ദേശീയപാതയില്‍ കുപ്പം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ 19 കാരിയെ അതുവഴി ബൈക്കില്‍ വരികയായിരുന്നു യുവാവ് പിറകെ ചാടി രക്ഷപ്പെടുത്തി. നടന്നുവരികയായിരുന്ന പെണ്‍കുട്ടി പെട്ടന്ന് പാലത്തിന് മുകളില്‍ കയറി കയ്യിലെ ബാഗ് വലിച്ചെറിഞ്ഞ് പുഴയിലേക്ക് ചാടുകയായിരുന്നു.
ഇളയച്ഛന്റെ സി ടി സ്കാന്‍ റിപ്പോര്‍ട്ട് വാങ്ങി പരിയാരം മെഡി.കോളജില്‍ നിന്നും ബൈക്കില്‍ മടങ്ങുകയായിരുന്നു ചാലത്തൂര്‍ സ്വദേശിയായ കെ.വി.സൗരവും സഹോദരന് അഭിഷേകും ബൈക്ക് നിര്‍ത്തി സൗരവ് പെട്ടെന്നുതന്നെ പുഴയിലേക്ക് ചാടുകയായിരുന്നു.
അഭിഷേക് ഈ സമയം അതുവഴി വരികയായിരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആളെ കൂട്ടുകയായിരുന്നു. സൗരവ് അതിനിടെ പെണ്‍കുട്ടിയെ രക്ഷിച്ച് പാലത്തിന്റെ തൂണിനടിയില്‍ എത്തിച്ചു. പിന്നീട് തോണിക്കാരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പാച്ചേനി തുരുവട്ടൂര് സ്വദേശിനിയായ പെണ്‍കുട്ടി ഡ്രൈവിംഗ് സ്കൂളിലേക്ക് പോകാനായിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.എന്‍ട്രന്‍സ് പരീക്ഷയെഴുതാനായി പരിശീലനം നേടുന്ന പെണ്‍കുട്ടി രണ്ട് തവണയും മെഡിസിന് സീറ്റ് കിട്ടാതെ വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇന്ന് രാവിലെ 11.45 നായിരുന്നു സംഭവം.
സ്വന്തം ജീവന് മറന്ന് പിറകെ ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സൗരവിനെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് അഭിനന്ദിച്ചു.പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്.വിനീഷ് പൊന്നാടയണിയിച്ചു. എഎസ് ഐമാരായ സി.ജി.സാംസണ്, കെ.കെ.തമ്ബാന്‍ എന്നിവരും സംബന്ധിച്ചു.
പെണ്‍കുട്ടി കണ്മുന്നില് വെച്ച് പുഴയിലേക്ക് എടുത്തുചാടിയപ്പോള്‍ മറ്റൊന്നും നോക്കിയില്ലെന്നും പെട്ടെന്ന് പിറകെ ചാടാനാണ് മനസ് തോന്നിച്ചതെന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ സൗരവ് പറഞ്ഞു.കൂലിപ്പണിക്കാരനായ രഘുനാഥന്റെയും തളിപ്പറമ്പ് കൈരളി ഹോട്ടല്‍ ജീവനക്കാരി പ്രമീളയുടെയും മകനാണ്സൗരവ്.