Breaking News
Home / Lifestyle / കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢന കേസ്; കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം

കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢന കേസ്; കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം

ഒരു പക്ഷെ കേരളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പീഢനമായിരിക്കുമിത്. അതിനുമുന്‍പോ പിന്‍പോ ഇത്രയുമധികം പീഢകരുള്‍പ്പെട്ട കേസുകള്‍ ഉണ്ടായിട്ടില്ല.സമകാലിക കേരളത്തിലെ സംഭവവികാസങ്ങള്‍ അറിയുന്നവര്‍ ഈ പേര് മറക്കാന്‍ പാടില്ല. കുറിയേടത്ത് സാവിത്രി അഥവാ “കുറിയേടത്ത് താത്രി”. കണക്കുകള്‍ പ്രകാരം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം നടന്നിട്ട് 100 വര്‍ഷം കഴിഞ്ഞു. ബാലികയായിരിക്കെ, നമ്പൂതിരി (പിന്നീട് ഭര്‍ത്താവിന്റെ ജ്യേഷ്ഠനായിത്തീര്‍ന്ന) ബലാത്സംഗം ചെയ്തതിനും മറ്റു പലഭാഗത്തു നിന്നും ഉണ്ടായ ലൈംഗിക പീഡനത്തിനും പകരം വീട്ടിയാണ് താത്രി പലരുടെയും പേരുകള്‍ വിളിച്ചു പറഞ്ഞതെന്നും പറയപ്പെടുന്നു.

കുറിയേടത്ത് താത്രിയുടെ “അടുക്കളദോഷത്തെ” കുറിച്ച് അയല്‍വായിയായ നമ്പൂതിരി പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്. കേരളത്തില്‍ നടന്ന സ്മാര്‍ത്ത വിചാരങ്ങളില്‍ ഏറ്റവും വിവാദമായതായിരുന്നു കുറിയേടത്ത് താത്രിയുടേത്. മുൻപ്‌ നടന്നതിൽനിന്നും വ്യത്യസ്ഥമായി, കുറ്റാരോപിതരുടെ പേരുകള്‍ പറയിക്കാൻ യാതൊരുവിധ പീഡനങ്ങളും താത്രിയുടെ സ്മാർത്തവിചാരത്തിൽ ഉണ്ടായിട്ടില്ലന്നും പറയപ്പെടുന്നു. ഒരവസരത്തിലും പറഞ്ഞ കാര്യങ്ങള്‍ താത്രി മാറ്റിപ്പറഞ്ഞിരുന്നില്ല. ഓത്തുള്ള നമ്പൂതിരിമാര്‍ 28, ഓത്തില്ലാത്തവര്‍ 2, പട്ടന്മാര്‍ 10, പിഷാരോടി 1, വാരിയര്‍ 4, പുതുവാള്‍ 2, നമ്പീശന്‍ 4, മാരാര്‍ 2, നായര്‍ 12 എന്നിങ്ങനെയാണ് ഭ്രഷ്ടായവരുടെ ജാതി തിരിച്ചുള്ള കണക്കുകള്‍.

സ്വന്തം അച്ഛനും സഹോദരനും ഭര്‍ത്താവും ഉള്‍പ്പെടെ 65 പേര്‍ താത്രിയോടൊപ്പം ഭ്രഷ്ടാക്കപ്പെട്ടു. താന്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ശരീരത്തിലെ അടയാളങ്ങളും, ബന്ധപ്പെട്ട സമയവും, സ്ഥലവുമെല്ലാം കൃത്യമായ് തന്നെ താത്രി സ്മാര്‍ത്തനോടു പറഞ്ഞിരുന്നു. സ്മാര്‍ത്തനും രാജാവ് പോലും കുറ്റാരോപിതരായിരുന്നു എന്ന് മനസിലാക്കുന്നിടത്താണ് പ്രഭുത്വം കൊടികുത്തി വാണ നീതി വ്യവസ്ഥയേയും, കപട സദാചാരത്തിന്‍റെ അധികാര സമൂഹത്തെയും അറിയേണ്ടത്. ‘ചന്ദ്രോത്സവത്തിന്റെ മറയിൽ വേശ്യാരാധനയും കാമപൂജയും നടത്തിവന്ന സവർണ്ണസമൂഹം…’ ഇങ്ങനെ പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന നമ്പൂതിരി സമുദായത്തിലെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാട്ടിയ ഏക അന്തര്‍ജനമാണ് കുന്നംകുളം കേച്ചേരിക്കടുത്ത് കല്പകശേരി ഇല്ലത്തെ കുറിയേടത്ത് താത്രി എന്ന താത്രിക്കുട്ടി.

തന്നെ വിധിക്കാനെത്തിയ നിയമ ശൃംഖലയ്ക്കുള്ളിൽ കടന്ന് അതിന്റെ തന്നെ അധികാരികൾക്കെതിരെപ്പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞ പെണ്ണിതിഹാസം..കാലത്തിന്റെ തിരക്കഥയിലിനിയും മങ്ങലേൽക്കാത്ത സ്ത്രീ കഥാപത്രം.സ്മാർത്തവിചാരത്തിനുശേഷം നാടുകടത്തപ്പെട്ട താത്രിക്ക് പിന്നെന്തു സംഭവിച്ചു ? മതം മാറി താത്രി ഒരു ആംഗ്ലോ ഇൻഡ്യനെ വിവാഹം കഴിച്ചുവെന്നും പലരാൽ പീഡിപ്പിക്കപ്പെട്ടിട്ടും മാതൃത്വ ഭാഗ്യം ലഭിക്കാതെ പോയ താത്രി അതിനുശേഷം രണ്ടുകുട്ടികൾക്ക് ജന്മം നൽകിയെന്നും അതിലൊരാൾ പിൽക്കാലത്ത് പ്രശസ്തയായ ഒരു നടിയുടെ അമ്മയാണെന്നുമൊക്കെ കിംവദന്തികൾ നിലവിലുണ്ട്.

ഇവയിലേതാണ് സത്യം ഏതാണ് അസത്യം എന്നു പറയാൻ താത്രി ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു. എല്ലാത്തിനും മൂകസാക്ഷിയായി ആറങ്ങോട്ട് കരയിലെ കാർത്ത്യായിനീക്ഷേത്രം ഇന്നും നിലനിൽക്കുന്നുണ്ട്. കടപ്പാട് – നൗഷാദ് ഷെഹിന്‍.

About Intensive Promo

Leave a Reply

Your email address will not be published.