Breaking News
Home / Lifestyle / ബുർജ് ഖലീഫയിൽ 22 അപ്പാർട്ട്‌മെന്റുകൾ സ്വന്തമായുള്ള ജോർജേട്ടന്റെ സ്വപ്നങ്ങൾ

ബുർജ് ഖലീഫയിൽ 22 അപ്പാർട്ട്‌മെന്റുകൾ സ്വന്തമായുള്ള ജോർജേട്ടന്റെ സ്വപ്നങ്ങൾ

ചില മനുഷ്യരുണ്ട്, അവർ സ്വപ്നംകാണുക മാത്രമല്ല, അവയെ കഠിനാധ്വാനത്തിലൂടെ വെട്ടിപ്പിടിക്കുകയും ചെയ്യും. തൃശ്ശൂരിൽ അപ്പനോടൊപ്പം അടക്കയും കശുവണ്ടിയുമെല്ലാം വിറ്റ് കാർഷികജീവിതം നയിച്ചിരുന്ന ജോർജ് നെരേപ്പറമ്പിൽ , ദുബായ്‌ ബുർജ് ഖലീഫയിലെ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയത് സ്വപ്നങ്ങളെ വേട്ടയാടിപ്പിടിച്ചതുകൊണ്ടാണ്. അധ്വാനവും അദ്‌ഭുതവും സമാസമം കലർന്നതാണ് ആ ജീവിതം

നീലാകാശത്തിന്റെ മേലാപ്പ് തൊട്ടുരുമ്മി നിൽക്കുന്ന ബുർജ് ഖലീഫ; ആ പേര് കേൾക്കാത്ത മലയാളിയുണ്ടാവില്ല. വലിയ തുകയുടെ ടിക്കറ്റുമെടുത്ത് ലോകമെങ്ങുമുള്ള സഞ്ചാരികൾ ഏറെ കാത്തുനിന്ന് കാണാൻ കൊതിക്കുന്ന അദ്‌ഭുതസൗധം. ലോക​െത്ത ഏറ്റവും ഉയരമേറിയ കെട്ടിടം എന്ന ബഹുമതിയുമായി നിൽക്കുന്ന ഈ ആകാശഗോപുരമാണ് ദുബായിയുടെ അഭിമാനം.

828 മീറ്റർ ഉയരമുള്ള ഈ കൂറ്റൻ കെട്ടിടത്തിൽ ഏറ്റവുമധികം അപ്പാർട്ട്‌മെന്റുകളുള്ളവരിൽ ഒരാൾ ഒരു മലയാളിയാണെന്നറിയുമ്പോൾ മലയാളക്കരയുടെ അഭിമാനംകൂടിയാവുകയാണത്. ബുർജ് ഖലീഫയിലെ 900 അപ്പാർട്ട്‌മെന്റിൽ 22 എണ്ണം സ്വന്തമായുള്ള തൃശ്ശൂർ അഴഗപ്പനഗറിനടുത്ത മണ്ണംപേട്ട സ്വദേശി ജോർജ് നെരേപ്പറമ്പിലാണ് ആ മലയാളി. യു.എ.ഇ.യിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെല്ലാം നിറഞ്ഞുനിൽക്കുന്ന ഈ ബിസിനസ് പ്രമുഖന് മറ്റൊരു വിശേഷണംകൂടി സ്വന്തമാണ്-നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുക്കാൻ പിടിക്കുന്ന സിയാലിന്റെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒരാൾകൂടിയാണ് അടുപ്പക്കാരുടെ സ്വന്തം ജോർജേട്ടൻ.

ദുബായിലുള്ള മിക്കവാറും ദിവസങ്ങളിൽ കാലത്തോ വൈകീട്ടോ ജോർജ്, ബുർജ് ഖലീഫയിലെത്തും. അവിടെ 49-ാം നിലയിൽ ഒരു അപ്പാർട്ട്‌മെന്റിൽ അദ്ദേഹത്തിന്റെ സൗഹൃദയോഗങ്ങളായിരിക്കും. കനത്ത സുരക്ഷാവലയത്തിലുള്ള കെട്ടിടത്തിന്റെ 123-ാം നിലയിൽവരെ മിക്കവാറും എല്ലാ ദിവസങ്ങളിലും അദ്ദേഹം കയറും. പല ഭാഗങ്ങളിൽനിന്നായെത്തുന്ന സുഹൃത്തുക്കൾക്കുവേണ്ടിയാവും ഈ വരവ്. അവരുടെ ജോർജേട്ടനാകട്ടെ മിക്കവാറും ഇത് ഒഴിവാക്കാനാവാത്ത വരവാണ്. കേരളത്തിൽനിന്നുതന്നെയാവും സന്ദർശകർ ഏറെയും. ബുർജ് ഖലീഫ കാണാനെത്തുന്ന കേരളത്തിലെ മിക്ക നേതാക്കളുടെയും അവിടത്തെ ആതിഥേയനും ജോർജ് തന്നെ.

