ഫെയ്സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചത് തടഞ്ഞ അമ്മയെ മകള്‍ കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭം നടന്നത്. രണ്ടാംവര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിയായ പത്തൊമ്പതു വയസ്സുകാരി ദേവിപ്രിയയാണ് ആറുമാസം മുമ്പ് പരിചയപ്പെട്ടയാളുമായി ഒളിച്ചോടാന്‍ ശ്രമിച്ചത് തടഞ്ഞ അമ്മ ഭാനുമതിയെ കൊലപ്പെടുത്തിയത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിവേകുമായി ദേവിപ്രിയ പ്രണയത്തിലായി. എന്നാല്‍ ഇയാളെ യുവതി നേരിട്ട് കണ്ടിരുന്നില്ല. ഇത് കണ്ടുപിടിച്ച മാതാപിതാക്കള്‍ യുവതിയെ വീട്ടുതടങ്കലിലാക്കുകയും ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. പിന്നീട് വിവേകുമായി ബന്ധപ്പെട്ട യുവതി ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന രാത്രി ദേവിപ്രിയയെ കുംഭകോണത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വിവേക് രണ്ടു സുഹൃത്തുക്കളെ അയച്ചു. മകളുടെ ഒളിച്ചോട്ട പ്ലാന്‍ മനസ്സിലാക്കിയ ഭാനുമതി ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. ബാഗ് പാക്ക് ചെയ്തുകൊണ്ടിരുന്ന മകളെ തടഞ്ഞു.
ഇതില്‍ അരിശം മൂത്ത ദേവിപ്രിയ അടുക്കളയില്‍ നിന്ന് കത്തി എടുത്തുകൊണ്ടുവന്ന് അമ്മയെ കുത്തുകയായിരുന്നു. വിവേക് പറഞ്ഞയച്ച സുഹൃത്തുക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേവിപ്രിയക്ക് പിന്നാലെ വിവേകിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.