ദുബായ് ഭരണാധികാരിയുടെ നല്ലമസന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്. ദേശീയ ദിനത്തില്‍ തന്റെ സന്ദേശം ലഭിക്കാത്തതിന് സങ്കടപ്പെട്ട് കരഞ്ഞ കുരുന്നിനെ ആശ്വസിപ്പിക്കാന്‍ ദുബായ് ഭരണാധികാരി തന്നെ നേരിട്ടെത്തുകയായിരുന്നു.
കൂട്ടുകാര്‍ക്കൊക്കെ ശൈഖ് മുഹമ്മദിന്റെ ഫോണ്‍ സന്ദേശം കിട്ടിയപ്പോള്‍ തനിക്ക് മാത്രം ആ ഫോണ്‍ കോള്‍ വരാത്തതില്‍ സങ്കടപ്പെട്ട് കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ പരിഭവം തീര്‍ക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടിലെത്തിയത്.
ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിനാണ് യുഎഇയിലെ താമസക്കാര്‍ക്ക് ശൈഖ് മുഹമ്മദിന്റെ ആശംസയെത്തിയത്. 1971 എന്ന നമ്പറില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളില്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ശൈഖ് മുഹമ്മദ് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പായിരുന്നു ഉണ്ടായിരുന്നത്.
ഭരണാധികാരിയുടെ ഫോണ്‍ കോള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുമ്പോള്‍ സലാമ അല്‍ കഹ്താനി എന്ന പെണ്‍കുട്ടി ‘എന്നെ മാത്രം അദ്ദേഹം വിളിച്ചില്ലെന്ന്’ വിതുമ്പുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
പരാതി പരിഹരിക്കാനാണ് ശൈഖ് മുഹമ്മദ് സലാമയുടെ വീട്ടില്‍ നേരിട്ടെത്തിയെത്. വീട്ടിലെ ബെഞ്ചില്‍ അദ്ദേഹം സലാമയെ ചേര്‍ത്തുപിടിച്ചിരുന്നു. ഒരുമിച്ചിരുന്ന് അദ്ദേഹം അവളോട് സംസാരിച്ചു. രാജ്യത്ത് എല്ലാവരെയും താന്‍ വിളിച്ചെങ്കിലും നേരിട്ട് കാണാനെത്തിയത് സലാമയെ മാത്രമാണെന്ന് അവളോട് പറഞ്ഞു.
എന്റെ മകളാണ് സലാമ., ഞാന്‍ നേരിട്ട് വന്നുകണ്ട് ആശംസ അറിയിച്ചെന്ന് ഇനി എല്ലാവരോടും നിനക്ക് പറയാമല്ലോയെന്നും ശൈഖ് മുഹമ്മദ് പറയുന്നു. കവിളില്‍ സ്നേഹ ചുംബനം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.