Breaking News
Home / Lifestyle / ആര്‍ത്തവത്തിന്റെ പേരില്‍ വേണ്ടത് കളിയാക്കലുകളോ കുത്തുവാക്കുകളോ അല്ല, മറിച്ച് കരുതലാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്

ആര്‍ത്തവത്തിന്റെ പേരില്‍ വേണ്ടത് കളിയാക്കലുകളോ കുത്തുവാക്കുകളോ അല്ല, മറിച്ച് കരുതലാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്

ആദ്യകാലങ്ങളില്‍ ആവര്‍ത്തവം അശുദ്ധി എന്നാണെങ്കില്‍ ഇന്ന് വിശുദ്ധി എന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റും പറയുന്നത്. എന്തെന്നാല്‍ അത്രമേല്‍ ക്യാംപെയിനുകളും മറ്റും നിറയുന്ന സാഹചര്യമാണ് ഉള്ളത്. ആര്‍ത്തവത്തിന്റെ പേരില്‍ ഏഴ് ദിവസത്തേയ്ക്ക് പെണ്‍കുട്ടിയെ തള്ളി നീക്കുന്നതും മറ്റും ഉപേക്ഷിക്കണമെന്നാവശ്യമാണ് എവിടെയും ഉയരുന്നത്. ഇന്നും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ആര്‍ത്തവത്തിന്റെ പേരിലെ ദുരാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍ത്തവത്തിന്റെ ഒരു രക്തസാക്ഷി തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു. ഈ ആചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ് ഒരു അധ്യാപികയുടെ കുറിപ്പ്. ആര്‍ത്തവത്തിന്റെ പേരില്‍ വേണ്ടത് കളിയാക്കലുകളോ കുത്തുവാക്കുകളോ അല്ല, മറിച്ച് കരുതലാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അധ്യാപികയായ സൗമ്യ രാധാകൃഷ്ണന്‍. ജോലി നോക്കുന്ന സ്‌കൂളിലെ മൂന്നാം ക്ലാസുകാരിക്ക് ജീവിതത്തില്‍ ആദ്യമായി ആര്‍ത്തവം വന്നപ്പോഴുണ്ടായ അനുഭവത്തില്‍ നിന്നുമാണ് സൗമ്യയുടെ കുറിപ്പ്.

പക്വതയുറക്കാത്ത പ്രായത്തില്‍ ആര്‍ത്തവം വന്നതും അതിന്റെ പേരില്‍ അവള്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളും സൗമ്യ കുറിപ്പില്‍ അടിവരയിടുന്നു. സഹപാഠികളുടെ കളിയാക്കലുകള്‍ കുറ്റബോധത്തിലേക്ക് വഴിമാറുന്നിടത്താണ് കുറിപ്പ് അവസാനിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരിലുള്ള മനുഷ്യവിരുദ്ധ ആചാരങ്ങളെ കടപുഴക്കിയെറിയാന്‍ വരും തലമുറയെയാണ് പ്രാപ്തരാക്കേണ്ടതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബി.എഡ് കഴിഞ്ഞ ഉടനായതുകൊണ്ടും എക്‌സ്പീരിയന്‍സ് ഇല്ലാത്തകൊണ്ടും ആദ്യമായിട്ട് പഠിപ്പിക്കാന്‍ പോയ സ്‌കൂളില്‍ ചെറിയ ക്ലാസുകളിലാ പഠിപ്പിക്കാന്‍ തന്നിരുന്നത്. രണ്ടു മുതല്‍ ഏഴുവരെ ഉള്ള ക്ലാസുകള്‍. ഒരുദിവസം മൂന്നാം ക്ലാസിലേക്ക് കയറിച്ചെല്ലുമ്പോ അവിടെയാകെ പതിവില്ലാത്ത ഒരു ബഹളം. എല്ലാവരെയും അടക്കി ഇരുത്തിയ ശേഷം കാര്യം ചോദിക്കുമ്പോ ഒരു പെണ്‍കുട്ടി എഴുന്നേറ്റ് എന്റെ അടുത്ത് വന്ന് രഹസ്യമായി പറയുവാ: ‘ടീച്ചറേ അവള്‍ക്ക് പിരീഡ്‌സ് ആയി. ആദ്യായിട്ടാണ്‍. അവളറിഞ്ഞില്ല. ഡ്രസ്സിലൊക്കെ ആയി. അത് ആണ്‍കുട്ടികള്‍ കണ്ടു. അവര്‍ അവള്‍ ഡ്രസ്സില്‍ മൂത്രമൊഴിച്ചതാണെന്നും പറഞ്ഞ് അവര്‍ കളിയാക്കി.

