Breaking News
Home / Lifestyle / മരണവേദനയ്ക്കിടയില്‍ നിറകണ്ണുകളോടെ അവള്‍ നെല്‍സണോട് ചോദിച്ചു ‘എന്നെ ഇനി വിവാഹം കഴിക്കുമോ

മരണവേദനയ്ക്കിടയില്‍ നിറകണ്ണുകളോടെ അവള്‍ നെല്‍സണോട് ചോദിച്ചു ‘എന്നെ ഇനി വിവാഹം കഴിക്കുമോ

ആശുപത്രിക്കിടക്കയില്‍ ബോധത്തിനും അബോധത്തിനും ഇടയിലായിരുന്നു ജൂലിയറ്റ്. തുടയെല്ല് തകര്‍ന്നിട്ടുണ്ട്. വാരിയെല്ലുകള്‍ രണ്ടെണ്ണം ഒടിഞ്ഞു. ഇടതു കൈമുട്ടും തകര്‍ന്നു. മുഖം ആകെ വികൃതമാക്കി 97 തുന്നലുകള്‍. കാഴ്ചയ്ക്കും തകരാര്‍ സംഭവിച്ചു. അസ്ഥി നുറുങ്ങുന്ന വേദനക്കിടെ കണ്ണുകള്‍ തുറന്ന് അവള്‍ നെല്‍സണിനോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ.

തന്നെ ഇനി വിവാഹം കഴിക്കുമോ എന്ന്. തീര്‍ച്ചയായും എന്ന് നെല്‍സണ്‍ മറുപടി പറഞ്ഞു. അവള്‍ വീണ്ടും മയക്കത്തിലേക്കു വീണു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞ് മുറിയിലേക്കു മാറ്റിയപ്പോള്‍ അവള്‍ പൂര്‍ണ ബോധത്തോടെ നെല്‍സണിനോടു വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. നീ ഇപ്പോഴും സുന്ദരിയാണ് എന്ന മറുപടിക്കൊപ്പം നെല്‍സണ്‍ അവളുടെ കരം ഗ്രഹിച്ചു. നെല്‍സണിന്റെ മറുപടിയാണ് തന്നെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്നതെന്നു അജ്മാന്‍ ലാവന്‍ഡര്‍ ടവറിലെ ഫ്‌ലാറ്റിലിരുന്ന് ജൂലിയറ്റ് പറയുന്നു.

അച്ഛനും അദ്ദേഹത്തിന്റെ സഹോദരനുമടക്കം നാലുപേര്‍ മരിച്ച അപകടത്തില്‍ നിന്നാണ് ജൂലിയറ്റ് ജീവിത്തിലേക്കു തിരികെ നടന്നത്. 30 ശതമാനം വൈകല്യം ബാധിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ജീവിതം ശരിയാക്കാനുള്ള മനസ്സുറപ്പിന് നെല്‍സണിന്റെ ആ മറുപടി ഊര്‍ജമായി. മുഖം നേരേയാക്കാന്‍ പിന്നീട് ഏഴു ശസ്ത്രക്രീയകള്‍ വേണ്ടിവന്നു.

തുടയസ്ഥിക്കു പകരമിട്ട കമ്പി ഇപ്പോഴും ഉണ്ട്. പക്ഷേ ജീവിതയാത്ര സുഗമമായി മുന്നോട്ടു പോകുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കരംഗ്രഹിച്ചുള്ള ഇരുവരുടെയും യാത്ര പതിന്നാലു വര്‍ഷം പിന്നിട്ടിരിക്കുന്നു. മാന്‍സയന്‍സ് പ്രഫഷണല്‍ സര്‍വീസിലെ ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ് ജൂലിയറ്റ്. നെല്‍സണ്‍ സ്വന്തമായി ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി നടത്തുന്നു. രണ്ടുമക്കള്‍. ആന്റണി(11), ആന്‍ മരിയ(5).

