കണ്ടാൽ ഇപ്പോളും യുവതി തന്നെയാണ്.. രണ്ട് പെറ്റെന്നും.. പ്രായമായ മക്കൾ ഉണ്ടെന്നും പറയൂല്ല…അടക്കം പറയുന്നു അവർ…
മക്കളെ പൊന്നുപോലെ നോക്കി..ഒരു കുറവും വരുത്തിയില്ല..
ഒന്നുകൂടെ കെട്ടാൻ ഉള്ള ചെറുപ്പം ഇപ്പോളും ഉണ്ടായിരുന്നു..
അതാര പറഞ്ഞേ….തനിക്ക് ഒരു വിവാഹ ആലോചന വന്നെന്നു പറഞ്ഞപ്പോൾ …അവിടെ എങ്ങാനും അടങ്ങി ഒതുങ്ങി കഴിഞ്ഞൂടെ നാശംപിടിച്ചവളെ എന്നു പ്രാകിയ അമ്മായിയോ…
നല്ലൊരു ചേച്ചിയായിരുന്നു…ങ്ങേ അത് ബസ് സ്റ്റോപ്പിൽ നിന്നു തന്നെ നോക്കി അടിമുടി ഉഴിയുന്ന ചെക്കൻ അല്ലെ…
അവളുടെ തിളക്കം പോയ നോട്ടം ചുറ്റും ഓടിനടന്ന്. വർഷങ്ങൾക്ക് ശേഷം ഇന്നാദ്യമായി..എല്ലാരേയും താൻ സ്വാതന്ത്ര്യത്തെ നോക്കുന്നെ….
പുറത്ത് ഇറങ്ങിയാൽ നല്ലപോലെ ഒന്നു നോക്കിയാൽ അവളുടെ നോട്ടം കണ്ടില്ലേ…വിധവ ആണെന്നുള്ള ചിന്ത ഉണ്ടോ…
പിന്നെ പിന്നെ ജോലിക് പോകാനിറങ്ങിയാൽ മുഖമുയരാതെ ശ്രദ്ധിച്ചു….
കല്യാണവീടുകളിൽ പോയാൽ ഒന്നൊരുങ്ങിയാൽ..സിനിമ കണ്ടു ഉറക്കെ ചിരിച്ചാൽ…
കുറ്റങ്ങൾ ആയിരുന്നു…. ഒറ്റപ്പെട്ടവൾ ആണ്…അങ്ങനെ ചെയ്തുകൂടാ…വഴി പിഴച്ചു പോകുമെന്ന്…
മക്കൾ പോലും ചിലപോൾ തന്നെയൊരു കറവപശുവിനെ പോലെ കണ്ടു…
എവിടെ മക്കൾ …അവർ ഫോണിൽ നോക്കുവാണോ….കൂട്ടുകാരെ വിളിച്ചു ആദരാഞ്ജലി പോസ്റ്റ് ഇടാൻ പറയുവാണ് ..തന്റെ ഫോട്ടോ എടുക്കുന്നല്ലോ…
ഇത്രനാളും തന്റെ മുഖം നല്ലപോലെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു അവർ…ഒരാൾ തന്റെ മുടി നേരെയാക്കുന്നു…മോൾ തനിക്ക് മിനുങ്ങുന്ന കസവ് മൂടുന്നു…സെൽഫി എടുക്കുവാണോ…
സെൽഫി കഴിഞ്ഞ്… അവരുടെ ഊഴം കഴിഞ്ഞ്….
വിധവയ്ക്ക് സ്വപ്നം കാണാൻ പാടില്ല ജീവിച്ചിരിക്കുമ്പോൾ…
ഭൗതിക സുഖങ്ങൾ പുറത്തു കാണിച്ചുകൂടാ…
അവളുടെ ശരീരത്തിനു വികാരമില്ല…. ദേഷ്യമില്ല…
തന്നെ ഇടിച്ചിട്ട വണ്ടിക്കാരൻ…അയാൾ വാരിയെടുത്തതു മാത്രം ഓർമയിൽ …..
പിന്നെ കാണുന്നത് ഇവിടെ ഈ ജനക്കൂട്ടത്തിനു നടുവിൽ….
തന്നെ സ്നേഹിക്കാൻ മത്സരിക്കുന്നുണ്ട് എല്ലാരും… ഇത്രയും കണ്ണുനീരൊ തനിക്കുവേണ്ടി …
ജോലി ഇല്ലാതെ താൻ മക്കളെ പട്ടിണി ഇല്ലാതെ നോക്കാൻ ഇത്തിരി അരി ചോദിച്ചപ്പോൾ….
നിനക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ …എന്നർത്ഥം വെച്ചു ചോദിച്ച ….അടുത്തവീട്ടിലെ… ചേടത്തി പതം പറഞ്ഞ് കരയുന്നുണ്ടല്ലോ…..
പാവം പെണ്ണായിരുന്നു…. ഒരു ഉറുമ്പിനെ പോലും നോവിക്കില്ലായിരുന്നു കിടക്കുന്ന കിടപ്പ് കണ്ടാൽ സഹിക്കൂല്ലേ….. ഇത്ര സ്നേഹമോ ഇവർക്കെന്റെ ജഡത്തിനോട്……
ഭർത്താവ് ആയുസെത്തും മുന്നേ മരിച്ചപ്പോൾ…തന്റെ ജാതകദോഷമെന്നു വിളിച്ചു കൂവി എല്ലാരും…ഒറ്റപെടുത്തി….സമൂഹത്തിൽ ഇറങ്ങി നടക്കാൻ അനുവാദമില്ലാത്തവളാക്കി……..
ഇനി ബോഡി എടുക്കാമെന്ന്…. ആരോ പറയുന്നു…..മക്കളെവിടെ….വരുന്നു…. അമ്മേ ഞങ്ങളെ വിട്ടു പോകുവാണോ….. അവരുടെ കരച്ചിൽ… തന്റെ നെഞ്ചിലൊരു മിടിപ്പ് ഉയർത്തിയെന്നു തോന്നി.. …
നാട്ടുകാരിൽ പലരും തേങ്ങുന്നുണ്ടായിരുന്നു….
ഈ സ്നേഹം താൻ ജീവിച്ചിരുന്നപ്പോൾ കാണിച്ചിരുന്നേൽ…ഒരുപക്ഷേ… താൻ ഭ്രാന്ത് പിടിച്ച ചിന്തകളുമായി… റോഡിലൂടെ നടന്നു… ആ വണ്ടി കീഴിൽ കേറില്ലായിരുന്നു…..
ഇനിയൊരു ജന്മം ഈ ഭൂമിയിൽ വേണമോ….വേണം..പക്ഷെ ഒരു വിധവ ആകാതെ ഇരുന്നാൽ മതി ആ ജന്മത്തിലെങ്കിലും…….
ബോഡിയിൽ തീ കത്തി പടർന്നു തുടങ്ങിയിരുന്നു…….