ജൂനിയർ ആര്‍ട്ടിസ്റ്റിൽ നിന്നും ഇന്നത്തെ വിജയ് സേതുപതിയിലേക്ക് ഒരുപാട് ദൂരമുണ്ട്. കൊച്ചു കൊച്ചു റോളുകൾക്കായി ചാൻസ് ചോദിച്ചു നടന്ന ഒരു വിജയ് സേതുപതിയുണ്ട്. ജീവിതത്തിന്റെ ആറു വർഷങ്ങൾ ഒരു നല്ല ജോലി പോലുമില്ലാതെ സിനിമയെന്ന സ്വപ്നത്തിന്റെ പിറകെ അദ്ദേഹം അലഞ്ഞു, കഠിനാധ്വാനത്തിന്റെ ഫലമെന്നോണം ദൈവം അയാൾക്കൊപ്പമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമാ എന്ന സ്വപ്നവുമായി ജീവിക്കുന്നവർക്കായി അദ്ദേഹം കുറച്ചു വാക്കുകൾ പറഞ്ഞു….അതിങ്ങനെ…
“സിനിമയിൽ അവസരത്തിന് ആരെ പോയി കാണും എങ്ങനെ തുടങ്ങും എന്നൊക്കെ എല്ലാവർക്കും സംശയം കാണും, പക്ഷെ അത് നിങ്ങൾ തന്നെ ചെയ്യുമ്പോളായിരിക്കും അതൊരു പാഠമാകുന്നത്. സിനിമ സ്വപ്നം കാണുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്ക് അതിഷ്ടമാണെങ്കിൽ പൂർണമായും അതിൽ അർപ്പിക്കു. നമുക്ക് ഒരു കാര്യം ഇഷ്ടമെങ്കിൽ അതിനു വേണ്ടി ട്രൈ ചെയ്തിട്ട് തോറ്റു പോയാൽ കുഴപ്പമില്ല, പക്ഷെ ശ്രമിക്കാതിരുന്നാൽ ഒരു അൻപതു വയസൊക്കെ ആകുമ്പോൾ ചിന്തിക്കുമ്പോൾ ഏറെ വിഷമം തോന്നും…
ലോകത്തു ആരെയും ഇമ്പ്രെസ്സ് ചെയേണ്ട കാര്യമില്ല നമ്മളെയൊഴിച്ചു. മനസ് പറയുന്ന കാര്യങ്ങൾ ചെയുക. അതിലും വലിയ സന്തോഷം ഈ ലോകത്തൊന്നുമില്ല. ഞാൻ ജൂനിയർ ആര്‍ട്ടിസ്റ് ആയി അഭിനയിക്കാൻ ഡിഷ്യും എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനി ഓഫീസിൽ പോയിരുന്നു.
എനിക്ക് ഓഫീസിലൊന്നും അറിയില്ലായിരുന്നു, ഒരുപാട് പേരോട് ചോദിച്ചു ഓഫീസ് കണ്ടുപിടിച്ചു. അവിടെയുള്ള കുറച്ചു പേരെ പരിചയപെട്ടു അതിനടുത്തുള്ള കുറച്ചു പ്രൊഡക്ഷൻ കമ്പനി ഓഫീസുകളും കണ്ടുപിടിച്ചു, അങ്ങനെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് നടന്ന ആ തേടൽ ആണ് എന്നെ സിനിമയിലെത്തിച്ചത്. 21 വയസിൽ ഞാൻ തേടി തുടങ്ങി 31 വയസിൽ ഞാൻ നായകനായി…