ഞാൻ പ്രകാശൻ എന്ന ചിത്രം കണ്ട എല്ലാവരും ഇൻറർനെറ്റിൽ സേർച്ച് ചെയ്യുകയോ മറ്റുള്ളവരോട് അന്വേഷിക്കുകയോ ചെയ്ത ഒന്നാണ് ചിത്രത്തിലെ ടീന എന്ന കഥാപാത്രം ചെയ്ത പെൺകുട്ടിയെ കുറിച്ച്. കേരളമെങ്ങും ചിത്രം മികച്ച പ്രതികരണം നേടി ഒരു ഹിറ്റ് സ്റ്റാറ്റസ് നേടിയിരിക്കുകയാണ്. ഫഹദിനെ പോലെ ഒരു ഗംഭീര നടന്റെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിൽ ടീന എന്ന വേഷം ചെയ്ത ദേവിക സഞ്ജയുടെത്. സിനിമ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നതുമിതാണ്.
രണ്ടാം പകുതിയിൽ മാത്രം എത്തുന്ന കഥാപാത്രമാണെങ്കിൽ പോലും ദേവികയുടെ പ്രകടനം ചിത്രത്തിന്റെ അണി കല്ല് തന്നെയാണ്. ദേവിക ഒരു തനി നാട്ടിന്പുറത്തുകാരിയാണ്. ജന്മ നാട് കൊയ്ലാണ്ടിക്ക് അടുത്ത വൈദ്യരങ്ങാടി എന്ന കൊച്ചു ഗ്രാമമാണ്.
അച്ഛൻ സഞ്ജയ് ഒരു സോഫ്റ്റ് വെയർ എഞ്ചിനിയറും ‘അമ്മ ‘അമ്മ ദേവിക കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമാണ്. കോഴിക്കോട് കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ദേവിക. നസ്റിയയെയും ഫഹദിനെയും കാണണം എന്നു മോഹിച്ചു നടന്ന ദേവിക ഫഹദിനോടൊപ്പം അഭിനയിച്ചു….
വൈദ്യരങ്ങാടി എന്ന ഗ്രാമം ഇന്ന് സന്തോഷത്തിലാണ്. തങ്ങളുടെ ദേവിക സിനിമ താരമായതിന്റെ സന്തോഷം കവലകളിൽ ഫ്ളക്സ് ആയും ബാനർ ആയും എല്ലാം വൈദ്യരങ്ങാടിക്കാർ പ്രകടിപ്പിക്കുന്നുണ്ട്. പഠനം മാറ്റി വച്ച് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ സഹായിച്ച സുഹൃത്തുക്കളോട് ദേവിക നന്ദി അറിയിക്കുന്നു ” തിയേറ്ററിൽ കൂട്ടുകാർക്ക് ഒപ്പമാണ് സിനിമ കാണാൻ പോയത്,
നല്ല എക്സ്പീറിയൻസ് ആയിരുന്നു. പലരും തിയേറ്ററിൽ കൈയടിക്കുകയും ആർപ്പ് വിളിക്കുകയും ഒക്കെ ചെയ്തു. കുട്ടുകാർ ഒത്തിരി സഹായിച്ചു, നോട്ടുകൾ തരാനും ഷൂട്ടിനിടെ വിളിച്ചു ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ പറഞ്ഞു തരാനും അവർ ശ്രമിച്ചു”.
ഫഹദ് ഫാസിലിനെ പറ്റി പറയാനും ദേവികക്ക് നൂറു നാവ് ” ഷാനുക്ക, ഫഹദ് ഫാസിൽ വളരെയധികം സപ്പോർട്ടീവ് ആണ്, ശെരിയാക്കാൻ വേണ്ടി എത്ര ടേക്ക് പോയാലും ക്ഷമയോടെ കാത്തിരിക്കും. എത്ര ഞാൻ തെറ്റിച്ചാലും ഒന്നും പറയാതെ നല്ല പ്രകടനത്തിന് വേണ്ടി കാത്തിരിക്കും. നന്നായി ചെയ്താൽ നന്നായിട്ടുണ്ട് എന്ന് പറയാറുണ്ട്, എപ്പോഴും ഒന്നും പറയില്ല.
എന്നാലും അത് കേൾക്കാൻ ഞാൻ നന്നായി ചെയ്യും ” പ്രകാശനു ശേഷം കമലിന്റെ ചിത്രം നിതിൻ രഞ്ജി പണിക്കരുടെ ചിത്രം എന്നി സിനിമകളിൽ അഭിനയിക്കാൻ അവസരം വന്നെങ്കിലും പത്താം ക്ലാസ് കഴിഞ്ഞേ ഇനി അഭിനയ രംഗത്തേക്ക് ഉള്ളു എന്ന് പറഞ്ഞു അതെല്ലാം ഒഴിവാക്കി പരീക്ഷക്ക് റെഡി ആകുകയാണ് ദേവിക