പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ ഒന്നര വയസുകാരനെ നിലത്തടിച്ച ശേഷം പിതാവ് വിഷം കഴിച്ച സംഭവം മാധ്യമങ്ങള്‍ ഒന്നടംങ്കം ഏറ്റെടുത്ത വാര്‍ത്തയായിരുന്നു. സംഭവത്തില്‍ കേരളീയര്‍ വ്യാകുലപ്പെടുകയും മുറപോലെ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച പിഞ്ചുകുഞ്ഞിന്റെ അവസ്ഥ പിന്നീട് ആരും അറിഞ്ഞിട്ടില്ല. മാധ്യമങ്ങളിലും അത് ഇപ്പോള്‍ ചൂടാറിയ വാര്‍ത്തയായി കഴിഞ്ഞു.
എന്നാല്‍ അറിഞ്ഞോളു ആയുസ്സിന്റെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ആ കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു. ആ മാലാഖമാരുടെ കൈകളില്‍ അവന്റെ ജീവന്‍ സുരക്ഷിതമായിരുന്നു.
ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവന് ലഭിച്ച സാന്ത്വന സ്പര്‍ശം നഷ്ടപ്പെടാതെ ഇരിക്കാനാവും നഴ്‌സ് രഹന ക്യഷ്ണന്റെ കോളറില്‍ കുട്ടി മുറുക്കി പിടിച്ചിരിക്കുന്നു. ഈ കുട്ടിയെ സ്വന്തം മാറിനോട് അടുപ്പിച്ച് പിടിച്ച് ഒരു രാത്രി സംരക്ഷിച്ച രഹന നഴ്‌സ് സമൂഹത്തിന്റെ അഭിമാനം ആണ്.
പെറ്റമ്മയെ പോലെ ചേര്‍ത്തു വച്ച് ഇവിടുത്തെ നഴ്‌സ്മാര്‍ അവനെ ജീവിതത്തിലേക്ക് തിരികെ പിച്ചവയ്പ്പിക്കുകയാണ്. ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സുനില്‍ എന്ന കുഞ്ഞിനെ ചേര്‍ത്തു പിടിച്ച രഹന കൃഷ്ണന്‍ എന്ന നഴ്‌സിനെ സോഷ്യല്‍മീഡിയ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയാണ്.
ഭാര്യയുമായുള്ള വഴക്കിനിടെയാണ് ആദിവാസി യുവാവായ വിനോദ് പിഞ്ചുകുഞ്ഞിനെ പിടിച്ചു വാങ്ങി റോഡില്‍ എറിഞ്ഞത്. സംഭവം കണ്ട് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിലെ ഡ്രൈവര്‍ ആണ് കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഏല്‍പ്പിച്ചത്. ഇന്ന് ആ കുഞ്ഞു ജീവന്‍ മാലാഖമാരുടെ കൈകളില്‍ സുരക്ഷിതമാണ്.