ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ നടത്തിയ ഹർത്താലിന് കടയടപ്പിക്കാൻ പോയ ബിജെപി പ്രവർത്തകൻ്റെ കട അടിച്ചു തകർത്തു. ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനു സമീപമാണ് സംഭവം. ബിജെപി പ്രവർത്തകനായ ആർഎൻ ബിജുവിൻ്റെ കടയാണ് തകർത്തത്.
ഹർത്താലുമായി ബന്ധപ്പെട്ട് കടകൾ അടപ്പിക്കാൻ പോയ സംഘത്തിൽ ബിജുവും ഉൾപ്പെട്ടിരുന്നു. ഈ സംഘം തങ്ങളെ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ വെളിപ്പെടുത്തി. ഇതിനു ശേഷമാണ് ബിജുവിൻ്റെ ബജിക്കട കട അടിച്ചു തകർത്തത്. ബിജുവും അമ്മ വനജയും കൂടി നടത്തി വന്നിരുന്ന കടയായിരുന്നു അത്. ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു ആക്രമണം.
ഗ്യാസടുപ്പും അലമാരയും പാത്രങ്ങളും കസേരകളുമടക്കം ഏതാണ്ട് 25000ഓളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ യുവാക്കളുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിൽ പരാതി നൽകിയ ബിജു നീതിക്കായി കാക്കുകയാണ്.