Breaking News
Home / Lifestyle / ഒരുപാട് സെൽഫികൾ നമ്മൾ കണ്ടിരിക്കും.പക്ഷേ ഈ സെൽഫിയുടെ മൊഞ്ചിനു പിറകിൽ ഒരു ദുരന്ത കഥയുണ്ട്

ഒരുപാട് സെൽഫികൾ നമ്മൾ കണ്ടിരിക്കും.പക്ഷേ ഈ സെൽഫിയുടെ മൊഞ്ചിനു പിറകിൽ ഒരു ദുരന്ത കഥയുണ്ട്

ഒരുപാട് സെൽഫികൾ നമ്മൾ കണ്ടിരിക്കും.പക്ഷേ ഈ സെൽഫിയുടെ മൊഞ്ചിനു പിറകിൽ ഒരു ദുരന്ത കഥയുണ്ട്;ജീവിതം രണ്ടറ്റം മുട്ടിക്കാൻ പാട് പെട്ട ഒരു കുടുംബത്തിൻ്റെ അത്താണിയാകേണ്ട ഒരു കൗമാരക്കാരൻ്റെ പറയാത്ത വിലാപമുണ്ട്; അവസാനം പൊരുതാൻ ശേഷിയില്ലാതെ ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിച്ച ഒരു തകർന്ന ഹൃദയമുണ്ട്.ആ സെൽഫിക്ക് പിറകിലെ കാണാക്കഥകൾ സൗദിയിലെ മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ :

‘ആടും അവനും,ഒരു സെല്‍ഫിയിലൊതുങ്ങാത്ത ദുരന്തകഥ’

ആ ആടിന്‍െറ നില്‍പ് കണ്ടോ? അവന്‍െറ സെല്‍ഫിയിലേക്ക് ഓമനത്തം തുളുമ്പുന്ന ഒരു നോട്ടമയച്ച് ചാരുതയാര്‍ന്ന നില്‍പ്. മരുഭൂമിയില്‍ ആട്ടിടനായത്തെിയ ശേഷം അവനെടുത്ത ഏറ്റവും മൊഞ്ചുള്ള സെല്‍ഫിയും ഇതായിരുന്നിരിക്കണം.

ആടും അവനും ബലി മൃഗങ്ങളാണ്. ബലിക്ക് ശേഷവും ആടിന്‍െറ ജീവിതത്തിന് വിലയുണ്ട്. തീന്‍മേശയിലെ ഏറ്റവും രുചി വിഭവമാണത്. എന്നാല്‍ അവനോ? ഒരു കയര്‍ കുരുക്കില്‍ തൂങ്ങിയാടിയ അവന്‍െറ ശരീരം ആരും തിരിഞ്ഞുനോക്കാനില്ലാത്ത ജഡ ഭാരമായി മോര്‍ച്ചറിയില്‍ കിടക്കുന്നു, ഒമ്പതര മാസമായി. ഇതാണ് ആടും അവനും തമ്മിലുള്ള ഒരേയൊരു അന്തരം.

ഈ സെല്‍ഫിയുടെ മൊഞ്ചിലൊതുങ്ങാത്ത ദുരന്ത കഥയാണത്. ഇത് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഈ സെല്‍ഫി ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ല. വിദേശ തൊഴിലിന്‍െറ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള മനുഷ്യക്കടത്ത് നിര്‍ബാധം തുടരുന്നതിന്‍െറ ഒടുവിലത്തെ ഇരയാണ് അക്ഷയ്കുമാര്‍ എന്ന ഈ ഉത്തര്‍പ്രദേശുകാരന്‍. ഇത്തരം മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയും സൗദി അറേബ്യയും നിയമവും നിയന്ത്രണങ്ങളും കര്‍ശനമാക്കിയ ശേഷവും പഴുത് കണ്ടത്തെി വിസ ഏജന്‍റുമാര്‍ മനുഷ്യക്കടത്ത് തുടരുകയാണ്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ മനുഷ്യ വിഭവശേഷി പങ്കുവെക്കുന്നത് സംബന്ധിച്ച് ആദ്യമായി ഒരു ലിഖിത കരാറുണ്ടായത് ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലാണ്. ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഗാര്‍ഹിക തൊഴില്‍ വിസയില്‍ സൗദിയിലേക്ക് വരണമെങ്കില്‍ ആ ആളുടെ സമസ്ത ക്ഷേമകാര്യങ്ങളും ഉറപ്പാക്കുന്ന കര്‍ശന വ്യവസ്ഥകള്‍ പാലിക്കണം.

