മാമാങ്കം എന്ന ചിത്രത്തിൽ നിന്ന് ധ്രുവൻ എന്ന യുവനടൻ പുറത്തായ വാർത്ത ഏറെ ഞെട്ടലോടെ ആണ് പ്രേക്ഷക സമൂഹം കേട്ടത്. ഒരു സിനിമക്ക് വേണ്ടി ഒരു വർഷത്തിലധികം പരിശീലനം നടത്തുകയും ശരീരം പ്രകൃതി അപ്പാടെ മാറ്റുകയും ചെയ്ത ഒരാളെ രണ്ടു ഷെഡ്യൂളുകൾക്ക് ശേഷം നിഷ്കരുണം മാറ്റിയത് എന്തിനെന്നു ആണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
താര സംഘടന പോലും അംഗമല്ലാത്തതിന്റെ പേരിൽ ധ്രുവനെ കൈയൊഴിഞ്ഞു. ഒരു യുവാവിന്റെ കഷ്ടപ്പാടിന് അവന്റെ സ്വപ്നങ്ങൾക്ക് യാതൊരു വിലയും നൽകാതെയുള്ള ഈ പ്രവർത്തി അത്യന്തം നീതി നിഷേധിക്കുന്ന ഒന്നാണെന്നും സോഷ്യൽ മീഡിയ ലോകം പറയുന്നു..
എന്നാൽ സംവിധായകൻ സജീവ് പിള്ള ഈ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറയുന്നു. തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ധ്രുവനെ ചിത്രത്തിൽ നിന്ന് മാറ്റിയതെന്ന് അദ്ദേഹം നേരത്തെ തന്നെ പറയുക ഉണ്ടായിരുന്നു. അണിയറയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും എന്ന് കരുതി മാമാങ്കത്തിൽ നിന്ന് മാറാൻ തനിക്ക് ആകില്ലെന്നും പതിനെട്ടു വർഷങ്ങൾ കൊണ്ട് താൻ സൃഷ്ട്ടിച്ച പ്രോജക്ട് ആണ് അതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ധ്രുവൻ ഈ സിനിമക്ക് വേണ്ടി വളരെയധികം അധ്വാനിച്ചിട്ടുണ്ടെന്നും പല സിനിമകളും ഒഴിവാക്കി ആണ് മാമാങ്കത്തിൽ അഭിനയിച്ചതെന്നും സജീവ് പിള്ള പറയുന്നു. സജീവ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ…
“ഞാന്‍ അത് സംബന്ധിച്ച് മറ്റെന്തെങ്കിലും കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. എനിക്കാകെ പറയാന്‍ കഴിയുന്നത് ധ്രുവന് വളരെ ഗംഭീരമായി അഭിനയിച്ചിരുന്നു എന്നതാണ്. അസാധാരണമായ രീതിയിലുള്ള ഡെഡിക്കേഷനുണ്ടായിരുന്നു അവന്. ‘ക്വീന്‍’ ഹിറ്റായതിന് ശേഷമാണ് ധ്രുവന് ‘മാമാങ്ക’ത്തിലേക്ക് വരുന്നത്. ആ സമയത്ത് ഒരുപാട് പ്രോജക്ടുകള്‍ അവന് ഈ സിനിമയ്ക്കുവേണ്ടി വിട്ടിട്ടുണ്ട്. അതെനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്.
ഈ സിനിമയോട് അത്രമേല്‍ ഇഷ്ടം തോന്നിയതുകൊണ്ട് അവന് സാമ്പത്തികമായ നഷ്ടങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ ഈ സിനിമയ്ക്കൊപ്പം നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ രാത്രി 12 വരെ അതിനുവേണ്ടിയുള്ള വ്യായാമങ്ങളും കളരിയുമൊക്കെയായി മുഴുവന്‍ സമയവും നല്‍കുകയായിരുന്നു അവന്. മുഴുവന്‍ സ്ക്രിപ്റ്റും അവന് അറിയാമായിരുന്നു.
എല്ലാ സംഭാഷണങ്ങളും അവയുടെ എല്ലാത്തരം സൂക്ഷ്മതയോടെയും അറിയാമായിരുന്നു. ഒരു കാര്യം രണ്ടാമത് അവനോട് പറഞ്ഞ് മനസിലാക്കേണ്ട പ്രശ്നം പോലും വന്നിട്ടില്ല. കാരണം അതൊക്കെ അവന്റെ ഉള്ളില്‍ നിന്ന് വരുകയായിരുന്നു. അത്രയും ഫോക്കസ്ഡ് ആയിട്ടാണ് ധ്രുവന് ഈ പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.
രണ്ടാമത്തെ ഷെഡ്യൂളില്‍ പ്രധാനമായും ഉണ്ടായിരുന്നത് അവനും മമ്മൂക്കയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. 25 ദിവസത്തോളം അവന് അഭിനയിച്ചിട്ടുണ്ട്. ഗംഭീര പെര്‍ഫോമന്‍സ് ആയിരുന്നു. അത് മമ്മൂക്കയ്ക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തെ ടേക്കിനൊക്കെ പോകുമ്പോള്‍ മമ്മൂക്ക ചോദിക്കുമായിരുന്നു, എന്തിനാണെന്ന്. കാരണം അത്രയും നന്നായി ധ്രുവന് പെര്‍ഫോം ചെയ്തിരുന്നു. മമ്മൂക്ക വളരെ ഹാപ്പിയായിരുന്നു. തുടക്കത്തില്‍ അവന്റെ ശരീരമാണ് ഒരു പ്രശ്നമായിരുന്നത്. പക്ഷേ അത്രയും അര്‍പ്പണത്തോടെ നമ്മള് വിചാരിക്കാത്ത തരത്തില്‍ അവന് ശരീരത്തെ രൂപാന്തരപ്പെടുത്തി.
ധ്രുവന് ശെരിക്കൊരു നിലപാട് എടുക്കാനോ പ്രതികരിക്കാനോ പോലും പറ്റാത്ത അവസ്ഥയാണ് എന്ന് സജീവ് പിള്ള പറയുന്നു. അങ്ങനെ ചെയ്താൽ ധ്രുവനൊരു ഭാവി പോലും ഉണ്ടാകില്ലെന്നും സംവിധായകൻ പറയുന്നു. ” നെറിയും ധാര്‍മ്മികതയുമൊക്കെ നമ്മുടെ ഇന്റസ്ട്രിയില്‍ ഉണ്ടെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം അവന് തിരിച്ചൊന്നും പറയാന്‍ പറ്റില്ല. ധ്രുവന്റെ കാര്യത്തില്‍ മമ്മൂക്കയിലാണ് നമ്മുടെ പ്രതീക്ഷ.”