അടക്ക, കുരുമുളക്, കശുവണ്ടി, എയർ കണ്ടീഷൻ…

42 വർഷംമുമ്പ്, കൃത്യമായി പറഞ്ഞാൽ 1976-ൽ തൃശ്ശൂരിൽനിന്ന് എയർ കണ്ടീഷൻ ബിസിനസുമായാണ് ജോർജ് എന്ന 21-കാരൻ മുംബൈയിൽനിന്ന് വിമാനംകയറുന്നത്. അക്കാലത്ത് പൊതുവേ ഗൾഫിലേക്ക് കുടിയേറാറുള്ളവരെപ്പോലെ ദാരിദ്ര്യമായിരുന്നില്ല ഈ യാത്രയ്ക്ക് കാരണം. പുതിയതെന്തെങ്കിലും ചെയ്യണമെന്നൊരു മോഹം. സ്വന്തമായി ബിസിനസ്-അതായിരുന്നു തൃശ്ശൂർ മണ്ണമ്പേട്ടിലെ മലഞ്ചരക്ക് വ്യാപാരിയായ വറീത് നെരേപ്പറമ്പിലിന്റെയും റോസ വറീതിന്റെയും 11 മക്കളിൽ നാലാമനായ ജോർജിന്റെ മോഹം. എല്ലാ സൗകര്യങ്ങളുമുള്ള വീടും കുടുംബവുംവിട്ട് മരുഭൂമിയിലേക്ക് യാത്രചെയ്യാൻ വേറെ കാരണമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇപ്പോഴും ജോർജ് നെരേപ്പറമ്പിൽ പറയും.

അപ്പനോടൊപ്പം ബിസിനസ്‌ചെയ്യാൻ ഏഴുമക്കൾ വേറെയുമുണ്ട്. പിന്നെന്തിന് അവിടെ നിൽക്കണം എന്നൊരു തോന്നൽ ആ ചെറുപ്പക്കാരനിൽ ഊർജം നിറച്ചു. അപ്പോഴേക്കും കച്ചവടത്തിന്റെയും പണം സമ്പാദിക്കുന്നതിന്റെയും പാഠങ്ങൾ അപ്പനിൽനിന്നും അല്ലാതെയും ജോർജ് സ്വന്തമാക്കിയിരുന്നു. സ്കൂളിൽ നാലാംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ അപ്പൻ വറീതിനൊപ്പം കച്ചവടത്തിൽ സഹായിയായി കൂടിയിരുന്നു ആ പയ്യൻ. അടക്ക, കുരുമുളക്, പുളി, നെല്ല്, കശുവണ്ടി എന്നിങ്ങനെ എല്ലാ കാർഷികോത്‌പന്നങ്ങളും നാട്ടിൻപുറത്തുനിന്ന് സംഭരിച്ച് തൃശ്ശൂരിലുംമറ്റും കൊണ്ടുപോയി വിൽക്കലായിരുന്നു വറീതിന്റെയും സഹായിയായ ജോർജിന്റെയും വലിയ ബിസിനസ്. സമാന്തരമായി നടത്തിയ ബിസിനസിൽനിന്നുള്ള ലാഭം സ്വന്തം അപ്പന് കടമായി കൊടുത്തതും ഇപ്പോൾ ജോർജിന്റെ വലിയ തമാശകളിലൊന്നാണ്.

