പന്തിനോടു പ്രധാനമന്ത്രിയുടെ ചോദ്യം
സിഡ്നി: കരിയറിലെ കന്നി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതിനകം ക്യാച്ചിങില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നി. എന്നാല്‍ റെക്കോര്‍ഡിനേക്കാള്‍ പന്തിനെ താരമാക്കിയത് വിക്കറ്റിനു പിന്നിലെ സ്ലെഡ്ജിങായിരുന്നു
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്നിനെയടക്കം പലരെയും സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ച് ഔട്ടാക്കാന്‍ താരം ശ്രമം നടത്തിയിരുന്നു. പെയ്നും പന്തും തമ്മിലായിരുന്നു മുഖ്യപോര്. കഴിഞ്ഞ ദിവസം ഇന്ത്യ, ഓസ്ട്രേലിയ ടീമുകള്‍ ഓസീസ് പ്രധാനമന്ത്രിയായ സ്കോട്ട് മോറിസണിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴും ശ്രദ്ധാകേന്ദ്രം പന്തായിരുന്നു.
വ്യത്യസ്ത ലുക്കില്‍ പന്തും പാണ്ഡ്യയും
ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഒരേ ലുക്കിലായിരുന്നു ഓസീസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. വെള്ള ഷര്‍ട്ടിനു മുകളില്‍ നെഹ്റു കോട്ടും നീല പാന്റ്സുമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ വേഷം.
എന്നാല്‍ ഇവര്‍ക്കിടയില്‍ പന്തും പരമ്പരയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വേറിട്ടുനിന്നു. ഷര്‍ട്ടിനു മുകളില്‍ നെഹ്റു കോട്ടിനു പകരം സ്യൂട്ട്സായിരുന്നു ഇരുവരും ധരിച്ചത്. എന്തു കൊണ്ടാണ് ഇരുവരും മാത്രം വ്യത്യസ്തമായ കോസ്റ്റിയൂം തിരഞ്ഞെടുത്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
പന്തിനോടു പ്രധാനമന്ത്രിയുടെ ചോദ്യം
രണ്ടു ടീമിലെയും കളിക്കാരെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വസതിയില്‍ വച്ചു പരിചയപ്പെടുകയും ചെയ്തു. പന്തിനെ പരിചയപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ചിരിയോടെ ചോദിച്ചത് ഓ അറിയാം, നിങ്ങളല്ലേ സ്ലെഡ്ജ് ചെയ്യാറുള്ളത് എന്നായിരുന്നു. നിങ്ങള്‍ക്കു സ്വാഗതം. മല്‍സരത്തില്‍ നിരന്തരം പൊരുതാന്‍ ശ്രമിക്കുന്നവരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ ചിരിയോടെയാണ് പന്ത് പ്രധാനമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചത്.
വീഡിയോ കാണാം
പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ കാണാം.