തമിഴ്നാട്ടിലെ ഒരു മിഷണറി ഹോമിൽ കടുത്ത ദുരിതത്തിൽ കഴിയുകയായിരുന്ന അൻപതോളം പെൺകുട്ടികളെ രക്ഷപ്പെടുത്തി ഐഎഎസ് ഓഫിസര്‍. തിരുവണ്ണാമലൈ ജില്ലാ കളക്ടറായ കെ.എസ്. കന്ദസാമിയാണ് ലൈംഗിക പീഡനങ്ങളുള്‍പ്പടെ പല ക്രൂരതകളും അനുഭവിക്കേണ്ടിവന്ന പെൺകുട്ടികളെ മിഷണറി ഹോമില്‍ നിന്നും മോചിപ്പിച്ചത്. സർക്കാർ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
അഞ്ചിനും 22 നും ഇടയില്‍ പ്രായമുള്ള 50 പെണ്‍കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. 65 വയസ്സുകാരനായ ലുബന്‍ കുമാര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടര്‍. അതേ കെട്ടിടത്തില്‍ സ്വന്തം കുടുംബത്തോടൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്.
ഒരു പുരുഷ സെക്യൂരിറ്റി ഗാര്‍ഡ് മാത്രമാണ് പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ഇവിടെയുണ്ടായിരുന്നത്. പെൺകുട്ടികൾക്ക് കുളിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ യാതൊരു സ്വകാര്യതയും ഇവിടെയുണ്ടായിരുന്നില്ല. കുളിമുറികളിൽ വാതിലുകളില്ലായിരുന്നു. വസ്ത്രം മാറുന്നതിന് യാതൊരുവിധ സ്വകാര്യതകളുമില്ലായിരുന്നു. മിഷണറി ഹോമില്‍ എത്തിയ കളക്ടർ ഇത് കണ്ടതോടെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.
പെണ്‍കുട്ടികളുടെ കുളിമുറിയുടെ വാതിലുകള്‍ ലുബന്‍ കുമാര്‍ നിര്‍ബന്ധപൂര്‍വം എടുത്തുമാറ്റുകയായിരുന്നു. പെണ്‍കുട്ടികള്‍ കുളിക്കുന്നത് കാണാനായി ഇയാൾ മുറിയുടെ ഒരു ജനൽ തുറന്നുവയ്ക്കുമായിരുന്നു. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ഇടങ്ങളില്‍ സിസി ടിവിയും സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങള്‍ ഇയാൾക്ക് മുറിയിൽ നിന്ന് കാണാവുന്ന തരത്തിൽ സജ്ജീകരിച്ചിരുന്നു.
ഹോമിലെ ഒരു പെണ്‍കുട്ടി ഇക്കാര്യങ്ങൾ ലുബന്‍ കുമാറിന്റെ ഭാര്യയോട് അവതരിപ്പിച്ചെങ്കിലും അവര്‍ സഹോദരനെ വിട്ട് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു പറയില്ലെന്ന് സത്യം ചെയ്യിപ്പിച്ചാണ് ഉപദ്രവം നിര്‍ത്തിയത്. രാത്രിയില്‍ ലുബന്‍ കുമാര്‍ തന്റെ ദേഹം മസാജ് ചെയ്യിപ്പിക്കാനായി പെൺകുട്ടികളെ മുറിയിലേക്ക് വിളിപ്പിക്കാറുമുണ്ട്.
സംഭവം അറിഞ്ഞതോടെ കളക്ടർ ഇടപെട്ട് ഉടൻതന്നെ മിഷണറി ഹോം പൂട്ടുകയും, ലുബന്‍ കുമാറിനും ഭാര്യക്കും സഹോദരനുമെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 17 വയസുള്ള വിദ്യ എന്ന പെണ്‍കുട്ടിയെ ബാലവിവാഹത്തിൽ നിന്ന് രക്ഷിക്കാനാണ് കളക്ടർ കന്ദസാമി മിഷണറി ഹോമിൽ എത്തിയത്. വിവാഹം വേണ്ട,
പഠിക്കണം എന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കളക്ടറുടെ സഹായം തേടിയത്. ഈ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനായി മൂന്നു ലക്ഷം രൂപ നല്‍കാമെന്നും കന്ദസാമി അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും താരമാണ് ഇപ്പോൾ കളക്ടർ കന്ദസാമി.