പ്രചാരണത്തിലൂടെ സിനിമകള്‍ക്ക് അമിതമായ ഹൈപ്പ് നല്‍കുന്നത് ചിത്രത്തിന് തന്നെ ബാധ്യതയാകുമെന്ന് സംവിധായകന് സത്യന് അന്തിക്കാട്. മോഹന്‍ ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ഒടിയന് മേല്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കവേയാണ് സത്യന് അന്തിക്കാട് തന്റെ അഭിപ്രായം പറഞ്ഞത്.
ഒടിയന് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഹൈപ്പ് കിട്ടിയ ചിത്രമാണ്. അവര്‍ ചിത്രത്തിന് നല്കിയ പ്രചാരണവും വൈഡ് റിലീസുമെല്ലാം സിനിമയുടെ തുടക്കത്തില്‍ നല്ല പ്രതികരണം ലഭിക്കുന്നതിന് കാരണമായി. പക്ഷേ അതിനു ശേഷം ചിത്രത്തിനെതിരെയുള്ള കാമ്പയിനുകളില്‍ അവര്‍ പ്രതികരിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് തോന്നുന്നുവെന്നും അത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തീറ്റ നല്കുന്ന തരത്തിലായി പ്രതികരണങ്ങളെന്നും സത്യന് അന്തിക്കാട് പറഞ്ഞു
ഞാന്‍ പ്രകാശനെപ്പറ്റി ഞങ്ങള്‍ വലിയ വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ല. അത് ഒരു ലോക നിലവാരത്തിലുളള ചിത്രമാണെന്നോ ഫഹദിന് ഓസ്കാര്‍ ലഭിക്കുമെന്നോ പറഞ്ഞിരുന്നെങ്കില്‍ ആളുകള്‍ ചിരിച്ചേനെ. നമ്മളുടെ വാദങ്ങളില്‍ നാം ശ്രദ്ധ പുലര്‍ത്തണം. മാര്‍ക്കറ്റിങ്ങിനും ഒരു പരിധി നിശ്ചയിക്കണം.
സമൂഹമാധ്യമങ്ങള്‍ തന്നെ ബാധിക്കാറില്ല. താന്‍ എപ്പോഴും തനിക്കിഷ്ടമുള്ള ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെട്ടാല്‍ ചിലപ്പോള്‍ ചിത്രമുണ്ടാക്കാന്‍ തന്നെ കഴിയാതെ വരും. താന്‍ വ്യാകുലപ്പെടുന്നത് എപ്പോഴും ഓണ്‍ലൈന്‍ പൈറസിയെക്കുറിച്ചാണെന്നും ഫേസ്ബുക്കിനും ട്വിറ്ററിനും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സിനിമയും അതിന്റെ ബോക്സ് ഓഫീസ് വിജയവും തമ്മില്‍ ബന്ധമില്ല. സിനിമകള്‍ ജീവിതത്തോട് ചേര്‍ന്നു നില്ക്കുമ്പോള് അവ എന്നും ഓര്‍ത്തു വെയ്ക്കപ്പെടും. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും സുഡാനി ഫ്രം നൈജീരിയയുമെല്ലാം അത്തരം ചിത്രങ്ങളാണെന്നും സത്യന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.