കാർഷികവിളകളുടെ സീസൺ അനുസരിച്ചായിരുന്നു നാട്ടിലെ കച്ചവടം. കുരുമുളക് വാങ്ങുമ്പോൾ ധാരാളം പൊള്ള് (ഉള്ള് കുറഞ്ഞവ) കൂടെവരും. അതിന് വലിയ വിലയൊന്നുമുണ്ടായിരുന്നില്ല. അത് ചെറിയ വിലയ്ക്ക് സ്വന്തമാക്കി, അത് കുറേക്കൂടി വിശദമായി പരിപാലിച്ച്, കിട്ടുന്നത് കൂട്ടിവെച്ച് തൃശ്ശൂരിലെത്തിക്കുന്നതായിരുന്നു അക്കാലത്തെ പയ്യന്റെ പ്രധാന ബിസിനസ്. ഓരോ വിളയിലും ഇത്തരത്തിൽ സമാന്തര ബിസിനസ് കണ്ടെത്തി അവൻ. ഇതിനിടയിൽ ഗൾഫ് മോഹവുമായി എയർ കണ്ടീഷൻ ബിസിനസിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി അയാൾ പറക്കാനായി കാത്തിരുന്നു. സ്വപ്നഭൂമിയിലേക്കുള്ള ആ കാത്തിരിപ്പിന് രണ്ടുവർഷമെടുത്തു. അങ്ങനെ 1976-ൽ പറന്നു.

എവിടെയെങ്കിലും ജോലിക്ക് കയറുക എന്നതിനേക്കാൾ സ്വന്തമായി ഒരു ബിസിനസ് എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ഉള്ളിലിരിപ്പ്. മൂന്നുമാസം അങ്ങനെ തള്ളിനീക്കി. പ്രവാസലോകത്തെ പഠിക്കുകയായിരുന്നു അയാൾ. കാർഷികവിളകളെപ്പോലെ ഗൾഫിലും സീസൺ ബിസിനസ് ഉണ്ടെന്ന് അയാൾ അതിവേഗം തിരിച്ചറിഞ്ഞു. ചുട്ടുപൊള്ളുന്ന വേനലിൽ എയർ കണ്ടീഷണറുകൾ പ്രചാരത്തിൽവന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. വർഷത്തിൽ എട്ടുമാസം എയർകണ്ടീഷണർ ഇല്ലാതെ ഗൾഫുകാരന് ഉറക്കമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.

ഒരു എയർകണ്ടീഷണറിന് അക്കാലത്ത് 1500-1800 ദിർഹംവരെയാണ് വില. അക്കാലത്ത് സാധാരണക്കാരന് താങ്ങാവുന്ന വിലയായിരുന്നില്ല അത്. എന്നാൽ, കേടുവന്നതും ഉപേക്ഷിച്ചതുമായ എയർ കണ്ടീഷണറുകൾ സ്‌ക്രാപ്പിന് 60 ദിർഹംവെച്ച് കിട്ടുമെന്ന് അയാൾ കണ്ടെത്തി. ഓജനറൽ, ജിപ്‌സൺ, ജി ഇ തുടങ്ങിയ ബ്രാൻഡുകളാണ് അക്കാലത്ത് പ്രചാരത്തിൽ. വൻ സാധ്യതകളുള്ള ബിസിനസ് ജോർജ് അവിടെ തിരിച്ചറിഞ്ഞു.

കടംവാങ്ങിയ തുകകൊണ്ട് 60 ദിർഹംവീതം നൽകി അഞ്ച് സ്‌ക്രാപ്പ് എയർകണ്ടീഷണറുകൾ വാങ്ങിയ ജോർജ് ഓരോന്നിന്റെയും ഭാഗങ്ങൾ നോക്കിനോക്കി റിപ്പയർചെയ്തു. അഞ്ച് സ്ക്രാപ്പിൽനിന്ന് മൂന്ന് നല്ല എയർകണ്ടീഷണറുകൾ അയാൾ സ്വന്തമായി വികസിപ്പിച്ചെടുത്തു. ‘സെക്കനൻഡ്‌’ എന്ന വിശേഷണത്തോടെ ഇത് 650 ദിർഹത്തിനുവരെ വിറ്റു-ഫലത്തിൽ ഓരോ ഇടപാടിലും 1500 ദിർഹം വരെലാഭം. ആറുമാസംവരെ ഗാരന്റി നൽകിയും നല്ല സർവീസ് ഉറപ്പാക്കിയും അയാൾ ഇടപാടുകാരുടെ സ്വന്തക്കാരനായി. കൂടുതൽ തുക വായ്പയെടുത്ത് വ്യാപാരം കൊഴുപ്പിച്ചു. ഷാർജ മെയ്‌സലൂണിൽ 13 പേർ ഒന്നിച്ച്‌ താമസിക്കുന്ന ഒരു വാടകവില്ലയിലായിരുന്നു അക്കാലത്തെ ജീവിതം.

നാട്ടിലെ കുട്ടിക്കാലത്തെ കച്ചവടത്തിൽനിന്നായിരുന്നു ജോർജ് ഈ പരീക്ഷണങ്ങളുടെ ഊർജം കണ്ടെത്തിയത്. കുരുമുളകിലും കൊപ്രയിലും പുളിയിലും കശുവണ്ടിയിലുമെല്ലാം തിരിവ് എന്നപേരിൽ കച്ചവടക്കാർ മാറ്റിയിടുന്ന ‘വേസ്റ്റ്‌’ ചെറിയ വിലയ്ക്ക് വാങ്ങി അതിൽ കുറച്ച് പരിശ്രമിച്ച് ഒന്നാംതരമാക്കി വേർതിരിച്ചെടുക്കുന്ന വിദ്യയാണ് ജോർജിലെ കച്ചവടക്കാരനെ വളർത്തിയത്.

പുളിങ്കുരു ഉൾപ്പെടെയുള്ള ഇത്തരം അവശേഷിപ്പുകൾക്ക് വേറെ മാർക്കറ്റുണ്ടെന്ന് കുട്ടിക്കാലത്തുതന്നെ ജോർജ് കണ്ടെത്തിയിരുന്നു. ഈ തന്ത്രംതന്നെയാണ് എ.സി. യന്ത്രങ്ങളിലും ജോർജ് പരീക്ഷിച്ചത്. ചില ഭാഗങ്ങൾ മാറ്റിയിട്ടാൽ എ.സി. നന്നാക്കിയെടുക്കാനാവുമെന്ന് അയാൾ തിരിച്ചറിഞ്ഞു. ഒരു എ.സി.യിൽ കേടായ ഭാഗം മറ്റൊന്നിൽനിന്ന് അയാൾ കണ്ടെത്തി. ഇത്തരത്തിൽ സ്‌ക്രാപ്പിൽനിന്ന് പലതിനുമുള്ള ഭാഗങ്ങൾ അയാൾക്ക് ലഭിച്ചു. അവിടെയായിരുന്നു ജോർജിന്റെ ട്രേഡ് സീക്രട്ട്.

രണ്ടുവർഷംകൊണ്ടുതന്നെ ജോർജ് ഈ രംഗത്ത് തന്റെ വഴി കണ്ടെത്തി. സ്വന്തമായി പണിയെടുത്തും അരിഷ്ടിച്ച് ചെലവിട്ടും അയാൾ സമ്പാദ്യം സ്വരുക്കൂട്ടിവെച്ചു. 1978-ൽ ചെറിയൊരു മിനിവാൻ സ്വന്തമാക്കി. എ.സി. പുനർനിർമിച്ച്‌ നൽകിയും അത് കെട്ടിടങ്ങളിൽ ഘടിപ്പിച്ചുമൊക്കെയുള്ള അധ്വാനത്തിന്റെ കഠിനമായ നാളുകളായിരുന്നു അത്. ‘‘85 കിലോവരെ തൂക്കമുള്ള എയർ കണ്ടീഷണറുകൾ ചുമലിൽവെച്ച് നാലും അഞ്ചും നിലകളിൽ കയറിയിറങ്ങിയിട്ടുണ്ട് അക്കാലത്ത്.

നോക്കൂ, ഈ കൈകളിൽ അക്കാലത്തെ തഴമ്പ് ഇപ്പോഴുമുണ്ട്’’ – തിളങ്ങുന്ന സ്യൂട്ടിൽ സദാ പുഞ്ചിരിയുമായി സഞ്ചരിക്കുന്ന ജോർജേട്ടൻ തന്റെ കൈ തുറന്നുകാണിച്ച് ആ കാലത്തെക്കുറിച്ച് ഓർത്തെടുക്കുന്നു. 2800 ദിർഹം നൽകിയായിരുന്നു അന്ന് മിനിവാൻ സ്വന്തമാക്കിയത്. തള്ളി സ്റ്റാർട്ട് ചെയ്താണ് വാൻ ഓടിച്ചത്. പിന്നെ സ്വന്തമായി ഒരു കമ്പനിയായാലോ എന്നായി ആലോചന. പേരിനെക്കുറിച്ച് അധികം ആലോചിച്ചില്ല. അക്കാലത്ത് പത്രങ്ങളിലെ വലിയ വാർത്ത വാൽനക്ഷത്രത്തെക്കുറിച്ചായിരുന്നു. തനിക്കും ഭാഗ്യംകൊണ്ടുവരുന്നത് വാൽ നക്ഷത്രമായിരിക്കുമെന്ന വിശ്വാസത്തിൽ ജോർജ് തന്റെ കമ്പനിക്ക് പേരിട്ടു -‘ടെയിൽസ്റ്റാർ ഇലക്ട്രിക്കൽസ്’. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൽ കമ്പനി രജിസ്റ്റർചെയ്യാൻ പേര് നിർബന്ധമായിരുന്നു. അപ്പോഴാണ് വാൽനക്ഷത്രത്തിന്റെ വാർത്ത ഓർമയിലെത്തിയത്.

അങ്ങനെ ടെയിൽ സ്റ്റാറിലൂടെ ജോർജിന്റെ ആദ്യകമ്പനി പിറന്നു. വാഹനംകൂടിയായതോടെ വ്യാപാരം കുറേക്കൂടി വിപുലപ്പെടുത്തി. പണിയറിയാവുന്ന കുറച്ചുപേരെ ജോലിക്കുവെച്ചു. മാർക്കറ്റിങ്ങും ഫിറ്റിങ്ങുമെല്ലാം ജോർജിന്റെ നേതൃത്വത്തിൽ മുന്നേറി. അതൊരു വലിയ വിജയഗാഥയുടെ ആരംഭമായിരുന്നു. പിന്നെ ജോർജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതിനിടയിൽ കമ്പനിയുടെ പേര് ജിയോ ഇലക്ട്രിക്കൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് എന്നാക്കിമാറ്റി.

ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കംകൂടിയായി അത്. ഒരു ഘട്ടത്തിൽ 87 സൈറ്റുകളിൽവരെ ജിയോയുടെ ജോലിക്കാർ നിറഞ്ഞുനിന്നു. ഇപ്പോൾ അത്ര വിപുലമാക്കാതെതന്നെ ബിസിനസ് നന്നായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട് ഈ തൃശ്ശൂർക്കാരൻ.

ജോർജിനുമുന്നിലെ ബുർജ്

സ്വന്തമായി വഴിവെട്ടുന്നതുപോലെത്തന്നെ വലിയ സ്വപ്നങ്ങളുടെയും കൂട്ടുകാരനായിരുന്നു അയാൾ. സാമാന്യം മോശമല്ലാത്തവിധത്തിൽ ജോലിയും ബിസിനസുമായി മുന്നേറുന്നതിനിടയിലാണ് എട്ടുവർഷംമുമ്പ് അവിചാരിതമായി ബുർജ് ഖലീഫയ്ക്കുമുന്നിൽ എത്തിയത്. ലോകത്തിലെ ആ അദ്‌ഭുതം നോക്കിനിൽക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ഒരു ബന്ധുവിന്റെ തമാശയിൽനിന്നാണ് ബുർജ് ഖലീഫ ഒരു വാശിയായി അയാളിൽ ജന്മമെടുക്കുന്നത്.

‘ജോർജിനൊന്നും അവിടെ കയറാൻപോലും കഴിയില്ല’ എന്ന അയാളുടെ നിർദോഷമായ തമാശ മനസ്സിൽ തറച്ചു. ‘‘എന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ല. പരിശ്രമിച്ചാൽ നേടാവുന്നതേയുള്ളൂ’’ -അതായിരുന്നു ജോർജിന്റെ മറുപടി. എങ്കിലും ആ വാചകത്തിന്റെ നീറ്റൽ ബാക്കിനിന്നു.

ബുർജ് ഖലീഫയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന പരസ്യം ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്നത്‌, നേരത്തേ പരിഹസിച്ച ബന്ധുതന്നെ അന്ന് വൈകുന്നേരം ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആരെയും ആശ്രയിക്കാനോ കാത്തുനിൽക്കാനോ അയാൾക്കാവുമായിരുന്നില്ല. നേരെ ഫോണെടുത്ത് പരസ്യത്തിൽക്കണ്ട നമ്പറിൽ വിളിച്ചു. അന്നുതന്നെ വാടകക്കരാർ ഉറപ്പിച്ചു.

പിറ്റേന്ന് താമസം ബുർജ് ഖലീഫയിലെ ഫ്ളാറ്റിലേക്ക് മാറ്റി. ഒരു വാശിയെന്നപോലായിരുന്നു അതെല്ലാം. ബുർജ് ഖലീഫയോടുള്ള പ്രണയവഴി ഇവിടെ തുറക്കുകയായിരുന്നു. ഓരോ വർഷം കഴിയുന്തോറും പടർന്നുകയറിയ ബിസിനസിന്റെ ലാഭം നിക്ഷേപിക്കാൻ ബുർജ് ഖലീഫതന്നെ ജോർജിന് കാരണമായി. വാടകയ്ക്ക് താമസിച്ച ഫ്ളാറ്റിലിരുന്നുകൊണ്ട് ജോർജിന് അവിടെ ഇപ്പോൾ 22 അപ്പാർട്ട്‌മെന്റുകൾ സ്വന്തം. ഇതിൽ 12 എണ്ണം വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അവയിൽനിന്ന് കിട്ടുന്ന ആദായംകൊണ്ട് കൂടുതൽ അപ്പാർട്ട്‌മെന്റുകൾ വാങ്ങിക്കുന്നതായിരുന്നു ജോർജിന്റെ ബുർജ് ഖലീഫ വ്യാപാരസൂത്രം. സ്വന്തമായി 25 അപ്പാർട്ട്‌മെന്റ് -ബുർജ് ഖലീഫയിലെ ജോർജിന്റെ സ്വപ്നമതാണ്.

എ.സി. ബിസിനസുമായി മുന്നേറുന്നതിനിടയിലാണ് നെടുമ്പാശ്ശേരി വിമാനത്താവളം യാദൃച്ഛികമായി ജോർജിന്റെ ശ്രദ്ധയിലെത്തുന്നത്. നാട്ടിൽ ഒരു വിമാനത്താവളം ഉണ്ടായിരുന്നെങ്കിൽ എന്ന മോഹം നേരത്തേതന്നെ മനസ്സിലുണ്ടായിരുന്നു. അതിനും കാരണമായത് സ്വന്തം അനുഭവംതന്നെ. 1977-ൽ അപ്പൻ മരിച്ച വാർത്തകേട്ട് എങ്ങനെയൊക്കെയോ വിമാനത്തിൽ സീറ്റ് തരപ്പെടുത്തി മുംബൈയിലേക്കും അവിടെനിന്ന് തീവണ്ടിയിൽ തൃശ്ശൂരിലേക്കും നടത്തിയ യാത്രയ്ക്കിടയിലായിരുന്നു വീടിനടുത്ത് ഒരു വിമാനത്താവളം വന്നിരുന്നെങ്കിൽ എന്ന മോഹം അങ്കുരിച്ചത്.

തീവണ്ടിയിൽ മൂന്നുദിവസത്തോളം യാത്രചെയ്താണ് അക്കാലത്ത് പലരും നാടുപിടിച്ചത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നെടുമ്പാശ്ശേരിക്കുവേണ്ടി നടത്തിയ ധനസമാഹരണയജ്ഞത്തിലേക്ക് അയ്യായിരം രൂപയുടെ ഇന്ദിരാവികാസ്‌പത്രയുടെ നിക്ഷേപം നടത്തിയിരുന്നു ജോർജ്. വിമാനത്താവളവും പറക്കാനുള്ള മോഹവും ഇതിനിടയിൽ വീണ്ടും തളിർത്തകാലംകൂടിയായി അത്. ഫ്ലയിങ്ങിന്റെ രസം നുകരാൻ 1994-ൽ അമേരിക്കയിലെ അറ്റ്‌ലാന്റെ പീച്ച് എയർപോർട്ടിൽ പോയി സിവിൽ ഏവിയേഷനെക്കുറിച്ച് പഠിച്ചു.

