സെപ്റ്റംബര്‍ 25ന് പള്ളിപ്പുറത്ത് വെച്ച് നടന്ന അപകടത്തെത്തുടര്‍ന്നാണ് വയലിനിസ്റ്റ് ബാലഭാസ്ക്കറും മകള്‍ തേജസ്വിനിയും മരിച്ചത്. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ കൂടി വരികയാണ്.
വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുനനാണെന്നായിരുന്നു ലക്ഷ്മി മൊഴി നല്‍കിയത്. എന്നാല്‍ ബാലുവാണ് വാഹനമോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ മൊഴി നല്‍കിയത്. ഇരുവരുടേയും മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ട ബാലുവിന്റെ പിതാവായ സികെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്‍കിയത്. ലക്ഷ്മിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് നിവേദനം നല്കാന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബാലു പണി കഴിപ്പിച്ച വീട്ടില്‍ അമ്മയ്ക്കും ഹോംനഴ്സിനുമൊപ്പം കഴിയുകയാണ് ലക്ഷ്മി. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി നാളുകളെടുത്താണ് ആരോഗ്യം വീണ്ടെടുത്തത്. നടക്കാനായി സമയമെടുക്കുമെന്നും ഇപ്പോള്‍ വീല്‍ചെയറിലാണ് ലക്ഷ്മിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാലു ബാക്കിവെച്ച സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ലക്ഷ്മി. ശക്തമായ പിന്തുണയുമായി ബാലുവിന്റെ സുഹൃത്തുക്കളും ലക്ഷ്മിക്കൊപ്പമുണ്ട്.
ബാലുവിനും കുടുംബത്തിനും പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള ബന്ധത്തെക്കുറിച്ചും അവര്‍ക്കിടയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമൊക്കെ അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അപകട സമയത്ത് ബാലു തന്നെയാണ് വാഹനമോടിച്ചതെന്നാണ് പരിസരവാസികളും ദൃക്സാക്ഷികളും പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പരിസരവാസികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സാക്ഷി മൊഴികളും പരിസരവാസികളുടെയും ഡോക്ടര്‍മാരുടെയുമൊക്കെ മൊഴി കൂടി പുറത്തുവന്നതോടെ ആകെ അങ്കലാപ്പിലായിരിക്കുകയാണ് എല്ലാവരും. അപകട സമയത്ത് കാറോടിച്ചിരുന്നത് ആരായിരുന്നുവെന്നുള്ള കാര്യത്തിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ബാലുവായിരുന്നും അതല്ല ഡ്രൈവറായിരുന്നുവെന്നുമുള്ള മൊഴികളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്
അപകട സമയത്ത് വാഹനമോടിച്ചത് ബാലുവായിരുന്നുവെന്നും ആ സമയത്ത് താന്‍ പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് ഡ്രൈവറായ അര്ജുനന് പറഞ്ഞത്. കൊല്ലത്ത് ജ്യൂസ് കുടിക്കാനായി വണ്ടി നിര്‍ത്തിയിരുന്നുവെന്നും അതിന് ശേഷമാണ് അദ്ദേഹം വാഹനമോടിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി. എന്നാല്‍ ഇതിന് വൈരുദ്ധ്യമായാണ് ലക്ഷ്മി മൊഴി നല്‍കിയത്. ഇതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ബാലുവല്ല ഡ്രൈവറായിരുന്നു വാഹനമോടിച്ചിരുന്നതെന്നും ദീര്‍ഘദൂര യാത്രകളില്‍ ബാലു വാഹനം ഓടിക്കാറില്ലെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇപ്പോഴും ഇതേ മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍. ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. പരിസരവാസികളുടെയും ദൃക്സാക്ഷികളുടെയുമൊക്കെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കൊല്ലത്ത് വെച്ച് വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉറങ്ങുന്ന ബാലുവിനെ കണ്ടതായി ചവറ സ്വദേശി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച കാര്യത്തെക്കുറിച്ച് ലക്ഷ്മിയും പറഞ്ഞിരുന്നു. പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന ബാലുവിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കിയത് കണ്ടുവെന്നാണ് ചവറ സ്വദേശി പറഞ്ഞത്. അര്ജുനന് പറഞ്ഞ കാര്യങ്ങള്‍ക്ക് വിപരീതമായുള്ള മൊഴിയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്.
ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടയില്‍ ബാലഭാസ്ക്കര്‍ സംസാരിച്ചിരുന്നുവെന്നാണ് മറ്റൊരു ദൃക്സാക്ഷി നല്കിയ മൊഴി. കാര്‍ വെട്ടിപ്പൊളിച്ചാണ് ബാലുവിനെ പുറത്തേക്കെടുത്തതെന്നും സമീപവാസിയായ പെണ്‍കുട്ടി അദ്ദേഹത്തെ തിരിച്ചറിഞ്ഞുവെന്ന കാര്യത്തെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.അപകട ശബ്ദം കേട്ടാണ് പരിസരവാസികള്‍ ഓടിക്കൂടിയത്. പുറകിലെ വാഹനങ്ങളിലുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു.
ലക്ഷ്മിയും മകളും മുന്‍സീറ്റിലും ബാലു ഡ്രൈവറുടെ സീറ്റിലായിരുന്നുവെന്നുമുള്ള മൊഴിയാണ് പ്രധാന സാക്ഷികള്‍ നല്‍കിയത്. അര്ജുന് പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇവരുടെ മൊഴി. കൊല്ലം സ്വദേശിയുള്പ്പടെയുള്ള പ്രധാന സാക്ഷികളാണ് ബാലുവാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
വയലിനിലൂടെ ആരാധകമനസ്സില്‍ കുളിര്‍മഴ പെയ്യിച്ച ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ ഏറുകയാണ്. മൊഴികളിലെ വൈരുദ്ധ്യവും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമൊക്കെ വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റ ഭാഗമായി ലക്ഷ്മിയില്‍ നിന്നും അര്ജുനനില് നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.