ശബരിമല ഡ്യൂട്ടിക്കിടെ പ്രതിഷേധക്കാര്‍ക്കെതിരെയും ഉന്നതര്‍ക്കെതിരെയും ഉണ്ടായ നടപടികളുടെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന കേസുകള്‍ നേരിടാനുള്ള പണച്ചെലവ് പോലീസ് ഏറ്റെടുത്തേക്കും. എസ്പി യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്ക്കെതിരേയുണ്ടായ കേസുകളാണ് ഇത്തരത്തില്‍ പോലീസ് സംഘടനകളായ ഐപിഎസ് അസോസിയേഷന്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന് എന്നിവര്‍ സംയുക്തമായി ഏറ്റെടുത്തേക്കുക.
പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള പോലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്നു പണമെടുക്കാനാണ് ആലോചന. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ മകന് കെപി വിജീഷ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയ്ക്കു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുകയെന്ന ജോലി കൃത്യമായി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നാണ് പോലീസിനുള്ളിലെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണു സംഘടനാതലത്തില്‍ പണമെടുക്കാന്‍ ആലോചിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകളിലൂടെ ഇക്കാര്യത്തില്‍ അഭിപ്രായം ആരായുന്നുണ്ട്. യതീഷ് ചന്ദ്രയുടെയും സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഐജി വിജയ് സാക്കറെയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ‘പോലീസ് കിങ്കരന്മാര്’ എന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിലുള്ള അസംതൃപ്തിയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തുന്നുണ്ട്.