മണിയറയുടെ വാതില്‍ തുറന്നു നമ്ര മുഖിയായി കയ്യില്‍ ഒരു ഗ്ലാസ് പാലുമായി തന്റെ ഭാര്യ വരുന്നതും നോക്കിയിരിക്കുകയായിരുന്നു മധു, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ. വളരെ വൈകി കല്യാണം കഴിക്കുന്ന ഒരാണിന്റെ മുഖത്തുണ്ടാകുന്ന എല്ലാ അക്ഷമയും മധുവിന്റെ മുഖത്തും ഉണ്ടായിരുന്നു. ആദ്യരാത്രിയില്‍ പറയേണ്ട ഡ യലോഗ്‌സ് എല്ലാം ഒന്നുകൂടി പറഞ്ഞു നോക്കി. ഇതു കാണുമ്പോള്‍ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെയാണ് ഓര്‍മ വരുന്നത്. മധുവിന് എവിടെയോ തെറ്റി. തല കുലുക്കി വീണ്ടും ഒരിക്കല്‍ കൂടി പറഞ്ഞു നോക്കുന്നു. SSLC പരീക്ഷക്ക് കോപ്പി അടിച്ചപ്പോ പോലും ഇത്ര ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടാവില്ല. അതിനു മറ്റൊരു കാരണം കുടി ഉണ്ട്.
ഇന്നാണ് പെണ്‍കുട്ടിയോട് ആദ്യമായി സംസാരിക്കാന്‍ പോകുന്നത്. ഇതിനു മുന്‍പുള്ള കമ്മുണി ക്കേഷന്‍ മുഴുവന്‍ whatsapp വഴിയായിരുന്നു. പെണ്ണ് കാണാന്‍ ചെന്നപ്പോ പേര് ചോദിച്ചത് പോലും whatsapp ലൂടെയാണ്. പേരിനു മുന്‍പേ ചോദിച്ചത് whatsapp ഫോണ്‍ നമ്പര്‍ ആയിരുന്നു. മധുവിന്റെ റിഹേര്‍സല്‍ അങ്ങനെ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് whatsapp ശബ്ദിച്ചത്. ഈശ്വരാ, ആരാ ഈ സമയത്ത്? ഏതെങ്കിലും കാലമാടന്മാര്‍ പണി തരാന്‍ പോവുകയാണോ? whatsapp ലെ മെസ്സേജ് വായിച്ച കഥാനായകന്‍ ഒന്ന് ഞെട്ടി. താന്‍ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് താന്‍ താലികെട്ടിയ തന്റെ ഭാര്യയുടെ മെസ്സേജ് ആണ്. താന്‍ അകത്തേക്ക് വരട്ടെ നു. ഒപ്പം ഒരു സ്‌മൈലിയും. ഇതെന്തു കൂത്ത്? ഓ, ചിലപ്പോ നാണം കൊണ്ടായിരിക്കും. ‘വന്നോളൂ’. മറുപടി കൊടുത്തു. നിന്റെ നാണമൊക്കെ ഇന്ന് ഞാന്‍ മാറ്റി തരാം മോളെ. മധു ആത്മഗതം പറഞ്ഞു.
മണിയറയുടെ വാതില്‍ മെല്ലെ തുറക്കപ്പെട്ടു. തന്റെ ഹൃദയത്തിന്റെ വാതിലാണ് ഇപ്പൊ തുറക്കപ്പെട്ടതെന്നു മധുവിന് തോന്നി. നാണത്തില്‍ പൊതിഞ്ഞ ചിരിയുമായി തറയിലേക്കു നോട്ടമെറിഞ്ഞു കൊണ്ട് നവ വധു മണിയറ യിലേക്ക് പ്രവേശിച്ചു. ആ വരവും നോക്കി മധു അങ്ങനെയിരുന്നു. പെട്ടെന്നാണ് മധു അത് ശ്രദ്ധിച്ചത്. പാല്‍ ഗ്ലാസ് എവിടെ? മറന്നതാകുമോ? പാലില്ലാതെ എന്ത് ആദ്യരാത്രി. നവവധുവിന്റെ കയ്യില്‍ പാല്‍ ഗ്ലാസ്സിനു പകരം അത്രത്തോളം പോന്ന ഒരു മൊബൈല്‍ ആണുണ്ടായിരുന്നത്. നവവധു വന്നു തന്റെ ഭര്‍ത്താവിന്റെ മുന്നില്‍ നിന്നു. മധു അവളുടെ മുഖത്തേക്കും കയ്യിലെ മൊബൈലിലേക്കും മാറി മാറി നോക്കി. ഒടുവില്‍ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു;’ പാല്‍’ .
