Breaking News
Home / Lifestyle / ശബരിമലയിൽ കേന്ദ്ര മന്ത്രിയെ വിറപ്പിച്ച യതീഷ് ചന്ദ്രക്ക് എട്ടിന്റെ പണി കിട്ടി

ശബരിമലയിൽ കേന്ദ്ര മന്ത്രിയെ വിറപ്പിച്ച യതീഷ് ചന്ദ്രക്ക് എട്ടിന്റെ പണി കിട്ടി

എസ്‌പി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് കഴിഞ്ഞദിവസം നടത്തിയ ഇടപെടലിൽ കുഴപ്പമൊന്നുമില്ലെന്ന് സംസ്ഥാന സർക്കാർ. യതീഷ് ചന്ദ്രയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. അതുകൊണ്ട് തന്നെ യതീഷിനെ നിലയ്ക്കലിൽ നിന്ന് മാറ്റില്ല. ആവശ്യമെങ്കിൽ അടുത്ത ഘട്ടങ്ങളിൽ പമ്പയിലും സന്നിധാനത്തും പോലും യതീഷ് ചന്ദ്രയെ നിയോഗിച്ചേക്കും.

അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലാണ്. പക്ഷേ കേരളാ കേഡറിലെ ഉദ്യോഗസ്ഥനെതിരെ ഒന്നും ചെയ്യാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. അച്ചടക്ക നടപടിക്കുള്ള പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമാണ്.
`

എസ്‌പി.യുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നറിയുന്നു. യതീഷ് ചന്ദ്രയിൽനിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം. അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനരീതികൾ സംബന്ധിച്ച് കഴിഞ്ഞദിവസം കോടതി നടത്തിയ പരാമാർശങ്ങൾ റിപ്പോർട്ടിലുൾപ്പെടുത്തിയതായും സൂചനയുണ്ട്.

പൊൻ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര കളിയാക്കിയെന്നും റിപ്പോർട്ട് അടിവരയിടുന്നു. പ്രോട്ടോക്കോളിൽ കേന്ദ്രമന്ത്രിയെക്കാൾ താഴെയുള്ള ഉദ്യോഗസ്ഥൻ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. മന്ത്രിയുടേത് ഔദ്യോഗിക സന്ദർശനമല്ലെങ്കിൽക്കൂടി ഇതു പാലിക്കണം. ഇതു ലംഘിച്ചുവെന്ന തരത്തിൽ മന്ത്രിയും കേന്ദ്രത്തിന് പരാതി കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പും നോക്കി കാണുന്നത്. എന്നാൽ യതീഷ് ചന്ദ്രയെ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനും അറിയാം.

പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണൽ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ്. ഉദ്യോഗസ്ഥർ. അതിനാൽ ഈ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തോട് നിർദ്ദേശിക്കാം. നിലവിലെ സാഹചര്യത്തിൽ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സർക്കാർ. ഈ നിലപാട് സംസ്ഥാന സർക്കാർ തുടർന്നാൽ കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ല. എന്നാൽ പൊൻ രാധാകൃഷ്ണൻ ലോക്‌സഭാ അംഗമാണ്.

അതുകൊണ്ട് തന്നെ സ്പീക്കർക്ക് വിഷയത്തിൽ ഇടപെടാം. മോശം പെരുമാറ്റത്തിന് യതീഷ് ചന്ദ്രയെ ശാസിക്കാം. പാർലമെന്റിന്റെ ഇടപെടലിലൂടെ സർവ്വീസ് ബുക്കിലും പ്രശ്‌നകാരനെന്ന പേര് യതീഷ് ചന്ദ്രയ്ക്ക് വീഴും. ഇങ്ങനെ യതീഷിനെ കുടുക്കാൻ കേന്ദ്രം തയ്യാറായേക്കും. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ കഴിഞ്ഞദിവസം ശബരിമലയിലെത്തിയപ്പോൾ നിലയ്ക്കലിൽവെച്ച് എസ്‌പി. മന്ത്രിയോട് ധിക്കാരത്തോടെ സംസാരിച്ചതായി ആക്ഷേപമുയർന്നിരുന്നു.

പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എസ്‌പി. യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ബിജെപി. സംസ്ഥാന ഘടകം പരാതി നൽകിയിരുന്നു. ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയാണ് വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിന് പരാതി നൽകിയത്. മന്ത്രി പൊൻ രാധാകൃഷ്ണനും ഇതുസംബന്ധിച്ച് കേന്ദ്രത്തിനു പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞെന്ന് പറഞ്ഞ് കോട്ടയം എസ്‌പി. ഹരിശങ്കറിനെതിരേയും പരാതി നൽകിയിട്ടുണ്ടെന്ന് ബിജെപി.

സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് കൊച്ചിയിൽ പറഞ്ഞു. ഇരുവർക്കുമെതിരെ പാർലമെന്റിന്റെ അന്വേഷണം ഉണ്ടാകുമെന്നാണ് ബിജെപി നൽകുന്ന സൂചന. ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണോയെന്നു ചോദിച്ച യതീഷ് ചന്ദ്ര ഐപിഎസ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു.

കർശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. ഏതു സർക്കാർ അധികാരത്തിലിരുന്നാലും അക്രമികൾക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ. ആലുവ റൂറൽ എസ്‌പിയായിരിക്കേ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിനു നേരെ അങ്കമാലിയിൽ ലാത്തിച്ചാർജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്ര ആദ്യമായി വിവാദത്തിലെത്തിയത്. കൊച്ചി ഡപ്യൂട്ടി കമ്മിഷണറായിരിക്കേ പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവർക്കെതിരെ ലാത്തിച്ചാർജ് നടത്തിയത് വലിയ വിവാദമായി. ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച

മനുഷ്യാവകാശ കമ്മിഷനു മുന്നിൽ ഹാജരായി തന്റെ നിലപാട് വിശദീകരിക്കവേ, അലൻ എന്ന ബാലൻ തന്നെ മർദിച്ചത് ഡിസിപിയാണെന്ന് വ്യക്തമാക്കിയത് വലിയ വാർത്തയായി. താനാണോ മർദിച്ചത് എന്നു യതീഷ്ചന്ദ്ര ആവർത്തിച്ച് ചോദിച്ചിട്ടും അലൻ നിലപാടിൽ ഉറച്ചു നിന്നു.

കർണാടകയിലെ ഡാബൻഗാരേയാണ് യതീഷ്ചന്ദ്രയുടെ സ്ഥലം. 2011 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്ര കണ്ണൂർ എഎസ്‌പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് റൂറൽ എസ്‌പിയായി. കുഴൽപ്പണ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നത് അപ്പോഴാണ്. കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് ആയിട്ടായിരുന്നു അടുത്ത നിയമനം. പിന്നീട് എറണാകുളം റൂറൽ എസ്‌പിയായും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും ക്രൈംബ്രാഞ്ച് എസ്‌പിയായും തൃശൂർ റൂറൽ എസ്‌പിയായും സേവനമനുഷ്ഠിച്ചു. നിലവിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണറാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഫിറ്റ്‌നസ് ചാലഞ്ച് നടത്തിയിരുന്നു. ചാലഞ്ചിന്റെ ഭാഗമായി ജിമ്മിലെ തന്റെ വ്യായാമ ദൃശ്യങ്ങൾ യതീഷ്ചന്ദ്ര യൂടൂബിൽ പോസ്റ്റ് ചെയ്തു. മെയ്‌ 22 നാണ് ഫിറ്റ്‌നസ് ക്യാംപയിന് കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോർ തുടക്കം കുറിച്ചത്.

തുടർന്ന് ക്രിക്കറ്റ് താരം കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് താൻ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി പുറത്തു വിട്ടിരുന്നു. സന്നിധാനത്തേക്ക് പോകാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ യതീഷ്ചന്ദ്ര സുരക്ഷാ കാരണങ്ങളാൽ തടഞ്ഞതും വിവാദമായിരുന്നു. മല കയറുന്നതിനു പ്രശ്‌നമില്ലെന്നും സന്നിധാനത്ത് തങ്ങാനാകില്ലെന്നും നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വരണമെന്നും യതീഷ് ആവശ്യപ്പെട്ടു.

നിയമവശം അറിയണമെന്നായി കെ.പി.ശശികല. തിരക്കുള്ളതിനാൽ സന്നിധാനത്ത് അധികസമയം നിൽക്കാൻ പറ്റില്ലെന്ന് യതീഷ്. തർക്കം മുറുകി. ഒടുവിൽ സന്നിധാനത്ത് അധികസമയം തങ്ങില്ലെന്ന ഉറപ്പു എഴുതി വാങ്ങിയശേഷമാണ് പോകാൻ ശശികലയെ അനുവദിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.