ഇരട്ട കുഞ്ഞുങ്ങൾ എന്ന് പറയുമ്പോൾ തന്നെ ഒരു കൗതുകം ആണ്. അങ്ങനെയിരിക്കെയാണ്, ചേച്ചി സുഖമില്ലാതെ ഇരിക്കുവാണെന്നും ഇരട്ടക്കുട്ടികൾ ആണെന്നും ഞങ്ങൾ അറിയുന്നത്.
കുടുംബത്തിൽ ആദ്യമായി ഇരട്ട കുഞ്ഞുങ്ങൾ പിറക്കാൻ പോകുന്നു എന്നറിഞ്ഞ സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല. 2010 ഫെബ്രുവരി 11 നാണ് ആ രണ്ടു മാലാഖ കുഞ്ഞുങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നത്, കുഞ്ഞു നൈഗയും രണ്ടു മിനിറ്റ് വ്യത്യാസത്തിൽ കുഞ്ഞു വൈഗയും.
എല്ലാർക്കും വളരെ കൗതുകം ആയിരുന്നു അവരുടെ ഒരേ പോലുള്ള ഡ്രസിങ്ങെല്ലാം കാണുമ്പോൾ. പെൺകുഞ്ഞുങ്ങൾ ആയതു കൊണ്ട് പിന്നെ പറയേണ്ടതില്ലലോ, അവിടെ ചെന്നാൽ വൈഗ മോളെയാണ് കൂടുതലും ഞാൻ എടുക്കാറ്. വൈഗ മോൾ പിന്നെ ആരെടുത്തു തോളിൽ ഇട്ടാലും ഉറങ്ങിക്കോളും. നൈഗ മോൾക്ക് ചേച്ചി തന്നെ വേണം എന്ന് നിർബന്ധം ആണ്.
രണ്ടാൾക്കും ഒന്നര വയസ്സുള്ളപ്പോളാണ് ഇവിടെനിന്നും ന്യൂസ്ലാൻഡിലെ അക്കുലന്റിലേക്ക് ചേച്ചിക്കും ചേട്ടനും ജോലി ശരിയായി പോകുന്നത്. പിന്നിടുള്ള അവരുടെ വളർച്ചകൾ കാണുന്നത് ഫോട്ടോയിലും വിഡിയോ കോളിലുമാണ്. ഒന്നര വയസ്സിൽ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോയത് കൊണ്ടാവാം രണ്ടാൾക്കും നമ്മുടെ നാട്ടിലെ വിശേഷങ്ങൾ അറിയാനും ഇവിടത്തെ ഫുഡ് കഴിക്കാനും എല്ലാവരേം കാണാനും കൊതിയായിരുന്നു. എപ്പോൾ വിളിച്ചാലും നാട്ടിലേക്ക് ഉടൻ വരും എന്നുപറയും.
വിദേശരാജ്യത്ത് വളരുവാണേലും നല്ല എളിമയോടെയും ദൈവഭക്തിയോടെയുമാണ് രണ്ടാളും വളർന്നുവന്നത്. അങ്ങനെ ഇരിക്കയാണ് കുഞ്ഞു വൈഗയുടെ ജീവിതത്തിൽ പനി വില്ലനായി വന്നത്. 2016 ഓഗസ്റ്റ് 26, ഞങ്ങളുടെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമാണ്. കുഞ്ഞിന് പനി കൂടി ICU വിൽ ആണെന്നും കുറച്ചു സീരിയസ് ആണെന്നും നാട്ടിൽ വിളിച്ചു പറഞ്ഞു. എല്ലാരും പ്രാർത്ഥനയോടെ കഴിച്ചുകൂട്ടിയ ദിവസങ്ങൾ. ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ തളര്‍ന്നുപോയി കുഞ്ഞു വൈഗ. കുഞ്ഞിന്റെ ഒരു ഭാഗം തളർന്നു.
