ഒന്ന് നോക്കി. മുൻപത്തേക്കാളും അവൾക്ക് ഭംഗി കൂടിയോ.

അവളുടെ ഉദരത്തിലേക്ക് നോക്കിയപ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ ചോരയെ ആണ് അവൾ ചുമക്കുന്നത്. ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളം. ആ നിമിഷം അവന് അവളോട് സ്നേഹത്തിലുപരി ബഹുമാനവും തോന്നി.

“ശ്രീ…” മെല്ലെ അവൻ വിളിച്ചപ്പോൾ അവൾ കണ്ണു തുറന്നു.

“ഉണ്ണിയേട്ടാ… അയ്യോ…ഞാൻ പറഞ്ഞിട്ടില്ല ഇങ്ങട് വരണ്ടാന്ന്…കുളി കഴിഞ്ഞു ഞാൻ വരാം…പൊക്കോ…അമ്മ കണ്ടാൽ ആകെ ചമ്മലാകും…

അല്ലെങ്കിൽ തന്നെ ഇത് അല്പം നേരത്തെ ആണെന്ന് പറഞ്ഞു എല്ലാരും കളിയാക്കുവാ…ശോ” നിറവയറിൽ പിടിച്ച് അവളത് പറയുമ്പോൾ നാണം കൊണ്ട് ആ മുഖം ചുവന്നിരുന്നു.

ഒന്നും ആലോചിക്കാതെ അവളെ ചേർത്തു പിടിച്ചു. “അയ്യോ.. ദേ മുൻപത്തെ പോലെ അല്ല. ഒരാള് എല്ലാം കാണുന്നുണ്ട്… വിട്ടെ…ഈ ഉണ്ണിയേട്ടന് ഒരു നാണോം ഇല്ല.” കവിളിൽ ഒരു നുള്ളു കിട്ടി.

പക്ഷെ മനസ്സിൽ എന്തോ ഒരു പേടി.”ശ്രീ… എനിക്ക് വല്ലാത്ത പേടി ഉണ്ട്. എന്നെ പോലെ നമ്മുടെ കുഞ്ഞും കറുത്തു പോയാലോ…

അവനെയും എല്ലാവരും ഒറ്റപ്പെടുത്തിയാലോ…” അവളുടെ മുഖം ഒന്ന് വാടി. പക്ഷെ പെട്ടെന്ന് തന്നെ അതൊരു പുഞ്ചിരിയായി മാറിയപ്പോൾ ഞാൻ അതിശയത്തോടെ നോക്കി.

“എങ്കിലേ…ഞാൻ അന്ന് തന്നപോലൊരു മയിൽപ്പീലി നമുക്ക് അവന് കൊടുക്കാം. നമ്മുടെ മഴവില്ല് ആണെന്ന് പറഞ്ഞു ഈ ഉണ്ണിക്കണ്ണനെ നമുക്ക് കൂടുതൽ സ്നേഹിക്കാം അതു പോരെ…നാളെ അവന്റെ രാധ അവനെ തേടി വരും” ഇതും പറഞ്ഞ് അവൾ ഉറക്കെ ചിരിച്ചു.

അത് വരെ മനസ്സിൽ എരിഞ്ഞിരുന്ന കനൽ എന്നന്നേക്കുമായി അണഞ്ഞു ഇല്ലാണ്ടായി.

യഥാർത്ഥ സ്നേഹം എന്താണെന്ന് പഠിപ്പിച്ച അവളുടെ ആധരത്തിൽ അവൻ ഒന്ന് ചുംബിച്ചു. ഒപ്പം അവരുടെ ഉണ്ണികൃഷ്ണനെ അവളുടെ ഉദരത്തിലൂടെ മാറോടണച്ചു !!!

രചന – വന്ദന ശ്രീകണ്ഠൻ

“സ്നേഹം… പണമോ പദവിയോ ജാതിയോ മതമോ സൗന്ദര്യമോ നോക്കി തോന്നുന്ന ഒരു വികാരമല്ല… മനസ്സ് കണ്ടു തുടങ്ങുമ്പോൾ മാത്രമേ യഥാർത്ഥ സ്നേഹം ഉടലെടുക്കു”

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *