എഴുത്തുകാരനായും സംവിധായകനായും നടനായും മലയാളി സിനിമാ പ്രേക്ഷകരുടെ നെഞ്ചിൽ സ്ഥാനം നേടിയ ഒരാളാണ് ശ്രീനിവാസൻ, പ്രത്യക്ഷമായും പരോക്ഷമായും എന്തിനെയും തമാശ രൂപത്തിൽ അവതരിപ്പിക്കാനുള്ള കഴിവ് ശ്രീനിവാസനെയും വ്യത്യസ്തമാക്കുന്നു ഒരു പക്ഷേ അത് തന്നെയാകും അദ്ദേഹത്തിന്റെ രചനകൾ നമ്മെ ഏറെ ചിരിപ്പിക്കുന്നത്. തന്റെ കല്യാണം നടത്താൻ സഹായിച്ച മമ്മൂട്ടിയെ പറ്റിയും ഇന്നസെന്റിനെ പറ്റിയും ശ്രീനിവാസൻ പറയുന്നതിങ്ങനെ..
“ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമിച്ച ഒരു കഥ നുണകഥയുടെ സെറ്റിൽ വച്ചാണ് വിവാഹിതനാകാൻ തീരുമാനിക്കുനത്. ഞാൻ ഇന്നസെന്റിനെ അടുത്ത് വിളിച്ചു നാളെ വിവാഹം കഴിക്കാൻ പോകുകയാണെന്നും, രജിസ്റ്റർ മാരിയേജ് ആയത്കൊണ്ട് അധികം ആരെയും വിളിക്കുന്നില്ലെന്നും പറഞ്ഞു, ഷൂട്ട് കഴിഞ്ഞു പോകാൻ നേരം ഒരു 400 രൂപ പൊതിഞ്ഞു അദ്ദേഹം കൈയിൽ വച്ചു തന്നു.
ഞാൻ എവിടന്നാ ഈ കാശ് എന്ന് ചോദിച്ചപ്പോൾ ഭാര്യ ആലീസിന്റെ വള പണയം വച്ചതാണെന്നും കല്യാണം ആവശ്യങ്ങൾക്ക് ആ കാശ് ഉപയോഗിച്ചോളൂ എന്നും പറഞ്ഞു, കല്യാണ പെണ്ണിന് സാരിയും മറ്റും വാങ്ങിയത് ആ കാശ് കൊണ്ടാണ്..
കല്യാണ തലേന്നു അമ്മക്ക് ഭയങ്കര വാശി വിവാഹത്തിന് പെണ്ണിനൊരു താലി കെട്ടിയെ മതിയാകു എന്ന്. അന്ന് കൈയിൽ അതിനുള്ള കാശൊന്നുമില്ല എന്ത് ചെയ്യും എന്ന് ആലോച്ചപ്പോൾ കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാര്യം ഓർത്തു. നേരെ അവിടെ ചെന്ന് മമ്മൂട്ടിയെ കണ്ടു. അദ്ദേഹത്തോട് കാര്യം പറഞ്ഞു നാളെ എന്റെ കല്ല്യാണമാണ്’. ‘നാളെയോ’ മമ്മൂട്ടി ചോദിച്ചു.
‘എനിക്കൊരു രണ്ടായിരം രൂപ വേണം, ആരെയും വിളിക്കുന്നില്ല, രജിസ്റ്റർ വിവാഹമാണ് എന്ന്. അദ്ദേഹം രണ്ടായിരം രൂപ എടുത്തു തന്നിട്ട് പറഞ്ഞു ഞാനും വരുന്നു കല്യാണത്തിന് എന്ന്. ഞാൻ പറഞ്ഞു ” പൊന്നു മാഷേ ചതിക്കരുത്, നിങ്ങൾ വന്നാൽ ആ കല്യാണം നടക്കില്ല. ആളും ബഹളവുമൊന്നുമില്ലാതെ നടത്തുന്ന കല്യാണം ആണ് “. ഒടുവിൽ മമ്മൂട്ടി സമ്മതിച്ചു..
അങ്ങനെ ഒരു ക്രിസ്ത്യാനി തന്ന 400 രുപ ,മുസ്ലിം ആയ മമ്മൂട്ടി തന്ന രൂപയ്ക്കു ഒരു ഹിന്ദു ആയ പെണ്‍കുട്ടിയുടെ കഴുത്തിൽ ഞാന്‍ കെട്ടിയ സ്വര്‍ണ്ണ താലി…എന്ത് മതം ..ആരുടെ മതം..