എന്നിട്ടും ഗാര്‍ഹിക ജോലി വിസയിലത്തെി ആട്ടിടയനായി വെറും രണ്ട് മാസത്തിനുള്ളില്‍ ജീവനൊടുക്കേണ്ടി വരുന്നു ഇത്തരം ആളുകള്‍ക്ക്. വെറും എണ്‍പതിനായിരം രൂപക്കാണ് ഇന്ത്യന്‍ വിസ ഏജന്‍റ് ഈ യുവാവിനെ ബലികൊടുത്തത്.

വൃദ്ധരായ മാതാപിതാക്കളും അഞ്ച് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു മൂത്ത മകനായ ഈ 22 കാരന്‍. നാട്ടില്‍ ടൈലറായിരുന്ന അവന്‍െറ അധ്വാനം കൊണ്ട് ജീവിതചെലവുകളുടെ രണ്ടറ്റവും തുന്നിച്ചേര്‍ക്കാന്‍ കഴിയാതെ വിയര്‍ക്കുന്ന നിസഹായത മുതലെടുത്താണ് നാട്ടുകാരനായ ഏജന്‍റ് എണ്‍പതിനായിരം രൂപ വാങ്ങി ടൈലര്‍ പണിക്കാണ് എന്ന് പറഞ്ഞ് വിസ കൊടുക്കുന്നത്.

നിരക്ഷരായ മാതാപിതാക്കളുടെയും നിസ്വനായ അവന്‍െറയും ദുരവസ്ഥ മുതലെടുത്ത് ഏജന്‍റ് കൊടുത്തതാവട്ടെ ആട്ടിടയന്‍െറ ജോലിക്കെന്ന് സൗദി സ്പോണ്‍സര്‍ സത്യസന്ധമായി തുറന്ന് പറഞ്ഞ് നല്‍കിയ ഗാര്‍ഹിക തൊഴില്‍ വിസ. ഇക്കാര്യം മറച്ചുവെച്ചാണ് ഏജന്‍റ് യുവാവിനെ സൗദിയിലത്തെിച്ചത്.

11 മാസം മുമ്പ് സൗദിയിലത്തെി രണ്ടര മാസത്തിന് ശേഷം തൂങ്ങി മരിച്ച മകനെ കുറിച്ച് ഒരു വിവരവുമില്ലാതെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം. അവരുടെ ഈ കാത്തിരിപ്പ് കാലമെല്ലാം മകന്‍ മരിച്ചു മരവിച്ച് കിടക്കുകയാണ് ഇങ്ങകലെ മോര്‍ച്ചറിയില്‍.

എംബസിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടുമ്പോള്‍ മാത്രമാണ് ഉമ്മയും ഉപ്പയും കൂടപിറപ്പുകളുമെല്ലാം അവന്‍െറ മരണം അറിയുന്നത്, ഒമ്പതര മാസത്തിന് ശേഷം.

യു.പിയിലെ മുസ്ലിം കുടുംബാംഗമായ അക്ഷയ്കുമാര്‍ വന്നത് ഹിന്ദു എന്ന് മതം രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിലാണ്. അതുകൊണ്ട് തന്നെ വിസയില്‍ മുസ്ലിമതരന്‍ എന്നാണുള്ളതും. എന്തുകൊണ്ടാണിങ്ങനെ എന്ന് ആ പിതാവിനോട് ചോദിച്ചപ്പോള്‍, സ്കൂളിലെ രേഖയിലുണ്ടായ പിഴവായിരിക്കുമെന്ന ഊഹം പങ്കുവെക്കുകയാണ് ചെയ്തത്.

എന്ന് മാത്രമല്ല, പാസ്പോര്‍ട്ടില്‍ മതം മാറിയിരുന്നു എന്നത് പോലും ഇപ്പോഴാണ് അദ്ദേഹം അറിയുന്നതും. മരിച്ചയാളുടെ മതാചാര പ്രകാരം സംസ്കരിക്കാന്‍ സ്വദേശത്തേക്ക് അയക്കേണ്ടിവരുമല്ളോ എന്ന കരുതലില്‍ കൂടിയാവും ഒമ്പതര മാസത്തിന് ശേഷവും മോര്‍ച്ചറിയധികൃതര്‍ മൃതദേഹം സൂക്ഷിക്കുന്നതും.

About Intensive Promo

Leave a Reply

Your email address will not be published.