17 ദിവസം യു.കെ.-യു.എസ്.എ. ഹെലികോപ്റ്റേഴ്‌സ് എന്ന കമ്പനിയിലെ ഡാൾട്ടൻ എന്ന പരിശീലകനുകീഴിൽ പറക്കലും അഭ്യസിച്ചു. ആയിടയ്ക്കാണ് പണമില്ലാത്തതിന്റെ പേരിൽ സിയാൽ പണി മുടങ്ങിയ വാർത്ത ജോർജ് കേൾക്കുന്നത്. ‘സിയാൽ 13 കോടി രൂപയുടെ കടത്തിൽ’ എന്നായിരുന്നു വാർത്തകൾ. കൊച്ചിയിലെ ജി.സി.ഡി.എ. കോംപ്ലക്സിൽ ഒരു സുഹൃത്തിനൊപ്പം അവിടെ ചെന്നുകയറിയ ജോർജ് കണ്ടത് നിരാശനായിരിക്കുന്ന മാനേജിങ് ഡയറക്ടർ വി.ജെ. കുര്യനെയായിരുന്നു. സംഭാഷണങ്ങൾക്കൊടുവിൽ ഓഹരികൾ എടുക്കാമെന്ന നിലയിലെത്തി കാര്യങ്ങൾ.

നാടിനടുത്ത് വിമാനത്താവളം ജോർജിന്റെകൂടി ആവശ്യമായിരുന്നു. അപ്പോൾത്തന്നെ 2.05 കോടി രൂപയുടെ ചെക്ക് ഒപ്പിട്ടുനൽകി. സിയാൽ മേധാവികൾ അന്തം വിട്ടുപോയ നിമിഷം. അവർക്കത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത് പാസാവുമോ എന്ന് അവർ സംശയിക്കുന്നത് സ്വാഭാവികം. പിന്നെയെല്ലാം വേഗത്തിലായി. അഞ്ചുകോടിയിലേറെ ഓഹരികളാണ് അവിടുന്നങ്ങോട്ട് അദ്ദേഹം വാങ്ങിയത്. സർക്കാർ കഴിഞ്ഞാൽ വ്യക്തിഗതഓഹരികളിൽ അന്ന് ഒന്നാം സ്ഥാനത്തായിരുന്നു അത്. സിയാലിലെ ഡയറക്ടർസ്ഥാനം എത്രയോ വർഷങ്ങളായി ജോർജ് അലങ്കരിക്കുന്നുണ്ട്.

ഇന്ന് യു.എ.ഇ.യിലും ഇന്ത്യയിലുമായി 15 കമ്പനികളാണ് ജിയോ ഗ്രൂപ്പിലുള്ളത്. തൃശ്ശൂർക്കാരുടെ വികാരമായ രാഗം സിനിമാതിയേറ്ററും ഇതിൽ ഉൾപ്പെടും. പ്രിയപ്പെട്ടവർക്കായി അതിന്റെ പേര് ഇടയ്‌ക്കൊന്ന് പരിഷ്കരിച്ചു. ഇപ്പോൾ ജോർജേട്ടൻസ് രാഗം മൂവി ഹൗസാണത്.കാലത്ത് ആറരയോടെ എഴുന്നേൽക്കുന്ന ജോർജ്‌ രാത്രി പത്തുമണിയോടെ ഉറങ്ങാൻ കിടക്കും. മിക്ക വ്യാഴാഴ്ച വൈകുന്നേരങ്ങളിലും അദ്ദേഹം യു.എ.ഇ. വിടും. യൂറോപ്പുമുതൽ തൃശ്ശൂർവരെ എവിടേക്കെങ്കിലുമാവും മൂന്നുദിവസത്തെ ഈ യാത്ര. ഇതിനകം 62 രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു.

ബിസിനസ് ടൂറുകൾക്കിടയിൽ പ്രകൃതിയെ അറിയാനും ഓരോ രാജ്യത്തെയും വികസനത്തെക്കുറിച്ച് പഠിക്കാനും അദ്ദേഹം ശ്രമിക്കുന്നു. അത് കേരളവുമായി താരതമ്യംചെയ്തുനോക്കും. കേരളത്തിൽ വടക്കുനിന്ന് തെക്കുവരെ കനാൽപദ്ധതിയാണ് അദ്ദേഹത്തിന്റെ സ്വപ്നം. റോഡുകളും മെട്രോകളും ജലപാതയുമെല്ലാം ചേരുന്ന ബൃഹദ് പദ്ധതിയാണ് ഇപ്പോൾ മനസ്സുനിറയെ. സമ്പത്തും സൗന്ദര്യവും ബുദ്ധിയുമെല്ലാം സമൃദ്ധമായുള്ള കേരളത്തിന് ശ്രമിച്ചാൽ ഇത് സാധ്യമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.