Breaking News
Home / Lifestyle / ആത്മവിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും പ്രതീകം ; ഗായത്രി സുബ്രന്‍ , രാജ്യത്തെ ആദ്യ ദളിത്‌ പൈലറ്റ്

ആത്മവിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും പ്രതീകം ; ഗായത്രി സുബ്രന്‍ , രാജ്യത്തെ ആദ്യ ദളിത്‌ പൈലറ്റ്

കൊല്ലം: ആത്മവിശ്വാസത്തിന്റെയും കഠിനപ്രയത്നത്തിന്‍റെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായൊരു മലയാളി, രാജ്യത്തെ ആദ്യ ദളിത് വനിതാ പൈലറ്റായി മാറിയ തൃശ്ശൂര്‍ സ്വദേശിനി ഗായത്രി സുബ്രന്‍. പ്രാരാബ്ദങ്ങള്‍ക്കിടയിലും ആകാശം മുട്ടെ സ്വപ്‌നം കണ്ട് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഗായത്രി തന്റെ ദൃഢനിശ്ചയത്തിലൂടെ. തൃശൂര്‍ ചാലക്കുടി കുഞ്ഞുകുഴിപ്പാടം പാപ്പണയില്‍ സുബ്രന്റെയും ശകുന്തളയുടെയും ഏകമകളാണ് ഗായത്രി.

കുഞ്ഞുനാളില്‍ ഓലമേഞ്ഞ വീട്ടില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ട വിമാനത്തിന്റെ വെളിച്ചത്തെ കണ്ട് മോഹിച്ചു, വളര്‍ന്നപ്പോള്‍ ആ മോഹവും വളര്‍ന്നു, ഒടുവിലിപ്പോള്‍ വിമാനം പറപ്പിക്കുകയും ചെയ്തു. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ പൈലറ്റായി ലക്ഷ്യത്തിലേക്ക് എത്തുകയാണ്. തിയറി പഠനത്തിന്റെ അവസാന ഭാഗങ്ങള്‍ തീര്‍ത്ത് ഗായത്രി കഴിഞ്ഞ ദിവസം വീട്ടിലെത്തി. രണ്ട് മാസം കഴിഞ്ഞ് മുംബൈയിലാണ് പരീക്ഷ. അതുകഴിഞ്ഞാല്‍ ലൈസന്‍സ് കിട്ടി പറക്കല്‍ തുടങ്ങും.

കോഴ്‌സിന്റെ ഭാഗമായി യുപിയിലെ അക്കാഡമിക്ക് മുകളിലൂടെ 1500 അടി ഉയരത്തില്‍ 20 മിനിട്ട് നേരം ഒറ്റയ്ക്ക് ഗായത്രി വിമാനം പറത്തിയാണ് തുടക്കം. പിന്നെ പലപ്പോഴായി 70 മണിക്കൂര്‍ വിമാനം പറത്തി. ഇനി 130 മണിക്കൂര്‍ കൂടിയുണ്ട്. അത് ഫ്‌ളൈയിംഗ് ക്‌ളാസിന്റെ ഭാഗമായിട്ടാണ്. അതുകൂടി പൂര്‍ത്തിയായാല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഗായത്രിക്ക് സ്വന്തം.

കെഎസ്എഫ്ഇയില്‍ ചിട്ടി ഏജന്റാണ് പിതാവ് സുബ്രന്‍. സ്വന്തം പേരില്‍പ്പോലുമല്ലാത്ത രണ്ട് സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. അമ്മ ശകുന്തളയും തളര്‍ന്നുകിടക്കുന്ന അമ്മൂമ്മ വള്ളിക്കുട്ടിയും ആ കൂരയിലുണ്ട്. ഇല്ലായ്മകളില്‍ നിന്നാണ് ഗായത്രി ആകാശത്തോളം സ്വപ്‌നം കണ്ടത്. ഇല്ലായ്മകളിലും മകളുടെ മോഹത്തിന് പിന്തുണച്ച് വീട്ടുകാരും നിന്നു. പ്ലസ്ടുവിന് ശേഷം സ്‌പോക്കണ്‍ ഇംഗ്‌ളീഷ് ക്ലാസിന് വിട്ടു. പിന്നീട് പൈലറ്റാകാന്‍ ഓണ്‍ലൈന്‍ അപേക്ഷ അയച്ചു.

റായ്ബറേലിയിലെ ഏവിയേഷന്‍ അക്കാഡമിയിലാണ് കോഴ്‌സിന് ചേര്‍ന്നത്.
മകള്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ സുബ്രന്‍ 40 ലക്ഷത്തിന്റെ കടക്കാരനായി. കോഴ്‌സിന്റെ അവസാനഘട്ടത്തിന് 60 ലക്ഷം കൂടി കെട്ടിവയ്‌ക്കേണ്ടിവരും. പ്രാരാബ്ദങ്ങള്‍ക്കിടയിലും
സുബ്രനും ശകുന്തളയും ആകാശത്തോളം പ്രതീക്ഷയുമായി മകളുടെ സ്വപ്‌നത്തിന് കൂടെയുണ്ട്.

ഏവര്‍ക്കും പ്രചോദനമാകുന്ന ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *