ശബരിമല വിഷയത്തില്‍ ഏറെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ബിജെപി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് മുതല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്തതുവരെ വരെ അത് നീളുന്നു. ഈയൊരവസരത്തില്‍ യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ താരമായി. അതേ സമയം യതീഷ് ചന്ദ്രയെ മോശമാക്കിയുള്ള പ്രചരണവും നടക്കുന്നുണ്ട്. ഇതിനെല്ലാം മറുപടി പറയുകയാണ് സാക്ഷാല്‍ യതീഷ് ചന്ദ്ര.
താനൊരു അയ്യപ്പ ഭക്തനാണെന്ന് നിലയ്ക്കല്‍ സുരക്ഷാ ചുമതലയുള്ള എസ്പി കൂടിയായ യതീഷ് ചന്ദ്ര പറഞ്ഞു. ചെറുപ്പകാലത്തും ഇപ്പോഴും അയ്യപ്പദര്‍ശനം നടത്താറുണ്ട്. ഓഫ് സീസണില്‍ പോലും ശബരിമലയില്‍ വരാറുണ്ട്. ഞാനൊരു ഹിന്ദുവാണ്. ഇങ്ങനെയൊക്കെ മറുപടി പറയേണ്ടിവരുന്നതുതന്നെ കഷ്ടമാണ്.
നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്താണ് കിട്ടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുംപോലെ നടി ഷീലയുമായി യാതൊരു ബന്ധവുമില്ല. അതൊക്കെ ഓരോരുത്തര് എഴുതിയുണ്ടാക്കുന്നതാണ്. മതമോ ജാതിയോ ജോലിചെയ്യുമ്പോള്‍ നോക്കാറില്ല.
പഠിച്ചുകൊണ്ടിരുന്നപ്പോഴും പാവമാണ്. ഇപ്പോഴും പാവമാണ്. ജോലിചെയ്യുന്നു, അത്രമാത്രം. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ബി.ജെ.പി. പരാതി നല്കിയതുസംബന്ധിച്ച് കൂടുതല്‍ വിവരമില്ല. പരാതിനല്‍കി അന്വേഷണമുണ്ടായാല്‍ അപ്പോള്‍ നോക്കാം.
പൊന്‍ രാധാകൃഷ്ണന്റെ നിറം നോക്കിയാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന ആരോപണം തെറ്റാണ്. അവര്‍ അവരുടെ നിലവാരത്തില്‍ ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആരോപിക്കുന്നത്. അതിനൊന്നും മറുപടിപറയാനില്ല.
നിലവില്‍ നിലയ്ക്കല്‍ ശാന്തമാണെന്നും ആരു നോക്കിയാലും അതിന് മാറ്റംവരുത്താനാവില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഭക്തര്‍ക്ക് വേണ്ടിയാണ് പോലീസുള്ളത്. ഭക്തരുടെ ഏതുപ്രശ്നവും തീര്‍ത്തുകൊടുക്കാന്‍ പോലീസ് തയ്യാറാണ്.
ഇപ്പോള്‍ എല്ലാ തീര്‍ഥാടകര്‍ക്കും സുഖമായി പോകാം. ഭഗവാനെ കാണാം, തൊഴാം. അമ്പതിനായിരത്തിലധികം ഭക്തര്‍ തിങ്കളാഴ്ച തൊഴാനെത്തി. അത് നല്ലലക്ഷണമാണ്. 30 വരെ തനിക്ക് ശബരിമലയില്‍ ഡ്യൂട്ടിയുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ഓരോരോ ആളുകള്‍ അവര്‍ക്ക് തോന്നിയതാണ് പറയുന്നത്. ജനാധിപത്യ രാജ്യമല്ലേ, ആര്‍ക്കും എന്തും പറയാമല്ലോ. പലതും അവഗണിച്ചുവിടുകയാണ്. നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര.