മലയാളത്തിന്റെ പ്രിയഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വിജയലക്ഷ്മി അടുത്തിടെയാണ് വിവാഹിതയായത്. മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപായിരുന്നു ഒക്ടോബര്‍ 22 ന് വിജയലക്ഷ്മിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്.
ഇരുവരുടെയും വിവാഹവിശേഷങ്ങള്‍ മലയാളക്കര ആഘോഷമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയില്‍ അതിഥികളായി എത്തിയിരുന്നു. ഷോ യില്‍ ഇരുവരുടെയും മറുപടികള്‍ക്ക് നിറഞ്ഞ കൈയടി ലഭിച്ചിരിക്കുകയാണ്.
നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് ഇത്ര കെമിസ്ട്രിയെന്ന് സരയു ചോദിച്ചിരുന്നു. പ്രണയം സാധാരണ കണ്ണുകളിലാണ് ജനിക്കാറുള്ളത്. പക്ഷെ ഞങ്ങളുടേത് ഹൃദയത്തിലാണ്. എന്റെ ശബ്ദവും വിജിയുടെ ശബ്ദവുമാണ് ആദ്യം പ്രണയിച്ചതെന്നാണ് അനൂപ് പറഞ്ഞത്. വിധികര്‍ത്താക്കളായ ബാലയും ഭീമന് രഘുവുമടക്കം കൈയടികളോടെയാണ് ഈ മറുപടി സ്വീകരിച്ചത്. എന്ത് സമ്മാനമാണ് വിജയലക്ഷ്മിക്ക് ആദ്യമായി നല്‍കിയതെന്ന ചോദ്യത്തിന് എന്റെ ഹൃദയമാണെന്നായിരുന്നു അനൂപിന്റെ ഉത്തരം.
ക്ഷേത്രത്തില്‍ വെച്ചാണ് ആദ്യമായി വിജയലക്ഷ്മിയെ കാണുന്നത്. വിളക്ക് കത്തിക്കാന്‍ ചെന്നതാണ്. അപ്പോഴാണ് ഈ നിലവിളക്കിനെ ലഭിച്ചതെന്ന് അനൂപ് പറയുന്നു. എല്ലാ ദിവസവും കുടുംബക്ഷേത്രത്തില്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അനുപ് ജീവിതത്തിലെത്തിയത്. തനിക്ക് പിന്നെയും ഒരു വര്‍ഷം അത് അംഗീകരിക്കാന്‍ സമയമെടുത്തുവെന്നും വിജയലക്ഷ്മി പറയുന്നു.