Breaking News
Home / Lifestyle / കണ്ണില്ലാത്ത ക്രൂരത അപകടത്തില്‍പ്പെട്ട് നടുറോഡില്‍ ജീവനായി പിടയുന്ന ഓട്ടോ ഡ്രൈവറുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച് ബൈക്ക് യാത്രികന്‍

കണ്ണില്ലാത്ത ക്രൂരത അപകടത്തില്‍പ്പെട്ട് നടുറോഡില്‍ ജീവനായി പിടയുന്ന ഓട്ടോ ഡ്രൈവറുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച് ബൈക്ക് യാത്രികന്‍

നടുറോഡില്‍ രക്തത്തില്‍ കുളഇച്ച് കിടന്ന് ആ യുവാവ് ജീവനുവേണ്ടി കേഴുകയായിരുന്നു. എന്നാല്‍ അപകടം കണ്ട് ആദ്യം ഓടിയെത്തിയ ബൈക്ക് യാത്രികനായ യുവാവ് ശ്രമിച്ചത് പരിക്കേറ്റ് കിടക്കുന്ന ഓട്ടോ ഡ്രൈവറുടെ കഴുത്തിലെ സ്വര്‍ണ്ണമാല കൈയ്യിലാക്കാനായിരുന്നു. ആണ്ടൂരില്‍ അപടകത്തില്‍പ്പെട്ട ഓട്ടോഡ്രൈവറായ പാളയം പടിഞ്ഞാറ്റിന്‍കര പനയ്ക്കച്ചാലില്‍ ടോം ജോസിന്റെ (ബിജു 47) കഴുത്തിലെ മാല പിടിച്ചുപറിക്കാന്‍ ക്രൂരനായ മനുഷ്യന്‍ തുനിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

ഓട്ടോ ടിപ്പര്‍ ലോറിയിലിടിച്ചാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. കോഴ – പാലാ റൂട്ടില്‍ കോഴിക്കൊമ്പ് എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു മുന്നില്‍വച്ചാണ് ബിജു ഓടിച്ച ഓട്ടോ എതിരേ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ശബ്ദം കേട്ട് നാട്ടുകാരും ആ വഴി പോയവരും ഓടിയെത്തി. എന്നാല്‍, വന്നവര്‍ കണ്ടതാകട്ടെ, ബൈക്കില്‍ വന്ന ഒരു യുവാവ് ബിജുവിനെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനു പകരം കഴുത്തിലെ മാല പൊട്ടിക്കാന്‍ തുനിയുന്നതാണ്.

പക്ഷെ, വലിയൊരു ജനക്കൂട്ടം തന്നെഓടിവരുന്നത് കണ്ട് ആ മനസാക്ഷിയില്ലാത്ത കാപാലികന്‍ ബൈക്കില്‍ രക്ഷപ്പെടുകയാണുണ്ടായത്. മാലയില്‍ നിറയെ രക്തമായിരുന്നു അപ്പോള്‍. ഇയാള്‍ ആരാണെന്ന് നാട്ടുകാര്‍ക്ക് തിരിച്ചറിയാനായിട്ടില്ല. തവിടുപൊടിയായ ഓട്ടോയ്ക്കുള്ളില്‍നിന്ന് വളരെ ബദ്ധപ്പെട്ടാണ് ബിജുവിനെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബിജുവിന്റെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബിജു മരണത്തിനു കീഴടങ്ങിയതും നാടിന് ഹൃദയഭേദകമായ വാര്‍ത്തയായി.

ഓട്ടോയുടെ ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. തൊട്ടടുത്ത മതിലിനോടു ചേര്‍ത്ത് ലോറി നിര്‍ത്തിയെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായരുന്ന ബിജുവിന്റെ മരണം നാട്ടുകാരെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

രാവിലെ ആണ്ടൂര്‍ പ്രദേശത്തെ മിക്ക വീടുകളിലും പാല്‍ എത്തിച്ചുകൊടുത്തിരുന്നത് ബിജുവായിരുന്നു. കോഴിക്കൊമ്പ് സൊസൈറ്റിയിലെ പാല്‍ വിതരണക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം ഇന്നുരാവിലെ കോഴിക്കൊമ്പിലെ ഓട്ടോ സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചു. നിരവധി ആള്‍ക്കാരാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഭാര്യ ബിന്ദു (ചാവറ സ്‌കൂള്‍ സ്റ്റാഫ്), രാമപുരം വടക്കേകുരീക്കാട്ട് കുടുംബാംഗം. മക്കള്‍: ജിബിന്‍ പി ടോം (വൈദിക വിദ്യാര്‍ത്ഥി), ജറിന്‍ പി ടോം. മാതാവ് -ചിന്നമ്മ.

About Intensive Promo

Leave a Reply

Your email address will not be published.