വൈഗ മോളുടെ ബ്രെയിൻ സെല്ലുകൾ മരിച്ചു തുടങ്ങി ഇനി പ്രതീക്ഷ വേണ്ടാന്നു വരെ ഡോക്ടർസ് വിധിയെഴുതി. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് യാതൊരു ഉറപ്പും ഇല്ലെന്നു ഡോക്ടര്‍മാര്‍ മൂന്ന് തവണ പറഞ്ഞു. രണ്ടാഴ്ചയിലേറെക്കാലം വൈഗ വെന്റിലേറ്ററില്‍ കിടന്നു. ഞങ്ങളുടെ കുടുംബം ഒരു മനുഷ്യ ആയുസ്സിൽ അനുഭവിക്കാവുന്നതിലേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. ഈ സമയങ്ങളിൽ എല്ലാം തന്റെ കൂടപ്പിറപ്പിനു വേണ്ടി പ്രാർത്ഥനയോടെ ഒപ്പംതന്നെ കുഞ്ഞു നൈഗയും ഉണ്ടായിരുന്നു.
നമുക്ക് അറിയാം ബ്രെയിൻ ഡെത്ത് എന്നുപറഞ്ഞാൽ ഇനി ഒരു പ്രതീക്ഷയും വേണ്ടാന്ന്. പക്ഷെ, ദൈവത്തിന്റെ ശക്തമായ കരങ്ങൾ ഞങ്ങളുടെ വൈഗ മോളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഓപ്പൺ സ്കൾ സർജറിയിലൂടെ വൈഗയുടെ ജീവൻ തിരിച്ചു ലഭിച്ചു. വൈഗ മോളുടെ സർജറിയിൽ അവളുടെ മുടി മുറിച്ചപ്പോൾ തന്റെ മുടിയും മുറിച്ചു ക്യാൻസർ രോഗികൾക്കായി നൽകി കുഞ്ഞു നൈഗ.
പിന്നീട് കുഞ്ഞു വൈഗയെ പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവളുടെ ഒപ്പം ഉണ്ടായിരുന്നു. വെറും ആറര വയസ്സിൽ തന്റെ കൂടപ്പിറപ്പിനുവേണ്ടി പ്രാർത്ഥനയോടെ എന്നും ഒപ്പമുണ്ടായിരുന്നു നൈഗ മോൾ. എത്രയെത്ര മാസങ്ങൾ ഹോസ്പിറ്റലും റീഹാബിലിറ്റേഷൻ സെന്ററിലും ആയി അവർ കഴിച്ചുക്കൂട്ടി. അദ്ഭുതശിശു എന്നാണ് ഡോക്ടർമാർ വൈഗ മോളെ വിളിക്കുന്നത്. ആ കുഞ്ഞുശരീരം ഏറ്റുവാങ്ങിയ വേദനകളും ഈ സമയങ്ങളിൽ കുടുംബം അനുഭവിച്ച വേദനയും വലുതാണ്.
ദൈവാനുഗ്രഹത്താൽ കുഞ്ഞു വൈഗ സുഖമായി വരുന്നു. അവരുടെ ജീവിതത്തിൽ ഉണ്ടായ ഈ വലിയ അനുഭവങ്ങളിലെ കുറച്ചു ഭാഗങ്ങളും ’മിഴി നിറഞ്ഞു മനം മുറിഞ്ഞു…’ എന്ന ചിത്ര ചേച്ചി ആലപിച്ച ഗാനവും ഉൾപ്പെടുത്തി വിഡിയോ ആൽബം ചെയ്തിരുന്നു.
ഞങ്ങളുടെ നൈഗ മോളാണ് ആ പാട്ട് തന്റെ സഹോദരി വേണ്ടി ആലപിച്ചിരിക്കുന്നത്. അവരുടെ ജീവിതം ഓരോരുത്തർക്കും പ്രചോദനമാകട്ടെ. എന്റെ മാലാഖ കുഞ്ഞുങ്ങൾക്ക് ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.- ജെൻസി ചക്കാലക്കൽ