സമ്മാനപൊതികളും സഞ്ചിയിലാക്കി ക്രിസ്മസ് പാപ്പയായി ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളെ സന്ദര്‍ശിക്കാനെത്തി ബരക് ഒബാമ. അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായ ഒബാമയുടെ വരവ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
നിമിഷ നേരം കൊണ്ടാണ് ഒബാമയെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്തുമസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയിലെത്തിയ ഒബാമയെ കുട്ടികള്‍ ആവേശ പൂര്‍വ്വം സ്വീകരിച്ചു. ചിലര്‍ ഒബാമയെ ആലിംഗനം ചെയ്തു. കണ്ണിന ഈറനണിയിക്കുന്ന നിമിഷമായിരുന്നു അത്. കുട്ടികളെ ആലിംഗനം ചെയ്ത് സ്നേഹമറിയിക്കുകയും ശേഷം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് ഒബാമ ട്വിറ്ററിലൂടെ അറിയിച്ചു. മുന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പങ്കു വെച്ചിരുന്നു. ആ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
രണ്ടു പെണ്‍കുട്ടികളുടെ പിതാവായ തനിക്ക് രോഗികളായ കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും അവസ്ഥ മനസിലാക്കാന്‍ കഴിയുന്നുവെന്നും ആ കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി നോക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും അവിടെ കണ്ടുമുട്ടിയ എല്ലാവരും, അതാണ് ആശുപത്രിയില്‍ കണ്ട ഏറ്റവും മഹത്തായ കാര്യമെന്ന് അദ്ദേഹം കുറിച്ചു.