തന്റെ മനസിനെയും ശരീരത്തെയും തളര്‍ത്താന്‍ അതിക്രമിച്ചെത്തിയ അർബുദത്തെ പരാജയപ്പെടുത്തികൊണ്ടാണ് അനില തോമസ് എന്ന യുവതി നനുത്ത ചിരിയുമായി ചായ വിൽക്കുന്നത്. പാലക്കാട് സ്വദേശിയായ അനില ടിസിഎസിൽ എഞ്ചിനിയർ കൂടിയായിരുന്നു എന്ന് അറിഞ്ഞാൽ അമ്പരപ്പ് വര്‍ധിക്കും. അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വലിയ കഥയാണ് അനിലക്ക് പറയാനുള്ളത്. കൊച്ചി ഗോശ്രീ പാലത്തിലേക്ക് പോകുന്ന വഴിയിൽ മറൈൻ ഫിഷറീസ് റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ടിന്റെ സമീപത്തായി ആണ് അനിലയുടെ ചെറിയ ചായക്കട.
മുളകൊണ്ട് പണിത് ടാർപ്പായ കൊണ്ട് മറച്ച കടയുടെ മുമ്പിൽ പായിൽ ചെറിയൊരു ബോർഡും. തന്തൂരി ചായ. അവിടെ കിട്ടുന്ന മൺചട്ടിയിൽ കിട്ടുന്ന കടുപ്പമുള്ള ചായയേക്കാൾ കടുപ്പമുണ്ട് അത് വിളമ്പുന്ന അനിലക്കും സുഹൃത്ത് നൂറുളിനും പറയാന്‍. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന സാധാരണ മധ്യവർഗകുടുംബമാണ് അനിലയുടേത്. അച്ഛന് ജലവിഭവ വകുപ്പിലായിരുന്നു ജോലി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു, കുട്ടികളും കുടുംബവുമായി ബിഹാറിലാണ്. അനിലയ്ക്ക് ടിസിഎസിൽ മോഹിച്ച ജോലിയും കിട്ടി. സമാധാനപരമായി മുന്നോട്ട് പോയിരുന്ന ജീവിതത്തിലേക്ക് വിളിയ്ക്കാതെ കയറി വന്ന അതിഥിയായിരുന്നു കാൻസർ.
പനിയായിട്ടായിരുന്നു തുടക്കം. മാസത്തിൽ മിക്ക ദിവസവും ചുട്ടുപൊള്ളുന്ന പനി. ആദ്യമൊന്നും കാര്യമാക്കിയില്ല, പിന്നീടത് ടൈഫോയിഡ് ആയി മാറിയതോടെയാണ് ആശുപത്രിയിൽ കാണിക്കുന്നത്. എല്ലാ മാസവും ടൈഫോയിഡ് എന്ന നിലയിലായിട്ടും രോഗം എന്താണെന്ന് കണ്ടുപിടിക്കാനായില്ല. ആശുപത്രിവാസം അവസാനിപ്പിച്ചിരിക്കുന്ന സമയത്താണ് വീടിനടുത്തുള്ള ഒരു സുഹൃത്ത് അടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറെ ഒന്ന് കണ്ടുനോക്കാമെന്ന് പറയുന്നത്. പ്രാഥമിക പരിശോധനിയിൽ രോഗം ഗുരതരമാണെന്ന് അറിഞ്ഞു. അനിലയെ പുറത്തിരുത്തി ഒപ്പം വന്ന സുഹൃത്തിനോട് സൂചന നൽകി. രക്തം പരിശോധിക്കാൻ ആവശ്യപ്പെട്ടു.
രക്തപരിശോധനയുടെ ഫലം വന്നപ്പോൾ അനില ശരിക്കും തകർന്നു പോയി. തനിക്ക് രക്താർബുദമാണെന്ന് ഞെട്ടലോടെയാണ് അനില അറിഞ്ഞത്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ രോഗവിവരം മറച്ചുവെച്ച് തനിയെ ആശുപത്രിയിൽ പോയി ചികിത്സ ആരംഭിച്ചു. പിന്നീടൊരു ബന്ധുവഴിയാണ് വീട്ടുകാർ വിവരം അറിയുന്നത്. രോഗവിവരം കേട്ട അമ്മ തലചുറ്റി വീണു, അനിലയുടെ ഭാഷയിൽ ആകെ മൊത്തം സീൻ ആയി. കാൻസർ വന്നാൽ കാശും പോകും ആളും പോകും എന്ന പഴയ ചിന്താഗതിക്കാരിയായിരുന്നു അമ്മ.
ആയുർവേദവും ഹോമിയോപതിയും എല്ലാം പരീക്ഷിച്ചു. നാടൻ പശുവിന്റെ മൂത്രത്തിൽ അയൂർവേദമരുന്ന് ചേർത്ത് കുടിക്കുക വരെ ചെയ്തു. ഒടുവിൽ ബംഗളൂരുള്ള ഒരു ആശുപത്രിയിലെ ചികിത്സയിലൂടെയാണ് രോഗമുക്തി നേടിയത്. ജീവിതം പതിയെ കരകയറാൻ തുടങ്ങിയെന്ന് തോന്നിയ സമയത്ത് പിന്നെയും ദുരിതം വന്നു. അപകടം പറ്റി അച്ഛൻ മൂന്ന് മാസത്തോളം ആശുപത്രിയിലായി. അച്ഛന്റെ ആശുപത്രിവാസം കൂടി കഴിഞ്ഞതോടെ കുടുംബം സാമ്പത്തികമായി തകർന്നു. ജോലിയിൽ നിന്നും രാജിവെക്കേണ്ടി വന്നു.
