നൃത്തം ജീവിതമായി കാണുന്ന ഒരു പെൺകുട്ടിയാണ് ശ്രീഷ്മ. എന്നാൽ ഇപ്പോൾ തന്റെ ജീവിതമായ നൃത്തത്തിനേക്കാൾ അവൾ കരുതൽ നൽകുന്നത് സഹജീവികളോടുള്ള സഹാനുഭൂതിയ്ക്കാണ്. ക്യാൻസർ രോഗബാധിതരായി മുടി നഷ്ടപ്പെട്ട ആളുകൾക്ക് തന്റെ മുടി മുറിച്ചു ദാനം നൽകിയിരിക്കുകയാണ് തൃശൂർ പാലയ്ക്കൽ സ്വദേശിയായ ശ്രീഷ്മ ലത സത്യൻ.
തന്റെ മുടിയുടെ ഒരു ഭാഗം മുറിച്ചു നൽകുന്നതിനൊപ്പം രോഗബാധിതരായവർക്ക് മാനസിക പിന്തുണ നൽകുന്നതിനായി തന്റെ തല പൂർണമായും മുണ്ഡനം ചെയ്തിരിക്കുകയാണ് ശ്രീഷ്മ. നൃത്തം എന്ന തന്റെ ജീവിതാഭിലാഷത്തിന് താത്കാലികമായ ഇടവേള നൽകിയിരിക്കുകയാണ് ശ്രീഷ്മ ഇപ്പോൾ. ഹൈദരാബാദ് സർവകലാശാലയിലെ എം.എ. ഭരതനാട്യം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ശ്രീഷ്മ.
തന്റെ സുഹൃത്തിന്റെ അമ്മയ്ക്ക് ക്യാൻസർ രോഗം സ്ഥിരീകരിച്ചതിനുശേഷമാണ് ശ്രീഷ്മ ക്യാൻസർ രോഗികളുടെ മാനസിക ബുദ്ധിമുട്ടിനെ കുറിച്ച് കൂടുതൽ അറിയുന്നത്. തന്റെ സുഹൃത്തുക്കൾ വഴിയാണ് കേരള ഹെയർ ബാങ്ക് എന്ന സംഘടനയെക്കുറിച്ച് അറിയുന്നത്. ഇതിലൂടെ ക്യാൻസർ രോഗബാധിതരായ മുടി നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങായി നിൽക്കുവാൻ ശ്രീഷ്മ തീരുമാനിക്കുകയായിരുന്നു.
താൻ ദാനം ചെയ്യുന്ന മുടികൊണ്ട് കേവലം രണ്ടു പേർക്ക് മാത്രമേ വിഗ്ഗ് നിർമ്മിച്ചു നൽകുവാനാകുള്ളു എന്ന് മനസ്സിലാക്കിയ ശ്രീഷ്മ തന്റെ തല പൂർണമായും മുണ്ഡനം ചെയ്തു കൊണ്ട് ക്യാൻസർ രോഗബാധിതരായവർക്ക് ഒരു മാനസിക പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.
മുടിയില്ലാതെ ജീവിക്കുന്നത് ഒരു മാനസിക ബുദ്ധിമുട്ടായി കാണേണ്ടെന്നും തല മുണ്ഡനം ചെയ്തു കൊണ്ടും ഒരു പെൺകുട്ടിക്ക് ബോൾഡായി ജീവിക്കാമെന്നും തെളിയിക്കുകയാണ് ശ്രീഷ്മ. ആദ്യം എതിർത്തെങ്കിലും ശ്രീഷ്മ യുടെ ഈ തീരുമാനത്തോട് പൂർണമായി യോജിക്കുകയാണ് ഇപ്പോൾ സുഹൃത്തുക്കളും വീട്ടുകാരും.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിരുചി നൃത്തമാണ് എന്നും താത്കാലിക വിരാമം ഇട്ടെങ്കിലും ഉടൻ തന്നെ നൃത്തവുമായി സജീവമാകുമെന്നും ശ്രീഷ്മ പറയുന്നു.