Breaking News
Home / Lifestyle / ഓവര്‍ ഹൈപ്പും അമിതപ്രതീക്ഷയും തിരിച്ചടിച്ചു ഉദ്ദേശിച്ച ഓളമില്ലാതെ ഒടിയന്‍ നിരാശപ്പെടുത്തിയോ

ഓവര്‍ ഹൈപ്പും അമിതപ്രതീക്ഷയും തിരിച്ചടിച്ചു ഉദ്ദേശിച്ച ഓളമില്ലാതെ ഒടിയന്‍ നിരാശപ്പെടുത്തിയോ

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. അവസാന നിമിഷം ഹര്‍ത്താല്‍ പ്രഖ്യാപനം വലച്ചുവെങ്കിലും സിനിമയെ ഒഴിവാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. നിശ്ചയിച്ച പ്രകാരം തന്നെ സിനിമയെത്തുമെന്നറിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആരാധകര്‍. ഉറക്കമിളച്ച് നേരം പുലരുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുലര്‍ച്ചെ 4 മുതല്‍ ആരംഭിച്ച സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ അതിഗംഭീരമായിരുന്നു.

ആദ്യ പകുതി ത്രസിപ്പിക്കുന്നുവെന്നും ക്ലൈമാക്‌സിനായി കാത്തിരിക്കുകയാണെന്നുമൊക്കെയായിരുന്നു തുടക്കത്തിലെ വിലയിരുത്തല്‍. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പ്രമോഷന്‍ രീതികളായിരുന്നു സിനിമയില്‍ പ്രയോഗിച്ചത്.

റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയതും പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയ കാര്യത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാത്തിരിപ്പിന് വിരാമമിട്ടെത്തിയ സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അമിത പ്രതീക്ഷയുമായി എത്തിയതും അണിയറപ്രവര്‍ത്തകരുടെ ഓവര്‍ ഹൈപ്പും സിനിമയ്ക്ക് തിരിച്ചടിയായെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

റിലീസ് ദിനത്തില്‍ നെഗറ്റീവ് പ്രതികരണം നല്‍കി സിനിമയെ താറടിക്കാനല്ല മറിച്ച് സത്യസന്ധമായ വിലയിരുത്തല്‍ നടത്തുകയാണ് ഫില്‍മിബീറ്റ് മലയാളം. ഫാന്‍സ് പേജുകളിലും വിഎ ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലെ പ്രതികരണവും തിയേറ്ററുകളില്‍ നിന്നിറങ്ങിയ ആരാധകരുടെ പ്രതികരണങ്ങളും സിനിമ കണ്ട ഞങ്ങളുടെ പ്രതിനിധിയുടെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കിയത്.

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫാന്‍സ് ഷോയും അഡ്വാന്‍സ് ബുക്കിങ്ങുമൊക്കെ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഹര്‍ത്താലിനെ പോലും അവഗണിച്ച് ആരാധകര്‍ തിയേറ്ററുകളിലേക്ക് പ്രവാഹിക്കുകയായിരുന്നു.

ടീസറും ട്രെയിലറുകളും നല്‍കിയ ഓളം പ്രതീക്ഷിച്ചാണ് മോഹന്‍ലാല്‍ ഫാന്‍സ് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര ഓളമില്ലാതെ സിനിമ നിരാശപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അവസാന നിമിഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘി സഹോദരന്‍മാരെ ചീത്ത വിളിച്ചതില്‍ കുറ്റബോധം തോന്നുവെന്നുമാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഒടിയനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമ പുരോഗമിക്കുന്നതിനിടയില്‍ തിയേറ്റര്‍ ഉപരോധത്തിനായി ആരെങ്കിലും എത്തിയിരുന്നുവെങ്കില്‍ എന്നുവരെ ആലോചിച്ചിരുന്നതായും ആരാധകര്‍ കുറിച്ചിട്ടുണ്ട്. സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജുകളിലാണ് പ്രതികരണങ്ങള്‍.