നവവധു മുഖമുയര്‍ത്താതെ വീണ്ടും ചിരിച്ചു. ഒപ്പം മധുവിന്റെ whatsapp വീണ്ടും ശബ്ദിച്ചു. അതു വായിച്ച മധുവിനു താന്‍ ഇപ്പൊ ബോധം കേട്ട് വീഴും എന്ന് തോന്നി. ഒരു ഗ്ലാസ് പാലിന്റെ പിക്ചര്‍ മെസ്സേജ്. ഒപ്പം ഒരു കമന്റും; ‘മുഴുവന്‍ കുടിക്കല്ലേ ചേട്ടാ’. AC യുടെ തണുപ്പിലും കഥാനായകന്‍ നന്നായി വിയര്‍ത്തു. whatsapp കണ്ടു പിടിച്ചവന്റെ തന്തക്കും തള്ളക്കും, പോരാഞ്ഞിട്ട് അപ്പൂപ്പനും അമ്മൂൂമ്മക്കും വരെ മധു മനസ്സില്‍ തെറി വിളിച്ചു. വീണ്ടും whatsapp ശബ്ദിച്ചു. ‘ചേട്ടാ, ബാക്കി പാല്‍’. പാവം മധു. വാ പൊളിച്ചിരുന്നു പോയി. ആ തക്കത്തിനു ഒരീച്ചയും അതിനകത്തേക്ക് കയറി. എവിടുന്നോ ഒരു അര ഗ്ലാസ് പാലിന്റെ പിക്ചര്‍ തെരഞ്ഞു പിടിച്ചു തിരിച്ചയച്ചു. ആദ്യരാത്രിയിലെ ചടങ്ങുകള്‍ ഒന്നും തെറ്റിക്കരുതല്ലോ.
ഇനി എന്തു പറയും എന്നാലോചിച്ചു മധു അങ്ങനെയിരുന്നു. മനപാഠമാകിയ ഡ യലോഗ്‌സ് ഒന്നും ഓര്‍മ്മ വരുന്നില്ല. കഷ്ടപ്പെട്ടു പഠിച്ചതെല്ലാം വെറുതെയായി. ഞാന്‍ നിന്നെയും കൊണ്ടേ പോകൂ എന്നര്‍ഥത്തില്‍ whatsapp വീണ്ടും ശബ്ദിച്ചു. മെസ്സേജ് വായിച്ചതും ആ പാവത്തിന്റെ ബോധം പോയി. ‘ചേട്ടാ 10 മണി അയാല്‍ എനിക്കപ്പൊ ഉറങ്ങണം. പണ്ടേ ഉള്ള ശീലമാ. ചേട്ടന്‍ എപ്പോഴാ ഉറങ്ങണെ?’. അല്‍പം കഴിഞ്ഞു ഒരു മെസ്സേജ് കൂടി വന്നു.; ‘ഉറങ്ങുമ്പോ ലൈറ്റ് കെടുത്താന്‍ മറക്കല്ലേ ചേട്ടാ. ഇതു വായിക്കാന്‍ പക്ഷെ കഥാനായകന് ബോധം ഉണ്ടായിരുന്നില്ല. അപ്പോഴും പുറത്ത് മണിയറയുടെ വാതിലിനോടു ചെവിയോര്‍ത്തു മധുവിന്റെ ബന്ധു ജനങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അകത്തു നിന്നു യാതൊരു സംസാരവും കേള്‍ക്കാത്തതിന്റെ നിരാശ അവരുടെ മുഖത്തുണ്ടായിരുന്നു.