തൃശൂര്‍ സ്വദേശികളാണ് ജൂലിയറ്റും നെല്‍സണും. ജൂലിയറ്റിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ഷാര്‍ജയിലായിരുന്നു. 2003 ജൂലായ് മൂന്നിനാണ് വിവാഹത്തിന് വാക്കുറപ്പിക്കാന്‍ നെല്‍സണിന്റെ മാതാപിതാക്കളും ബന്ധുക്കളും ജൂലിയറ്റിന്റെ വീട്ടില്‍ ചെന്നത്. അന്ന് രാത്രി ഏഴരയോടെയാണ് ഏവരെയും ഞെട്ടിച്ച് ആ കാറപകടം നടന്നതും.

ബന്ധുക്കളെ വിളിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുമ്പോള്‍ ഷാര്‍ജ അല്‍കാന്‍ പാലത്തില്‍ വച്ചായിരുന്നു അത്. ജൂലിയറ്റിന്റെ പിതാവും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ അപകടത്തില്‍ മരിച്ചു. അമ്മ ലില്ലി, സഹോദരന്‍ ലിജോ എന്നിവര്‍ക്ക് ഗുരുതര പരുക്കുമേറ്റു. കുറേ നാള്‍ വീല്‍ചെയറിലായിരുന്നു ജൂലിയറ്റിന്റെ ജീവിതം.

ആറുമാസം ഫിസിയോ തെറാപ്പിയും വേണ്ടിവന്നു. അപ്പോഴെല്ലാം നെല്‍സണിന്റെ വാക്കുകള്‍ അവള്‍ക്കു കരുത്തായി. അപകടത്തിനു ശേഷം കൃത്യം ഒരു വര്‍ഷം കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങു നടത്തിയത്. 2004 ജൂലൈ മൂന്നിന് പിതാവിന്റെയും സഹോദരന്റെ ഓര്‍മച്ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു അത്. ഒരാഴ്ചയ്ക്കു ശേഷം പതിനൊന്നിനു വിവാഹവും. അപകടം നടക്കുമ്പോള്‍ എംബിഎ പഠനത്തിനൊപ്പം എടിഎന്‍ കമ്പനിയില്‍ ജോലിയും ചെയ്യുകയായിരുന്നു ജൂലിയറ്റ്.

അപകട ശേഷം ഓര്‍മക്കുറവും മറ്റും സംഭവിച്ചെങ്കിലും ജൂലിയറ്റ് വാശിയോടെ പഠനം തുടര്‍ന്നു. അഞ്ചുവര്‍ഷം കൊണ്ടാണെങ്കിലും പഠനം പൂര്‍ത്തിയാക്കി. ദുബായില്‍ നിന്ന് ഷാര്‍ജയിലെ ശാഖയിലേക്ക് ജൂലിയറ്റിന് മാറ്റം നല്‍കി ആദ്യ കമ്പനിക്കാരും സഹായിച്ചു. പിന്നീട് 2006 ലാണ് പുതിയ കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചത്. 2014 ഏപ്രില്‍ ഒന്നിന് മകളുടെ ജന്മദിന ദിവസമാണ് ഇപ്പോഴത്തെ ജോലി ലഭിച്ചതെന്ന് ആഹ്ലാദത്തോടെ ജൂലിയറ്റ് പറയുന്നു.

മുന്‍പ് ഒരു പാടു പോലുമില്ലായിരുന്നു തന്റെ മുഖത്തെന്ന് അപകടത്തിന്റെ വടുക്കളില്‍ തലോടി ജൂലിയറ്റ് ഓര്‍ത്തു. അതിനല്ലേ സ്‌നേഹത്തിന്റെ ഈ ഔഷധമെന്ന മട്ടില്‍ നെല്‍സണ്‍ അപ്പോഴും അവളുടെ കരം ചേര്‍ത്തു പിടിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.