Breaking News
Home / Lifestyle / അവളെ ഒന്നു സൂക്ഷിച്ചുനോക്കിയപ്പോഴാണ് കാര്യം മനസിലായത്. അവളുടെ ചുരിദാറിന്റെ പിന്നിലെ ഹുക്ക്…!!

അവളെ ഒന്നു സൂക്ഷിച്ചുനോക്കിയപ്പോഴാണ് കാര്യം മനസിലായത്. അവളുടെ ചുരിദാറിന്റെ പിന്നിലെ ഹുക്ക്…!!

ടൗണിലെ കടയിൽ നിന്ന് കുറച്ച് സാധനങ്ങളും വാങ്ങി ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് ,
എന്റെ കുറച്ചു മുന്നിലായി നടക്കുന്ന പെൺകുട്ടിയെ നോക്കി ചിലർ പരിഹാസത്തോടെ ചിരിക്കുന്നതും അവളെ നോക്കി രഹസ്യം പറയുന്നതും… മറ്റുചിലർ അവളെ ഒളികണ്ണിട്ടു നോക്കുന്നു.

എനിക്കാദ്യം കാര്യം മനസ്സിലായില്ല… അവളെ ഒന്നു സൂക്ഷിച്ചുനോക്കിയപ്പോഴാണ് കാര്യം മനസിലായത്. അവളുടെ ചുരിദാറിന്റെ പിന്നിലെ ഹുക്ക് പോയിട്ട് അവളുടെ ഇന്നർ വെളിയിൽ കാണാം.

സത്യത്തിൽ ഒരു പെണ്ണിനെ കാഴ്ചവസ്തുവായി മറ്റുള്ളവർ കാണുന്നത് കണ്ടപ്പോ എന്തോ സഹതാപം തോന്നി. സ്ത്രീകളുൾപ്പടെ അതു കണ്ടിട്ട് നോക്കിച്ചിരിക്കുകയല്ലാതെ അവളോട് കാര്യം പറയാൻ കൂട്ടാക്കിയില്ല. എങ്ങോട്ടോ തിരക്കിട്ടു നടക്കുന്നതിനിടയിൽ അവളിതൊന്നും ശ്രദ്ധിക്കുന്നുമില്ല.

ചുറ്റുമുള്ള കണ്ണുകളെല്ലാം അവളിൽ തറച്ചപ്പോൾ അവളെ അതിൽ നിന്നും രക്ഷിക്കണമെന്നു എനിക്കു തോന്നി. പക്ഷെ എങ്ങനാ കാര്യം അവളെ അറിയിക്കുക. എന്നാലും എങ്ങനെയെങ്കിലും അവളോട് കാര്യം പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

തിരക്കുള്ള റോഡായതു കൊണ്ട് തിരക്കു കുറഞ്ഞ സ്ഥലമെത്തുമ്പോ പറയാമെന്നു കരുതി… അങ്ങനെ പറയാൻ പറ്റിയ ഒരു സന്ദർഭത്തിനായി അവളുടെ തൊട്ടുപിന്നിലായി ഞാൻ നടപ്പായി. ഇപ്പൊ ഞാൻ അവളെ പിൻതുടരുകയാണെന്നേ കണ്ടാൽ തോന്നൂ.

ഇടയ്ക്ക് അവളൊന്നു തിരിഞ്ഞു നോക്കി, ഞാൻ തൊട്ടു പിന്നിലായുണ്ട്. പിന്നീടും ഇടയ്ക്ക് അവൾ ഒന്നുരണ്ടു പ്രാവശ്യം തിരിഞ്ഞു നോക്കി.

എങ്ങനാ ഇതൊന്നവതരിപ്പിക്കുക, ബസ് സ്റ്റാന്റിൽ എത്തിയാൽ അവിടെ ഇതിലും തിരക്കാകും.അവിടെയും മറ്റുള്ളവർക്കു നോക്കി ചിരിക്കാൻ അവളൊരു കാഴ്ചവസ്തുവാകും… അതിനു മുൻപ് തന്നെ കാര്യം അവതരിപ്പിക്കണം എന്നൊക്കെക്കരുതി അവളെ വിളിച്ചതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

” എന്താ തനിക്ക് വേണ്ടത് ? കുറെ നേരമായല്ലോ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് ” – പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ ഞാനൊന്നു പകച്ചുപോയി.

” അത്… അത്… പിന്നെ “- എങ്ങനെ തുടങ്ങണമെന്നറിയാതെ ഞാൻ പതറി.

“തനിക്കൊന്നും അമ്മേം പെങ്ങൻമാരും ഇല്ലേ… അതോ മാല പൊട്ടിക്കലോ വല്ലതുമാണോ ഉദ്ദേശം?”

” അമ്മേം പെങ്ങൻമാരും ഒക്കെ ഉള്ളതുകൊണ്ടാ പെങ്ങളേ ഞാൻ പിന്നാലെ വന്നത് ”

” എന്ത്?”

“ഒരു കാര്യം പറയാനാ പിന്നാലെ വന്നത് ”

” എന്തു കാര്യം? ”

” അതേയ്..കുട്ടിയുടെ ചുരിദാറിന്റെ പിന്നിൽ ഒന്നു ശെരിക്ക് ഇട്….”

ഞാൻ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ അവൾ കൈകൊണ്ട് അവളുടെ പിന്നിൽ പരതി… പെട്ടെന്ന് അവൾക്ക് കാര്യം മനസ്സിലായി. കുറച്ചു മാറിനിന്ന് പിന്നിലെ ഹുക്ക് ഇടാൻ ശ്രമിച്ചെങ്കിലും അത് പറ്റിയില്ല.

ഹുക്ക് എങ്ങനെയോ പോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ജാള്യതയോടെ നിസ്സഹായയായി അവളെന്നെ നോക്കി.

പെട്ടെന്ന് ഞാൻ എന്റെ കയ്യിലിരുന്ന ഒരു കവറെടുത്ത് അവൾക്കു കൊടുത്തു.- ” ഇത് എന്റെ അനിയത്തിക്കായി ഞാൻ വാങ്ങിയ ഒരു ടോപ് ആണ്. തനിക്കു പാകമാണോന്നറിയില്ല… താൻ ആ കംഫർട്ട് സ്റ്റേഷനിൽ പോയി വസ്ത്രം മാറ്റി വന്നോളൂ. ഇപ്പൊ തനിയ്ക്കാ ഇതാവശ്യം.

ആദ്യം മടിച്ചെങ്കിലും വേറെ വഴിയില്ലാതെ അവൾ അതു വാങ്ങി – “അതേയ് സോറി ഞാനറിയാതെ പറഞ്ഞതാ അങ്ങനൊക്കെ.. ”

“സാരമില്ല… തന്റെ പ്രായമേ കാണൂ എന്റെ അനിയത്തിക്കും…. അവളെയാ ഞാൻ തന്നിലും കണ്ടത്…. തന്നെ എല്ലാവരും വല്ലാതെ നോക്കുന്നതു കണ്ടപ്പൊ എന്തോ സങ്കടം തോന്നി…

പിന്നെ ഇതൊന്നവരതരിപ്പിയ്ക്കാൻ ഒരു ചമ്മലും. എങ്ങനേങ്കിലും കാര്യം പറയണംന്നോർത്താ പിന്നാലെ നടന്നത്…”

” വളരെ നന്ദിയുണ്ട് ചേട്ടാ… എല്ലാവർക്കും ഈ മനസ്സുണ്ടാകണമെന്നില്ല…. ചിലരാണെങ്കിൽ ഈ അവസരം പലവിധത്തിൽ മുതലെടുത്തേനെ… ”

“എല്ലാവരേം ഒരു പോലെ കാണണ്ടടോ പെണ്ണുങ്ങൾ ഒറ്റയ്ക്കായി പോകുമ്പോളോ അപകടത്തിൽ പെടുമ്പോഴോ അതൊരു അവസരമായി കാണാതെ അതൊരു ഉത്തരവാദിത്തമായി കാണുന്ന ആണുങ്ങളും ഉണ്ട് കേട്ടോ… ”

” എന്നാലും ചേട്ടന്റെ അനിയത്തിയ്ക്കായി വാങ്ങിയതല്ലേ ഈ ടോപ്പ് ”

” അത് കുഴപ്പമില്ല… ഇപ്പൊ വേറൊന്നു വാങ്ങാൻ കയ്യിൽ കാശില്ല, ഞാൻ അതവൾക്ക് പിന്നെ വാങ്ങിക്കൊടുത്തോളാം.

പിന്നെ ഞങ്ങളൊക്കെ നാട്ടിൻ പുറത്തുകാരാ…പാവങ്ങളാ… പക്ഷെ ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയൊക്കെ ഞങ്ങൾക്കും മനസ്സിലാകും കേട്ടോ… ”

ഇതും പറഞ്ഞ് തിരിച്ചു നടക്കുമ്പോൾ അവൾ എന്നെത്തന്നെ നന്നിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

രചന: പി സുധി

About Intensive Promo

Leave a Reply

Your email address will not be published.