Breaking News
Home / Lifestyle / അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

അച്ഛന് കണ്ണുകാണില്ല, അമ്മയ്ക്ക് ചലനശേഷിയില്ല; പക്ഷേ ഈ മകൾ അവരെ ലോകം ചുറ്റിച്ചു

പർവതനിരകൾക്കു മുകളിലൂടെ ആകാശപ്പാതയിൽ തൂങ്ങി നീങ്ങവേ, അഹമ്മദാബാദ് സ്വദേശി ഭൂപേന്ദർ അലറിവിളിച്ചു… ‘നേഹ ഒരായിരം നന്ദി; നീ എന്നെ ലോകത്തിന്റെ നെറുകയിലെത്തിച്ചു!’ കണ്ണുകളിൽ ഇരുൾവീണ ഭൂപേന്ദറിനെ ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷത്തിലേക്കു പറത്തിവിട്ട്, നിറകണ്ണോടെ നേഹ കൈകൾ വീശി. റോപ് വേയുടെ അങ്ങേത്തലയ്ക്കൽ ഭൂപേന്ദർ ചെന്നു നിന്നപ്പോൾ, ഇക്കരെ നിന്നു നേഹ വിളിച്ചു പറഞ്ഞു: ‘ഭൂപേന്ദർ, താങ്കൾക്കു മുന്നിൽ വൈകല്യം തോറ്റു’!

ഭൂപേന്ദറിനെപ്പോലെ ഭിന്നശേഷിക്കാരായ നൂറുകണക്കിനാളുകൾക്കു നേഹ അറോറ മാലാഖയാണ്. നിശ്ചലമായ ജീവിതങ്ങൾക്കു ചിറകു നൽകിയ മാലാഖ! വർഷങ്ങൾ വീൽചെയറിൽ കഴിഞ്ഞ വീട്ടമ്മ, നേഹയെ കെട്ടിപ്പിടിച്ചിരുന്ന് കുത്തിയൊലിക്കുന്ന ഗംഗയിലൂടെ കുതിച്ചു പാഞ്ഞു. ഒരടിപോലും നടക്കാനാവാത്ത ബ്രസീലുകാരൻ ഉത്തരേന്ത്യയിലും നേപ്പാളിലും തന്റെ വീൽചെയറിൽ കറങ്ങി; കാഴ്ച നഷ്ടമായ ബാങ്ക് ഉദ്യോഗസ്ഥൻ അവൾക്കൊപ്പം ഹിമാലയൻ മലനിരകൾക്കു മുകളിലേക്കു നടന്നുകയറി!

ഭിന്നശേഷിക്കാരെ കാണാക്കാഴ്ചകളിലേക്കു കൂട്ടിപ്പോകാൻ ‘പ്ലാനറ്റ് ഏബിൾഡ്’ എന്ന സ്റ്റാർട്ടപ് സംരംഭത്തിനു രൂപം നൽകിയ നോയിഡ സ്വദേശിയായ നേഹ പറയുന്നു: ‘വൈകല്യം ഒന്നിനും തടസ്സമല്ല; വരൂ നമുക്കൊരു യാത്രപോകാം.’

സാഹസികതയിലേക്ക് ശുഭയാത്ര

സ്വന്തമായുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓഫിസിൽ നിന്നു കയ്യും വീശി ഇറങ്ങുമ്പോൾ നേഹയുടെ മുന്നിൽ നീണ്ടുനിവർന്നൊരു വഴി കിടന്നു; പെരുവഴി. യാത്രകൾ ഇഷ്ടപ്പെട്ട അവൾ അതുവഴി സന്തോഷത്തോടെ നടന്നു; നിനക്കു വട്ടാണെന്നു പറഞ്ഞ സുഹൃത്തുക്കളെ നോക്കി ചിരിച്ചു! ആശയറ്റ ഒട്ടേറെ ജീവിതങ്ങൾക്കു വഴിയൊരുക്കാനുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.

‘പ്ലാനറ്റ് ഏബിൾഡി’ന്റെ യാത്ര രണ്ടാം വർഷത്തിലേക്കെത്തുമ്പോൾ എന്തുനേടി എന്നു ചോദിച്ചാൽ നേഹ പറയും; മനസ്സുകൾ നേടി! ഭിന്നശേഷിക്കാരായ മുന്നൂറിലധികം പേർ പ്ലാനറ്റ് ഏബിൾഡിന്റെ കരംപിടിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്രപോയി. നാലു ചുവരുകൾക്കുള്ളിൽ ജീവിതം അവസാനിച്ചെന്നു കരുതിയവർ ഹിമാലയത്തിനു മുകളിൽവരെ എത്തി.

ഭിന്നശേഷിക്കാർക്കായി നേഹ ഒരുക്കുന്ന യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. വിനോദസഞ്ചാര കേന്ദ്രം കണ്ടുമടങ്ങുന്ന വെറും യാത്രകളല്ല അവ; മനസ്സും ശരീരവും കോരിത്തരിക്കുന്ന സാഹസിക യാത്രകൾ. മറ്റുള്ളവരെപ്പോലെ യാത്ര ചെയ്യാൻ ഭിന്നശേഷിക്കാർക്കും അവകാശമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന നേഹ, രാജ്യത്തെ സഞ്ചാര ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പോരാട്ടത്തിലാണ്. ‘ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകളും അനുഭവങ്ങളും അവർക്കുകൂടി അവകാശപ്പെട്ടതല്ലേ?’–പ്ലാനറ്റ് ഏബിൾഡ് തുടങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോൾ നേഹ തിരിച്ചു ചോദിച്ചു.

മാതാപിതാക്കളുടെ കരംപിടിച്ച്

‘ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അവരുടെ മനസ്സ് നിറഞ്ഞു തുളുമ്പുന്നതു ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു. ആ കാഴ്ചയ്ക്കു പകരമായി ഈ ലോകത്തു മറ്റൊന്നില്ല’ – വൈകല്യമുള്ളവർക്കായി ഒരുക്കിയ സാഹസിക യാത്രകളെക്കുറിച്ചു നേഹ വാതോരാതെ പറയുമ്പോൾ,

നോയിഡയിലെ വീട്ടിൽ അതിനു കാതോർത്ത് അച്ഛൻ സതീഷ് ചന്ദ്രയും അമ്മ അച്‌ലയും ഒപ്പമിരുന്നു. സതീഷിനു കണ്ണു കാണില്ല; അച്‌ലയുടെ അരയ്ക്കു താഴെ ചലനശേഷിയില്ല. മുപ്പതാം വയസ്സിൽ ജോലി ഉപേക്ഷിച്ചു പെരുവഴിയിലേക്കിറങ്ങാൻ നേഹയ്ക്കു പ്രചോദനമായത് ഇവരാണ്. സ്വന്തം സംരംഭം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ, അത് ഭിന്നശേഷിയുള്ളവരുടെ സന്തോഷത്തിനു വേണ്ടിയാകണമെന്നു മകളെ ഓർമിപ്പിച്ച അച്ഛനും അമ്മയും.

About Intensive Promo

Leave a Reply

Your email address will not be published.