സിനിമയെക്കുറിച്ച് വാചാലാവുന്നതിനിടയിലെ സമയമെങ്കിലും കൃത്യമായി അദ്ദേഹത്തിന് വിനിയോഗിക്കാമായിരുന്നുവെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം പലയാവര്‍ത്തി സമ്മതിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയത്.

പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒരുമിച്ചെത്തിയത് ഒടിയന് വേണ്ടിയായിരുന്നു. മുരുകനെ വെല്ലുന്ന ആക്ഷനുമായാണ് മാണിക്കനെത്തുന്നതെന്നും മോഹന്‍ലാലിന്റെ ഡെഡിക്കേഷനും സാഹസികതയോടുള്ള ഭ്രമവും തന്നെ അമ്പരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മാഫിയ ശശിയെക്കൊണ്ട് സ്റ്റണ്ട് ചെയ്യിപ്പിച്ചതിന് ശേഷം പീറ്റര്‍ ഹെയ്‌നിന്റെ പേര് നല്‍കിയതാണോ ഇതെന്നാണ് ആരാധകരുടെ സംശയവും. പുലിമുരുകനായിരുന്നു ഭേദമെന്നും അവര്‍ പറയുന്നു.

എഡിറ്റിങ്ങിലും സിനിമയ്ക്ക് നിലവാരമില്ലെന്നും ആരാധകര്‍ പറയുന്നു. മോഹന്‍ലാല്‍ വെള്ളത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന രംഗങ്ങളൊക്കെ ശരിക്കും കാണണമെങ്കില്‍ നരസിംഹം കാണാനും ആരാധകര്‍ പറയുന്നു. നീരാളിക്കും ഡ്രാമയ്ക്കും ശേഷം മോഹന്‍ലാല്‍ ഉയിര്‍ത്തെണീക്കുന്നത് ഒടിയനിലൂടെയായിരിക്കുമെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് താരത്തെയെന്നും ആരാധകര്‍ പറയുന്നു.

എംടി വാസുദേവന്‍ നായര്‍ വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. 1000 കോടി ബജറ്റിലൊരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയായിരുന്നു. ഒടിയന് മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ സംവിധായകന് കൈമാറിയിരുന്നു.

എന്നാല്‍ അടുത്തിടെയാണ് എംടി തന്റെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്നും അഡ്വാന്‍സ് തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എംടിയുടെ തീരുമാനത്തിനാണ് പിന്തുണയെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാമൂഴത്തിന്റെ ഭാവി നേരത്തെ തന്നെ അനിശ്ചിതത്വത്തിലായിരുന്നു.

ഒടിയന്‍ കണ്ടവര്‍ക്ക് നെഞ്ചുവിരിച്ച് തിയേറ്ററുകളില്‍ നിന്നും ഇറങ്ങിവരാമെന്നായിരുന്നു സംവിധായകന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ നെഞ്ച് വിരിച്ചല്ല ചങ്ക് തകര്‍ന്നാണ് തങ്ങള്‍ ഇറങ്ങി വന്നതെന്നും മോഹന്‍ലാലിനോട് ഇത് വേണ്ടെന്നുമാണ് പലരും പറയുന്നത്. ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് ആഘോഷിക്കാനായുള്ള ഒരു സംഭവവും ചിത്രത്തിലില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ച് ഡയലോഗുകളോ സംഘട്ടന രംഗങ്ങളോ സിനിമയിലില്ലായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ശ്രീകുമാര്‍ മേനോന്‍. നിശ്ചയിച്ചപ്രകാരം തന്നെ ഒടിയന്‍ അവതരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലായാണ് ആരാധകര്‍ പൊങ്കാലയുമായെത്തിയത്. സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് നല്‍കിയതിന് ശേഷം അമിത പ്രതീക്ഷകളുമായി എത്തരുതെന്ന് പറയുന്നതിലെന്താണ് ന്യായമെന്നും ആരാധകര്‍ ചോദിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.