ഞാനവളെ ക്ലാസിനു പുറത്ത് ഇറക്കി ടോയ്‌ലറ്റില്‍ കൊണ്ടോകാന്‍ നോക്കി. അപ്പോഴേക്കും അവള്‍ കരച്ചില്‍ തുടങ്ങി.’ എന്നു പറഞ്ഞു. അപ്പോഴാണ്‍ ക്ലാസിലെ ഒരു ബെഞ്ചില് കരഞ്ഞ് കണ്ണൊക്കെ കലങ്ങി ഇരിക്കുന്ന കുഞ്ഞാമിനയെ (സാങ്കല്‍പിക പേര്‍) കാണുന്നത്. സത്യമായും ഞാന്‍ ഞെട്ടി! വല്ലാതെ സങ്കടവും വന്നു. അതിനു കാരണങ്ങള്‍ പലതായിരുന്നു. ഒന്നാമത് അവളൊരു കൊച്ചുകുട്ടിയായിരുന്നു. ആര്‍ത്തവമൊക്കെ ഉണ്ടാകാനുള്ള പക്വത അവളുടെ ശരീരത്തിനായിട്ടുണ്ടെന്നു തോന്നുകയേ ഇല്ല, അത്രയ്ക്ക് കൊച്ചുകുട്ടി.

ആദ്യം എന്നോടുവന്നു സംസാരിച്ച ആ കുട്ടിയെ കൂട്ടി അവളെ ടോയ്‌ലെറ്റിലേക്ക് വിട്ടു. ആര്‍ത്തവത്തെക്കുറിച്ചൊക്കെ പരസ്യമായി മൂന്നാം ക്ലാസിലെ കുട്ടികളോട് പറഞ്ഞാല്‍ അബദ്ധമാകുമോ എന്ന ശങ്ക കാരണം കുട്ടികളോട് പൊതുവായി ചിലത് സംസാരിച്ചു. ‘നിങ്ങളിലാര്‍ക്കെങ്കിലും വയറിളക്കം വന്നു. അറിയാതെ അത് പോയി എന്നു വിചാരിക്ക്. അതാര്‍ക്കും സംഭവിക്കാലോ, നിങ്ങള്‍ക്കും എനിക്കും സംഭവിക്കാം. അങ്ങനൊക്കെ വന്നാ കൂട്ടുകാരെ കളിയാക്കാവോ? നിങ്ങള്‍ക്കാ നാളെ ഇങ്ങനെ വരുന്നതെങ്കിലോ? ബാക്കിയുള്ള നമ്മളൊക്കെക്കൂടി കളിയാക്കിയാ നിങ്ങള്‍ക്ക് എന്തുതോന്നും? അവരെ സഹായിക്കുകയല്ലേ വേണ്ടത്. ഇപ്പോ അവളെയും കൊണ്ടുപോയ രഹനയെ (സാങ്കല്‍പിക പേര്‍) കണ്ടില്ലേ…അങ്ങനെ വേണം കുട്ടികളായാല്‍.

