പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ കരിയറില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു തേന്മാവിന് കൊമ്പത്ത്. ശോഭന ലാലേട്ടന്റെ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 1994ല്‍ ആയിരുന്നു തേന്മാവിന് കൊമ്പത്ത് പുറത്തിറങ്ങിയിരുന്നത്.
ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായ ചിത്രം 25 വര്ങ്ങള്ക്കു ശേഷം വീണ്ടും തിയ്യേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഇത്തവണ 4 കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്റിംഗ് നടത്തിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 4 കെ എന്റര്‍ടെയ്ന്‍മെന്‍സാണ് സിനിമാ പ്രേമികളെ ഈ വിവരം അറിയിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം മെയ് 12നാകും ചിതം വീണ്ടും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രസിദ്ധി ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ ഗോപാലകൃഷ്ണനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.
മോഹന്‍ലാലിനെയും ശോഭനയെയും കൂടാതെ നെടുമുടി വേണു, ശ്രീനിവാസന്,കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.
ബേണി ഇഗ്നേഷ്യസ് ടീമായിരുന്നു തേന്മാവിന് കൊമ്പത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. തമിഴിലെ പ്രശസ്ത സംവിധായകനായ കെവി ആനന്ദാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.
തേന്മാവിന് കൊമ്പത്തിലൂടെ കെവി ആനന്ദിന് മികച്ച ചായാഗ്രാഹകനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. തേന്മാവിന് കൊമ്പത്ത് തമിഴില്‍ മുത്തു എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. രജനീകാന്ത് നായകനായി ചിത്രം കെഎസ് രവികുമാറായിരുന്നു തമിഴില്‍ ഒരുക്കിയിരുന്നത്.