മല്ലിക സുകുമാരന്റെ റോഡിനെക്കുറിച്ചുള്ള പ്രസ്താവനയും പൃഥ്വിരാജിന്റെ ലംബോർഗിനി കാറുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ട്രോൾ മഴയിൽ കുളിച്ചുനിൽക്കുന്നത്. റോഡ് മോശമായതിനാല്‍ മക്കള്‍ വിലകൂടിയ കാറുകള്‍ ഓടിച്ചുവരാറില്ല എന്ന വാക്കില്‍ പിടിച്ചാണ് ട്രോളന്മാർ ആഘോഷമാക്കിയത്. എന്നാൽ മല്ലികയെ പിന്തുണയ്ക്കാനും ഏറെ ആളുകൾ ഉണ്ടായിരുന്നു. ലക്ഷങ്ങള്‍ റോഡ് ടാക്സ് നല്‍കുന്ന ഇവര്‍ക്ക് മോശമായ റോഡുകളെ വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കി ഒരുപാടുപേർ മല്ലികയുടെ അഭിപ്രായത്തോട് യോജിച്ചു.
എന്നാൽ ലംബോർഗിനിയുടെ പേരിൽ താരകുടുംബത്തെ കളിയാക്കേണ്ടെന്നും ഇവർ ആദ്യമായല്ല വിലപിടിപ്പുള്ള കാറുകളോ ആഡംബരമോ കാണുന്നതും എന്നും വര്‍ഷങ്ങളോളം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ഇവരോടൊപ്പമുള്ള സിദ്ധു എഴുതുന്നു. ഇന്ദ്രജിത്തും പൃഥ്വിരാജും പഴയ ബെന്‍സ് കാറിനുമുന്നില്‍ നില്‍ക്കുന്ന ചിത്രവും സിദ്ധുപോസ്റ്റ് ചെയ്തിട്ടുണ്ട്.
സിദ്ധുവിന്റെ കുറിപ്പ് വായിക്കാം
ഒരാൾ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കിൽ തെറ്റാണെന്നു പറയാൻ പറ്റില്ല. ആർക് ലൈറ്റുകളുടെ മുന്നിൽ കഠിനമായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയിൽ ഇൻവെസ്റ്റ് ചെയ്തുമാണ് സുകുമാരൻ സാർ സമ്പന്നനായത്. 49 ആം വയസിൽ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവികമാണ്. ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവർക്കു ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്.ഞാൻ സാറിന്റെ കൂടെ കൂടുമ്പോൾ അംബാസിഡർ ബെൻസ് എന്നീ കാറുകളുണ്ട്. പിന്നാലെ മാരുതി വന്നു.
ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്കൂളിൽ വിടും. സർക്കാരിന് കൃത്യമായി ടാക്സ് കൊടുക്കുന്ന ഏതൊരാൾക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്. സർക്കാരിന് കൊടുക്കാനുള്ള ടാക്സ് വെട്ടിക്കുകയോ വണ്ടികൾ അന്യനാട്ടിൽ രജിസ്റ്റർ ചെയ്തു ലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല അവർ.ചേച്ചി ചോദിച്ച ഈ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നുയരേണ്ടതാണ്. റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് ചാനലുകൾ പരമ്പരതന്നെ ടെലികാസ്റ് ചെയ്യാറുള്ളത് നമ്മൾ മറന്നുപോകരുത്. മെയിൻ റോഡുകളുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്. അപ്പോൾ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം.പിന്നെ പലർക്കും അറിയാത്ത ഒരു കാര്യം ആ ഇന്റർവ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ്. ചോദ്യം അവർ കാണിക്കുന്നില്ലെന്നു മാത്രം.
സാറിന്റെയും ചേച്ചിയുടെയും മനസിന്റെ നന്മയെ കുറിച്ച് ഞാൻ പറയാം. ഞാൻ സാറിന്റെ കൂടെ കൂടിയപ്പോൾ അദ്ദേഹത്തിന്റെ പടത്തിന്റെ ജോലികൾ ഏൽപ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യം തന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. ദൂരെ വിളിപ്പുറത്തു എവിടെയെങ്കിലും നിൽക്കേണ്ട യോഗ്യതയെ ഞാൻ ആരും അല്ലാതിരുന്ന ആ കാലത്ത് എനിക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും സാറും ചേച്ചിയും എന്നോട് കരുണകാട്ടി. കരുണയായിരുന്നില്ല നിറഞ്ഞ സ്നേഹം. സാറും ചേച്ചിയും ഇന്ദ്രനും രാജുവും അടങ്ങുന്ന ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ഞാനും. ഇന്നും ഞാനും ഭാര്യയും മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ആ കുടുംബങ്ങളുടെ സ്നേഹം. ചേച്ചിയെ പരിചയം ഉള്ളവർക്കറിയാം ആ സ്നേഹവും കാരുണ്യവും. ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷിക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ. ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.