ഒപ്പം ഉള്ളവരെ കഷ്ടകാലത്തില്‍ സഹായിക്കണം. വേണ്ടേ?’ എന്ന് ഞാന്‍ ചോദിക്കുമ്പോ എല്ലാവരും കുറ്റബോധംകൊണ്ട് തലയൊക്കെ കുമ്പിട്ട് ഇരിപ്പായിരുന്നു. ‘അതുകൊണ്ട് നമുക്കവള്‍ തിരിച്ചു വരുമ്പോ കളിയാക്കിയതിന്‍ സോറി പറയാം. എന്താ പറയൂലേ?’ എന്നു ചോദിച്ചു. എല്ലാവരും ‘പറയാം’ എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞു. അവര്‍ മടങ്ങിയെത്തി

ക്ലാസിലേക്ക് കയറിയപ്പോത്തന്നെ എന്നെ അമ്പരപ്പിച്ചുകൊണ്ട് കുട്ടികളൊക്കെ എഴുന്നേറ്റ് നിന്ന് ‘ആമിനാ സോറി’ എന്ന് പറഞ്ഞു. അവളുടെ മുഖത്തെ സങ്കടവും ജാള്യതയും മാറി പുഞ്ചിരിച്ചു. അന്നത്തെ ക്ലാസ് കഴിഞ്ഞ് ഞാന്‍ രഹനയെ അടുത്ത് വിളിച്ചു. അവളോട് ആര്‍ത്തവത്തെപ്പറ്റിയൊക്കെ ആരാ പറഞ്ഞുകൊടുത്തത്? എന്ന് ആംകാംക്ഷ സഹിക്കാതെ ഞാന്‍ ചോദിച്ചു. ‘വീട്ടില്‍ ഉമ്മ പറഞ്ഞുതന്നട്ടുണ്ട്.

പിന്നെ മതപഠന ക്ലാസിലും പറഞ്ഞായിര്‍ന്ന്. ഇതൊക്കെ എല്ലാര്‍ക്കുമറിയൂലേ മിസ്സേ! എന്നിട്ട് മിസ്സെന്താ ഇങ്ങനെ ചോദിക്കണേ?’ എന്നും അവള്‍ തിരിച്ചു ചോദിച്ചു. എനിക്ക് അവളുടെ ടീച്ചറാകാനുള്ള യോഗ്യതയുണ്ടോ? എന്ന് ഞാനെന്നോടുതന്നെ ചോദിച്ചുപോയ നിമിഷമായിരുന്നു അത്. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കറിയുന്ന കാര്യം ഞാന്‍ അറിഞ്ഞത് ഹൈസ്‌കൂളിലെത്തുമ്പോഴായിരുന്നല്ലോ!

പില്‍ക്കാലത്താണ് കഴിക്കുനന ഭക്ഷണത്തിന്റെ കുഴപ്പങ്ങളും മറ്റുംകൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള് കാരണം പെണ്‍കുട്ടികള്‍ക്ക് കൊച്ചുപ്രായത്തില്‍ത്തന്നെ ആര്‍ത്തവം ഉണ്ടായിത്തുടങ്ങുന്നതിനെപ്പറ്റിയൊക്കെ ഞാന്‍ വായിച്ചറിയുന്നത്. അതൊക്കെ വായിക്കുന്നതിനു മുന്‍പുതന്നെ അതുണ്ടായ കുട്ടികളെ പരിചയമായിരുന്നതുകൊണ്ട് അത് വായിക്കുമ്പോ ഞെട്ടലൊന്നും ഉണ്ടായില്ല! ആര്‍ത്തവം എന്ന് കേള്‍ക്കുമ്പോത്തന്നെ ഇതേതാണ്ട് വെല്ല്യ പെണ്ണുങ്ങള്‍ടെ കാര്യാന്ന് ചിന്തയുള്ളവര്‍ ഇപ്പോഴുമുണ്ട്. അതും മാറേണ്ടതുതന്നെയാണ്‍!

About Intensive Promo

Leave a Reply

Your email address will not be published.