സുഹൃത്തും എഴുത്തുകാരിയുമായ ഫൗസിയ കളപ്പാട്ട് പ്രളയകാലത്ത് താൻ അനുഭവിച്ച കരുതലിന്റെ നനവിനെക്കുറിച്ച് എഴുതിയിരിക്കുന്നു. പ്രളയകാലത്ത് പുരുഷന്മാർ എങ്ങനെയാണ് സ്ത്രീയോട് പെരുമാറിയതെന്നും ഫൗസിയ തെളിമയോട് പറഞ്ഞിട്ടുണ്ട്.ഫൗസിയയുടെ കുറിപ്പ് വായിക്കാം.
ശാരീരികാസ്വസ്ഥകൾ മായാതെ നിന്നപ്പോൾ ഇന്ന് വീണ്ടും ഡോക്ടറെ കാണാൻ പോയി വീട്ടിൽ ചെറുതായി വെള്ളം കയറിയ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു ഡോക്ടർ.ക്യാമ്പിലെ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ഡോക്ടർ സംഭാവന ചെയ്ത സാനിറ്ററി പാഡുകൾ വളരെ ഉപകാരമായി എന്ന് ഞാൻ പറഞ്ഞു.പല സാധനങ്ങൾക്കും ആവശ്യമുണ്ടായിരിക്കും എന്നറിയാമായിരുന്നിട്ടും ഡോക്ടർ ഇത് തന്നെ ക്യാമ്പിൽ എത്തിക്കാൻ തീരുമാനിച്ചതിന്റെ കാരണം എന്റെ കണ്ണുകളെ നനയിച്ചു.
ആളുകൾ ക്യാമ്പുകളിൽ താമസമായി മൂന്നാം ദിവസമാണ് പാഡുകൾ അടങ്ങിയ കിറ്റുകൾ ഡോക്ടർ ക്യാമ്പിലെത്തിച്ചത്.അന്ന് കണ്ടപ്പോൾ ഒന്ന് ചിരിക്കാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാനും.പാഡുകൾ സംഭാവന ചെയ്യാനുണ്ടായ സാഹചര്യം ഡോക്ടർ വിവരിച്ചു.ഒരു സ്ത്രീ തന്റെ ഭർത്താവും ഏഴുവയസ്സുള്ള മകനുമായി പ്രളയത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് വഞ്ചിയിൽ കയറി. ക്യാമ്പിലേക്കുള്ള യാത്രയിൽ അലമാരയിൽ നിന്നെടുത്ത ഒമ്പതിനായിരം രൂപയും രണ്ടുപവന്റെ മാലയും കളഞ്ഞുപോയി.
ഉടുതുണി മാത്രമായി കയ്യിൽ.ക്യാമ്പിലേക്കെത്തും മുൻപേ ആ സ്ത്രീക്ക് പീരിഡ്സ് ആയി.നനഞ്ഞു കുതിർന്ന് മാറി ഉടുക്കാൻ തുണിയൊന്നും കിട്ടാതെ അവർ കരഞ്ഞുകൊണ്ടിരുന്നു.മലയാറ്റൂർ ഉള്ള വീട്ടിൽ നിന്ന് കാഞ്ഞൂരുള്ള ഏതോ ക്യാമ്പിലേക്കാണ് അവരെത്തിയത്.പുരുഷന്മാരൊക്കെയുള്ള ക്യാമ്പിൽ ഒഴുകിവരുന്ന രക്തം തടുക്കാൻ തന്റെ നൈറ്റി കൊണ്ട് അവർ തുടച്ചുകൊണ്ടിരുന്നു.ഉടുത്ത തുണിയുടെ ഒരു ഭാഗം മുറിച്ചുകൊടുത്തു ഭർത്താവ് കുറച്ചുസമയം രക്ഷകനായി.പല പുരുഷൻമാരുടെയും ഉടുതുണിയുടെ കഷണം കൊണ്ടാണ് അവർ രണ്ടുദിവസം കഴിച്ചുകൂട്ടിയത്.ഞാനും ഓർക്കുന്നു ഗതാഗതം സുഗമം ആകാതിരുന്ന ഒരു ദുരിതപ്രദേശം ആയിരുന്നു കാലടി.
തന്നെ ചിലയിടത്തൊക്കെ സാധനങ്ങൾ എത്താനും വൈകി.സാനിറ്ററി പാഡുകൾ ആയിരുന്നില്ല ആരും ആദ്യം അന്വേഷിച്ചത്.വിശപ്പിന്റെ വിളികൾ ശമിപ്പിക്കാൻ ആണല്ലോ ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ആദ്യം ഓർക്കുക മൂന്നാം ദിവസം ആ സ്ത്രീക്ക് ഉടുപ്പുകൾ കിട്ടി പാഡും പക്ഷെ അപ്പോഴേക്കും അവരുടെ തുടയിടുക്കുകളിലും സ്വകാര്യ ഭാഗങ്ങളിലും ഇൻഫെക്ഷൻ ആയി അത് കാണിക്കാനാണ് ക്യാംപിലെ മെഡിക്കൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അവർ തേടിയെത്തിയത് .
അവരുടെ വേദന അറിഞ്ഞപ്പോഴാണ് വീട്ടിലേക്ക് വരും വഴി പെരുമ്പാവൂർ ക്യാമ്പിലേക്ക് ഡോക്ടർ സാനിറ്ററി പാഡുമായി എത്തിയത്.ഡോക്ടറുടെ വിവരണം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കരയാൻ പറഞ്ഞതല്ല.സാനിറ്ററി പാഡുകൾ തന്നെ ക്യാമ്പിലേക്ക് കൊണ്ട് വരാനുണ്ടായ സാഹചര്യം പറഞ്ഞതാ എന്ന് പുരുഷനായ ആ ഡോക്ടർ പറയുമ്പോഴും ഞാൻ ആലോചിച്ചത് ആ സ്ത്രീയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന് ആയിരുന്നു.
അവരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞു സ്വന്തം മുണ്ടിന്റെ അറ്റം വരെ കീറിക്കൊടുത്ത പുരുഷന്മാരെ കുറിച്ചായിരുന്നു.ഒരുകാര്യം ഉറപ്പാണ് കുറച്ചു ദുരനുഭവങ്ങൾ ഒക്കെ ഉണ്ടായെങ്കിലും നമുക്കിടയിൽ മനുഷ്യത്വം മരിച്ചിട്ടില്ല .അതുകൊണ്ടു തന്നെ നമ്മൾ തിരിച്ചു വരും വളരെ പെട്ടെന്ന്.