ചെറുകിട ബിസിനസുകളുമായി ജീവിതം വളരെ പതിയെ മുന്നോട്ട് നീങ്ങുന്നതിന്റെയിടയ്ക്ക് കാൻസർ വീണ്ടും അനിലയെ തേടിയെത്തി. ഇത്തവണ കരളിനായിരുന്നു കാൻസർ. വീട്ടിലെ അവസ്ഥയും ശാരികസ്ഥിതിയുമെല്ലാം അനിലയെ ഒരുപാട് വലച്ചു. അസഹ്യമായ വേദനകളുടെ കാലമായിരുന്നു. ഒരു ഫാനിട്ടാൽ പോകും ശരീരം വേദനകൊണ്ട് തളരുന്ന അവസ്ഥ. കാൻസർ വെച്ചുകൊണ്ടിരുന്നാൽ അപകടമാകുമെന്ന് ഡോക്ടർ പറഞ്ഞതോടെ ആ ഭാഗം മുറിച്ചുമാറ്റാതെ നിവർത്തിയില്ലാതെയായി. തിരുവനന്തപുരം ആർസിസിയിൽ കരളിന് ശസ്ത്രക്രിയ ചെയ്തു. മുന്നോട്ടുള്ള വഴി ഇരുളടഞ്ഞതായിരുന്നു.
അനിലയുടെ വഴിയിലേക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി നൂറുൾ ഇമാൻ എന്ന വ്യക്തി ഒരു ദിവസം കടന്നുവന്നു. അനിലയുടെ സുഹൃത്തിന്റെ സുഹൃത്താണ് നൂറുൾ. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും സാഹചര്യങ്ങൾ നൂറുളിനെ ദരിദ്രനാക്കിയിരുന്നു. ബിസിനസിലേറ്റ തകർച്ചയിൽ നിന്നും കരകയറാനുള്ള ശ്രമിത്തിലായിരുന്നു നൂറുൾ. നൂറുളിനോട് അനില തന്റെ ഇപ്പോഴത്തെ അവസ്ഥകൾ വിവരിച്ചു. പിടിച്ചുനിൽക്കാൻ എന്തെങ്കിലും ഒന്ന് നൂറുളിനും ആവശ്യമായിരുന്നു.
ഈ സമയത്താണ് യൂട്യൂബിൽ തന്തൂരി ചായ ഉണ്ടാക്കുന്ന വിഡിയോ കാണുന്നത്. ചായയെ ഏറെ ഇഷ്ടപ്പെടുന്ന നൂറുളിന് പിന്നെയൊന്നും ആലോചിക്കേണ്ടി വന്നില്ല. കൊച്ചിയിൽ തന്തൂരി ചായക്കട തുടങ്ങമെന്ന് തീരുമാനിച്ചു. സുഹൃത്തുക്കളിൽ നിന്നെല്ലാം കടംവാങ്ങിയ തുകയുമായി കട തുടങ്ങാൻ ഇരിക്കുന്നതിന്റെ മുമ്പൽ ദിവസം നൂറുളിന്റെ പേഴ്സ് മോഷണം പോയി. വീണ്ടും പ്രതിസന്ധിയിലായി. വീണ്ടും സുഹൃത്തുക്കൾ തുണച്ചു. ഏവരുടെയും സഹായത്തോടെ അനിലയും നൂറുളും കട തുടങ്ങി.
ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി പതിനൊന്ന് മണിവരെയാണ് സമയം. ചിലനേരങ്ങളിൽ കച്ചവടം രണ്ട് മണിവരെയൊക്കെ നീളും. അസഹ്യമായ വേദന തോന്നുന്ന ദിവസങ്ങളിൽപ്പോലും ചിരിച്ച മുഖത്തോടെ അനില മൺകോപ്പയിൽ ചൂട് ചായ പകരും. കൊച്ചിയിലൊരു ലോഡ്ജിലാണ് അനിലയുടെ താമസം, നൂറുളാകട്ടെ ഡോർമെട്രിയിലും. ലോഡ്ജല്ലാതെ തലചായ്ക്കാനൊരു വാടകവീട്ടിലേക്ക് അധികം വൈകാതെ മാറാനാകുമെന്ന പ്രതീക്ഷയിലാണ് അനില.
സോഫ്റ്റ്വെയർ എൻജിനയർ ജോലി നഷ്ടപ്പെട്ടതിൽ വിഷമം ഇല്ല, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സ്വന്തം കാലിൽ നിൽക്കാനൊരു വഴിയായല്ലോ എന്ന സന്തോഷമുണ്ടെന്ന് അനില മനസ് തുറന്നു. മകൾ വീട്ടിലിരുന്ന് വേദനിക്കുന്നില്ലല്ലോ എന്ന ആശ്വാസം വീട്ടുകാർക്കും ഉണ്ട്. റോഡരികിലെ ഈ തട്ടുകട എന്ന് എപ്പോള്‍ വേണമെങ്കിലും ഒഴിയേണ്ടി വരാം. എങ്കിലും പ്രതീക്ഷ വിടാതെ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ മുന്നോട്ട് നടക്കുകയാണ് അനിലയും സുഹൃത്ത് നൂറുളും.: കടപ്പാട്