വിദ്യഭ്യാസ യോഗ്യതയും തൊഴിലും കാരണം വിവാഹം ശരിയാകുന്നില്ലെന്നും താൽപര്യമുള്ളവർ അറിയിക്കണമെന്നും അഭ്യർഥിച്ചും യുവാവ് ലൈവിൽ. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു തന്റെ എല്ലാ മാർഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്.
തന്റെ വിവാഹക്കാര്യം സംസാരിക്കാൻ പലർക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വിഡിയോ ചെയ്തതെന്നും ഇയാൾ പറഞ്ഞു.‘‘എനിക്ക് 29 വയസ്സുണ്ട്. എന്റെ നക്ഷത്രം ഭരണിയാണ്. എസ്എസ്എൽസിയാണു വിദ്യഭ്യാസം. കൂടുതൽ വിദ്യഭ്യാസമൊന്നുമില്ല. കൂലിപ്പണിയാണ്. അതെവിടെയും നിവർന്നു നിന്നു പറയാനുള്ള തന്റേടമുണ്ട്. അതിൽ അത്മാഭിമാനക്കുറവ് ഒന്നും തന്നെയില്ല. തൊഴിലും വിദ്യഭ്യാസ യോഗ്യതയുമാണു പ്രധാന പ്രശ്നം.’’
രാഹുൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു അച്ഛനു സുഖമില്ലാകുന്നത്. തുടർന്നു വീടിന്റെ ചുമതല ഏറ്റെടുത്തതോടെ പഠനം നിലച്ചു. ഏഴു വർഷം മുൻപ് അച്ഛൻ മരിച്ചു. ഇതിനിടയില്‍ സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ കണ്ടെത്താനായില്ല. ‘‘ഈ കാണുന്ന ആർക്കെങ്കിലും അനുകമ്പ തോന്നുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെന്നു തോന്നുന്നുവെങ്കിൽ
ഇതു ഷെയർ ചെയ്യണം. വിദ്യഭ്യാസം കുറവായ സാധാരണ ഒരു കൂലിപ്പണിക്കാരനായ ഒരാളുടെ കൂടെ, കൂലിപ്പണിക്കാരനെന്നു ഞാൻ പറയുമ്പോ വേറെ ഒന്നു കൂടെ പറയണം എന്തായാലും കൂടെ വരുന്ന ആളെ പട്ടിണിക്കിടാതെ നോക്കാനുള്ള ആരോഗ്യവും തന്റേടവും എനിക്കുണ്ട്. പതിനാറാമത്തെ വയസ്സു മുതൽ ഇതുവരെ കൂലിപ്പണി എടുത്താണു ജീവിച്ചത്.’’– രാഹുൽ പറയുന്നു.
ആലോചനയുമായി വന്നിട്ട് പിന്നീട് വേണ്ടെന്നു പറഞ്ഞു ബുദ്ധിമുട്ടാതിരിക്കാനാണ് എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നത്. അച്ഛനെന്നു പറയുന്നത് വലിയൊരു ശക്തിയാണെന്നും ഇല്ലാതെ വരുമ്പോൾ നാഥനില്ലാത്തെ അവസ്ഥയാണെന്നും ഇദ്ദേഹം പറയുന്നു. ഒരു കല്യാണം താലിമാല വരെ വാങ്ങിയശേഷം മുടങ്ങി പോകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കാമെന്നും താൽപര്യമുള്ളവർ ബന്ധപ്പെടാനും അഭ്യർഥിച്ചുകൊണ്ടാണു വിഡിയോ അവസാനിക്കുന്നത്.