Breaking News
Home / Lifestyle / നോവിച്ചിട്ടും തളരാത്ത പ്രണയം വീട്ടുകാരുടെ തടങ്കലില്‍ നിന്നും ആരതി ഓടിയെത്തി

നോവിച്ചിട്ടും തളരാത്ത പ്രണയം വീട്ടുകാരുടെ തടങ്കലില്‍ നിന്നും ആരതി ഓടിയെത്തി

പ്രണയം സത്യമാണെങ്കില്‍ കാത്തിരിപ്പ് വെറുതെയാകില്ല, ഹരിപ്പാടുകാരന്‍ എഡ്‌വിന്റെ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്, ആരതി ഇനി എഡ്‌വിന്റെ സ്വന്തം. വീട്ടുകാരുടെ കടുത്ത പീഡനങ്ങള്‍ സഹിച്ചും എതിര്‍പ്പുകളെ സധൈര്യം നേരിട്ടും ആരതി എഡ്‌വിന്റെ അരികിലേക്ക് ഓടിയെത്തി, ഒന്നിച്ചുകണ്ട സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍.

കൃത്യം ഒരുമാസം മുമ്പാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി എഡ്വിന്റെ ഫേസ്ബുക്ക് ലൈവ് സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. തന്റെ ഭാര്യ ആരതിയെ അവളുടെ വീട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞുള്ള വീഡിയോ.

ഈ ക്രിസ്തുമസ് ദിനത്തില്‍ ആരതി എഡ്‌വിന്റെ സ്വന്തമായി. എഡ്വിന്റെ മാതാപിതാക്കളുടെ ആശിര്‍വാദത്തോടെ രജിസ്റ്റര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. എഡ്വിന്‍ ജീവിതത്തിലേക്ക് കൈപിടിച്ചപ്പോള്‍ ആരതിയുടെ കണ്ണുകള്‍ നിറഞ്ഞു. ത്. ഏതാനും സുഹൃത്തുക്കളും ഈ ധന്യനിമിഷത്തിന് സാക്ഷികളായി. ഇവരുടെ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

വീട്ടുകാര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന ആരതിയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു എഡ്വവിനും കൂട്ടുകാരും. വീട്ടുകാര്‍ കൊണ്ടുപോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. നാഗര്‍കോവില്‍ പോലീസ് സ്റ്റേഷനില്‍ എഡ്വവിന്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ അവളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നായിരുന്നു എഡ്വവിന് കിട്ടിയ വിവരം.

ഒടുവില്‍ ഭാര്യയെ തിരികെ കിട്ടാനായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു എഡ്വവിന്. ജനുവരിയില്‍ കേസ് വിളിക്കുമ്പോള്‍ ആരതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അന്ന് ആരതിയെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്ന കാത്തിരിപ്പിലായിരുന്നു എഡ്വവിന്‍. ഇടയ്ക്ക് ചെറിയൊരു ആശ്വാസമെന്നോണം ആരതിയുടെ ഫോണ്‍കോള്‍ എത്തി. എവിടെയാണെന്ന് അറിയാന്‍ സാധിച്ചില്ലെങ്കിലും ജീവനോടെയുണ്ടെന്നുള്ള അറിവ് സമാധാനം നല്‍കി. ആരതിയെ കാത്ത് ദിവസങ്ങളെണ്ണി കാത്തിരുന്ന എഡ്വവിന്റെ അടുത്തേക്ക് എല്ലാ വിലക്കുകളും ഭേദിച്ച് ആരതി എത്തി.

ഈ ഒരുമാസക്കാലം ചെന്നൈയിലും ഈറോഡിലും നാഗര്‍കോവിലിലുമായി ആരതിയെ വീട്ടുകാര്‍ മാറി മാറി പാര്‍പ്പിക്കുകയായിരുന്നു. എഡ്വിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, രക്ഷിതാകള്‍ക്ക് അനുകൂലമായ കത്തെഴുതിച്ചു, ചെന്നൈയില്‍ ഒരു അപ്പാര്‍ട്ടമെന്റില്‍ ഒരാഴ്ചയോളം പൂട്ടിയിട്ടു, അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു, എഡ്വിനെ മറക്കാനായി കൗണ്‍സിലിങ്ങ് നടത്തിച്ചു. എന്നാല്‍ ഒന്നിനും ഇവരുടെ പ്രണയത്തെ തളര്‍ത്താനായില്ല.

ചെന്നൈയില്‍ എത്തിയശേഷം കൈയ്യിലെ എഡ്വിന്റെ പേര് കുത്തിയ ടാറ്റൂ മായ്ച്ചുകളയാനായി ശ്രമം. ഡോക്ടറെ കാണിച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ പാട് അവശേഷിക്കുമെന്ന് അറിഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് ലേസര്‍ ചെയ്യിച്ചു. അവിടുന്ന് പിന്നെയും നാഗര്‍കോവിലിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടില്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാന്‍ വേലക്കാരിയെ ചട്ടംകെട്ടിയിരുന്നു.

വീട്ടില്‍ സ്വസ്ഥമായി ഒരിടത്ത് നടക്കാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. കുളിക്കുമ്പോള്‍ പോലും കുറ്റിയിടാന്‍ അനുവദിച്ചിരുന്നില്ല. മുറിയുടെ കൊളുത്ത് പോലും എടുത്തുമാറ്റി. മുറി തുറന്നുവേണമായിരുന്നു ഉറങ്ങാന്‍. താക്കോലുകള്‍ എല്ലാം അമ്മയുടെ കൈയിലായിരുന്നു.

ഒരുമാസം നീണ്ട കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ആരതി എത്തിയത്. വേലക്കാരിയുടെ ശ്രദ്ധമാറിയ സമയത്ത്, അമ്മയും അച്ഛനും ഉറക്കമാണെന്ന് മനസിലാക്കി വീടിന് പുറകിലെ ഗ്രില്ലിന്റെ താക്കോല്‍ കണ്ടെടുത്ത് തുറന്ന് ആരതി ഇറങ്ങി ഓടുകയായിരുന്നു.

വീടിന്റെ പുറകിലെ ഒരു ഗ്രില്ലിന് നാല് താക്കോലുകളുണ്ട്. ഉറങ്ങാന്‍നേരം അമ്മ ഈ നാല്‍ താക്കോലും ഒപ്പം വെയ്ക്കും. അല്ലാത്ത സമയത്ത് രണ്ട് താക്കോല്‍ ഫ്രിഡ്ജിന്റെ പുറകിലാണ് ഉളിപ്പിക്കുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു. ഒരുദിവസം ഇത് ഉപയോഗിച്ച് തുറക്കാന്‍ സാധിക്കുമോയെന്ന് പരീക്ഷിച്ചുനോക്കി. തുറക്കുമെന്ന് കണ്ടപ്പോള്‍ പൂട്ടി അതുപോലെ തന്നെ താക്കോല്‍ തിരികെ ഇരുന്ന സ്ഥലത്ത്വെച്ചു.

എല്ലാ മുറികള്‍ക്കും പ്രത്യേകം താഴും പൂട്ടും നിര്‍മിക്കാനായി ഇരുപത്തിമൂന്നാം തീയതി ഒരു പണിക്കാരന്‍ വന്നു. ഉച്ചസമയത്തായിരുന്നു അത്. വേലക്കാരി മുറികള്‍ കാണിച്ചുകൊടുക്കാനായി മുകളിലത്തെ നിലയിലേക്ക് പോയി.

ആ സമയം അച്ഛനും അമ്മയും ഉറക്കമായിരുന്നു. ഈ അവസരം നോക്കി പുറകിലത്തെ ഗ്രില്‍ തുറന്ന് ഞാന്‍ ഇറങ്ങി ഓടി. കൈയില്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയും ഉണ്ടായിരുന്നു. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരം വരെ വരാന്‍ എനിക്ക് അറിയാം.

അടുത്തുള്ള ജംഗ്ഷനില്‍ നിന്നും ടാക്‌സി പിടിച്ചു. ഡ്രൈവറുടെ ഫോണില്‍ നിന്നും എഡ്വിനെ വിളിച്ചു. ഹരിപ്പാട്ട് എഡ്വിന്റെ വീട്ടിലേക്ക് എത്താനുള്ള വഴി ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുത്തു. ഇരുപത്തിമൂന്നിന് രാത്രിയോടെ എഡ്വിന്റെ വീട്ടിലെത്തി. ഇരുപത്തിനാലാം തീയതി ഔദ്യോഗികമായി വിവാഹിതരാവുകയായിരുന്നു.

എഡ്വിന്റെ വീട്ടുകാര്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. അവര്‍ക്ക് എന്നെ കാണാതായ പോയതിന്റെ സങ്കടമായിരുന്നു. എഡ്വിന്റെ മമ്മി ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. പക്ഷെ ഞങ്ങള്‍ക്ക് എന്റെ മാതാപിതാക്കള്‍ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയമുണ്ട്. അവര്‍ എന്തിനും മടിക്കില്ല.- പുതിയ ജീവിത പ്രതീക്ഷകളോടെ ആരതി പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.