Breaking News
Home / Lifestyle / നിങ്ങൾക്ക് ഇന്ദ്രജിത്ത് കൗറിൻ്റെ കഥ അറിയാമോ കഥയെന്നല്ല,പൊള്ളുന്ന ജീവിതം എന്ന് വിശേഷിപ്പിക്കണം.

നിങ്ങൾക്ക് ഇന്ദ്രജിത്ത് കൗറിൻ്റെ കഥ അറിയാമോ കഥയെന്നല്ല,പൊള്ളുന്ന ജീവിതം എന്ന് വിശേഷിപ്പിക്കണം.

നിങ്ങൾക്ക് ഇന്ദ്രജിത്ത് കൗറിൻ്റെ കഥ അറിയാമോ? ധീരയായ ഒരു പെൺകുട്ടിയുടെ അസാധാരണമായ അതിജീവനത്തിൻ്റെ കഥയാണത്.ശരിക്കും കഥയെന്നല്ല,പൊള്ളുന്ന ജീവിതം എന്ന് വിശേഷിപ്പിക്കണം.

പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ളത് ഇന്ദ്രജിത്തിൻ്റെ പഴയ ഫോട്ടോയാണ്.ഇപ്പോൾ അവരുടെ മുഖം ഇങ്ങനെയല്ല.മുഖം മുഴുവൻ തുണികൊണ്ട് പൊതിഞ്ഞ്,കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഇന്ദ്രജിത്ത് ഇപ്പോൾ പുറത്തിറങ്ങുന്നത്.സഹപാഠിയായിരുന്ന മഞ്ജിത്ത് സിംഗ് അവരോട് ചെയ്ത ക്രൂരതയുടെ ഫലം !

ഏഴുവർഷങ്ങൾക്കുമുമ്പ് വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ മഞ്ജിത്ത് ഇന്ദ്രജിത്തിൻ്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു ! ആക്രമണത്തിൽ ഇന്ദ്രയുടെ ദേഹമാസകലം പൊള്ളലേറ്റു.കാഴ്ച്ചശക്തി നഷ്ടമായി.പിന്നീടുള്ള ഒാരോ ദിനങ്ങളും അസഹനീയമായ വേദന തിന്നുകൊണ്ടാണ് ഇന്ദ്ര തള്ളിനീക്കിയത്.

ദരിദ്രകുടുംബത്തിലെ അംഗമായിരുന്ന ഇന്ദ്രയുടെ ഉപജീവനമാർഗ്ഗം ട്യൂഷനായിരുന്നു.കാഴ്ച്ച പോയതോടെ അത് മുടങ്ങി.ജന്മം നൽകിയ അമ്മയൊഴികെ സകലരും അവളെ ഒരു ഭാരമായി കണ്ടു.തൻ്റെ ജീവിതം തകർത്തവനെതിരെയുള്ള നിയമ പോരാട്ടത്തിൽ സ്വന്തം സഹോദരൻ പോലും ഇന്ദ്രയെ പിന്തുണച്ചില്ല.കേസ് നടത്താൻ വക്കീലിനെ സമീപിച്ചപ്പോൾ മഞ്ജിത്തുമായി ഒത്തുതീർപ്പിലെത്താനായിരുന്നു നിർദ്ദേശം !

കോടതി മഞ്ജിത്തിന് പത്തു വർഷത്തെ തടവുശിക്ഷ നൽകി.ഇതിനോടുള്ള ഇന്ദ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു-

”എനിക്കു ലഭിച്ച ശിക്ഷ വെച്ചുനോക്കുമ്പോൾ മഞ്ജിത്തിന് കിട്ടിയത് എത്രയോ നിസ്സാരമാണ് ! പത്തുവർഷം കഴിഞ്ഞാൽ അയാൾക്ക് സ്വതന്ത്രനായി നടക്കാം.ഞാൻ മരണംവരെ നരകിച്ച് ജീവിക്കണം…”

സ്ത്രീകൾക്ക് പലപ്പോഴും മൃഗങ്ങളുടെ പോലും വില കല്പിക്കാത്ത ഇന്ത്യയിൽ ജനിച്ചുപോയതിൽ ഇന്ദ്ര ദുഃഖിച്ചു.സർജറികളും കണ്ണുനീരും ഒഴിഞ്ഞ നേരമില്ലായിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയും !രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.പക്ഷേ പിന്നീട് അവർക്ക് തിരിച്ചറിവുണ്ടായി.തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ വനിതകൾക്കു വേണ്ടി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് ഇന്ദ്രയ്ക്കു മനസ്സിലായി.

കണ്ണുകളിലെ അന്ധകാരത്തെ ഇന്ദ്ര ഇച്ഛാശക്തി കൊണ്ട് മറികടന്നു.പി.ജി പൂർത്തിയാക്കി.കാനറ ബാങ്കിൽ ക്ലർക്കായി ജോലി സമ്പാദിച്ചു.ഇന്ദ്രയുടെ നിയമപോരാട്ടങ്ങൾ മൂലം ആസിഡ് ആക്രമണത്തിന് വിധേയരായ പെൺകുട്ടികൾക്ക് ഇപ്പോൾ സൗജന്യ ചികിത്സ ലഭിക്കുന്നു.

ആസിഡ് ആക്രമണം എല്ലായിടത്തും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന് പറയപ്പെടുന്ന നമ്മുടെ കേരളത്തിൽ പോലും ഇത് പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.സ്ത്രീയെ അടിമയായി കാണുന്ന മനോഭാവം തന്നെയാണ് ഇതിൻ്റെ അടിസ്ഥാനകാരണം.

ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവൾ തൻ്റെ കൂടെ ജീവിച്ചേ തീരൂ എന്ന വാശിയാണ് പല പുരുഷൻമാർക്കും ഉള്ളത്.തൻ്റെ ജീവിതം ആരോടൊപ്പം വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും പലപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നില്ല.അടിമകൾ യജമാനനെ അനുസരിച്ചാൽ മതി എന്ന പിന്തിരിപ്പൻ യുക്തിയാണ് ഇതിനുപുറകിൽ.

ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന ‘തേപ്പ്’ കഥകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.പ്രണയപരാജയത്തിൻ്റെ മുഴുവൻ കുറ്റവും പെണ്ണിൻ്റെ തലയിൽ ഇടുന്നതാണ് കണ്ടുവരുന്നത്.”പെണ്ണുങ്ങളെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് ” എന്ന ഡയലോഗ് എത്രയോ സിനിമകളിൽ കേട്ടിരിക്കുന്നു !

ഒരുപാട് സ്കൂൾ/കോളേജ് പ്രണയങ്ങൾ കണ്ടിട്ടുണ്ട്.സഹപാഠികളായതിനാൽ ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ഏതാണ്ട് ഒരേ പ്രായമായിരിക്കും.നമ്മുടെ നാടിൻ്റെ രീതിയനുസരിച്ച് 23-24 വയസ്സുവരെയൊക്കെയേ ഒരു പെൺകുട്ടിയ്ക്ക് അവിവാഹിതയായി തുടരാനാകൂ.ആൺകുട്ടിയ്ക്ക് ആ പ്രായത്തിൽ മിക്കവാറും ഒരു ജോലി പോലുമുണ്ടാവില്ല.ആ ഘട്ടത്തിൽ പല പ്രണയങ്ങളും തകരും.അതാരുടെയും തെറ്റല്ല.

പക്ഷേ ഈ കാമുകൻമാരിൽ ചിലരൊക്കെ ”അവളെന്നെ തേച്ചിട്ടുപോയി ” എന്ന് പറഞ്ഞുനടക്കും.മറ്റൊരു ജീവിതം നയിക്കുന്ന പഴയ പ്രണയിനിയെ പഴയ ഫോട്ടോസും മറ്റും ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന വിദ്വാൻമാരും കുറവല്ല.ആത്മാർത്ഥതയില്ലാതെ പ്രണയത്തെ സമീപിക്കുന്ന സ്ത്രീകളുണ്ട് എന്നത് സത്യമാണ്.’പ്രണയം പരാജയമെങ്കിൽ കുറ്റക്കാരി പെണ്ണ് തന്നെ’ എന്ന മട്ടിലുള്ള സാമാന്യവത്കരണമാണ് തെറ്റ്.

മുഖത്ത് ആസിഡ് വീണവളും റേപ്പ് ചെയ്യപ്പെട്ടവളും അഞ്ജാതവാസം നയിക്കേണ്ട സ്ഥിതിയാണ് ഇവിടുള്ളത്.സഹതാപവും പരിഹാസവും അവജ്ഞയുമൊക്കെ അവർ ദിവസേന നേരിടേണ്ടിവരും.അതും തൻ്റേതല്ലാത്ത കുറ്റത്തിന് ! ഇത്രയേറെ പരമിതികളുള്ള ഇന്ദ്ര ഇനിയുള്ള കാലം വീട്ടിൽ ഇരുന്നാൽ മതി എന്ന് എത്ര പേർ പറഞ്ഞിട്ടുണ്ടാവും !

പക്ഷേ തളർത്താൻ ശ്രമിച്ചവരുടെ മുമ്പിൽ ഇന്ദ്ര വീറോടെ പൊരുതി.തൻ്റെ സ്വപ്നങ്ങളെ പിന്തുടർന്നു.അടിമത്തം ആസ്വദിക്കുന്ന സ്ത്രീകളും അതിനെ പ്രോത്സാഹിപ്പിക്കുന്ന പുരുഷൻമാരും കണ്ടുപഠിക്കട്ടെ.

ആത്മാഭിമാനമുള്ള ഒരു പെണ്ണിനെയും കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കാനാവില്ല.അവർ ഇന്നല്ലെങ്കിൽ നാളെ ഉയിർത്തെഴുന്നേൽക്കും…

Written by-Sandeep Das

About Intensive Promo

Leave a Reply

Your email address will not be published.