Breaking News
Home / Lifestyle / ലക്ഷങ്ങള്‍ കൈപ്പറ്റുന്ന ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായ ശബരിമലയിലെ ഹീറോ

ലക്ഷങ്ങള്‍ കൈപ്പറ്റുന്ന ജോലി ഉപേക്ഷിച്ച് ഐപിഎസുകാരനായ ശബരിമലയിലെ ഹീറോ

മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അങ്കമാലിയിലെ ഇടതുപക്ഷത്തിന്റെ വഴിതടയല്‍ സമരം അടിച്ചമര്‍ത്തി മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കയറി വന്ന ആ യുവ ഐപിഎസുകാരന്‍ പിന്നീട് പുതുവൈപ്പിന്‍ സമരത്തിനിടെ കൊച്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും അടിച്ചോടിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വില്ലനായി അവതരിച്ചു.

ശേഷം പ്രളയകാലത്തെ പ്രവര്‍ത്തികളിലൂടെ നന്മയുടെ പ്രതീകമായി മാറുകയും ഇപ്പോള്‍ ശബരിമലയില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കിയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരെ വിറപ്പിച്ച് നിര്‍ത്തിയും ഹീറോ പരിവേഷത്തിലേക്ക് ഉയരുകയും ചെയ്തു!. ഇതാണ് 2011 കേരള കേഡര്‍ ബാച്ചിലെ ഐപിഎസ് മികച്ച പ്രകടനത്തോടെ നേടിയെടുത്ത യതീഷ് ചന്ദ്ര ഐപിഎസിനെ കുറിച്ച് ചുരുക്കി പറയാനാവുക.

ബിജെപിയുടെ തീപ്പൊരി നേതാവ് എഎന്‍ രാധാകൃഷ്ണനെയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും നിലയ്ക്ക് നിര്‍ത്തി യുവാക്കളുടെ ഹീറോയായിരിക്കുകയാണ് യതാഷ് ചന്ദ്രയിപ്പോള്‍. ശബരിമലയില്‍ യാതൊരു ഇളവും നല്‍കാത്തി ഈ യതീഷ് ചന്ദ്ര സത്യത്തില്‍ ആരാണ്.

അധികമാര്‍ക്കും ഈ യുവ ഐപിഎസുകാരന്റെ ചരിത്രത്തെ കുറിച്ച് അറിവുണ്ടാകില്ല. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദധാരി. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ വന്‍ശമ്പളത്തിന് ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് കരസ്ഥമാക്കാന്‍ യതീഷ്ചന്ദ്ര ഒരു ശ്രമം നടത്തുന്നത്.

കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്.
.

ശുദ്ധവെജിറ്റേറിയനായ യതീഷിന്റെ ലാത്തി പക്ഷെ നാവില്‍ രക്തം പുരണ്ടതാണ്. മസരക്കാര്‍ക്ക് എന്നും ഭയമായിരുന്നു ഇദ്ദേഹത്തിന്റെ ലാത്തി. ആദ്യം യതീഷിന്റെ ലാത്തിയുടെ ചൂട് അറിഞ്ഞത് വടകരയിലെയും സമീപപ്രദേശങ്ങളിലെയും പ്രശ്‌നക്കാരായിരുന്നു. വര്‍ഗ്ഗീയകലാപങ്ങളും രാഷ്ട്രീയകലാപങ്ങളും പതിവായ ഇവിടങ്ങളില്‍ ശുദ്ധികലശം നടത്തിയാണ് അദ്ദേഹം മധ്യകേരളത്തിലേക്ക് ചുവടുമാറ്റുന്നത്. 2015ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കെ ഇടതുപക്ഷത്തിന്റെ ഉപരോധ സമരത്തെ അടിച്ചൊതുക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചു.

അന്ന് സിപിഎം നേതാക്കളെ വരെ തെരുവിലിട്ട് കൈകാര്യം ചെയ്ത് കൈയ്യടിയും വിമര്‍ശനവും ഒരുപോലെ ഈ പോലീസുകാരന്‍ ഏറ്റുവാങ്ങി. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് തെരുവുഗുണ്ടയെന്നാണ് യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഭ്രാന്തന്‍ നായയെപ്പോലെയാണെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനും പറഞ്ഞു.

പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ ഇദ്ദേഹത്തെ കൊച്ചി ഡിസിപിയായി നിയമിച്ച് സകലരേയും ഞെട്ടിച്ചു. കൊച്ചിയിലെ അന്താരാഷ്ട്ര തലത്തില്‍ കണ്ണികളുള്ള ക്രിമിനലുകളെ ഒതുക്കാന്‍ യതീഷ് ചന്ദ്രയെ പോലൊരു ഉദ്യോഗസ്ഥന് സാധിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. മുമ്പ് വടകരയില്‍ എഎസ്പിയായിരുന്നപ്പോള്‍ നടത്തിയ കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയുമെല്ലാം സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

കൊച്ചിയില്‍ ചുമതലയേറ്റ ശേഷം യതീഷ് ചന്ദ്ര വിവാദനായകനായി. ഫെബ്രുവരിയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് ഒരു യുവതി ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും നിയമം ഓര്‍മിപ്പിക്കുകയും ചെയ്തു. ചാനലുകളുടെ ക്യാമറകള്‍ക്ക് മുന്നില്‍ നടന്ന വിചാരണ അന്ന് അദ്ദേഹം തരണം ചെയ്തത് സമചിത്തതയോടെയായിരുന്നു.

കുറ്റം മുഴുവന്‍ തന്റെ ഡ്രൈവറില്‍ കെട്ടിവച്ച്, തെറ്റ് ചൂണ്ടിക്കാട്ടാന്‍ യുവതി കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്ത് അന്ന് അദ്ദേഹം തലയൂരുകയായിരുന്നു. പിന്നീട് പുതുവൈപ്പിനിലെ സമരക്കാര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയതിന് മനുഷ്യാവകാശ കമ്മീഷന്‍ അദ്ദേഹത്തെ വിസ്തരിച്ചിരുന്നു.

അന്ന് അടികൊണ്ടവരില്‍ ഉള്‍പ്പെട്ട അലന്‍ എന്നൊരു ഏഴുവയസുകാരന്‍ ഈ പോലീസുകാരന്‍ ഞങ്ങളെ തല്ലിയെന്ന് പരസ്യമായി ആരോപിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടി. ഇപ്പോഴാകട്ടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വായടപ്പിച്ച് ബിജെപിയുടെ കണ്ണിലെ കരടും നാട്ടിലെ താരവുമായി. പുതുവൈപ്പിന്‍ സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ച യതീഷ് ചന്ദ്രയെ വാഴ്ത്തി പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ ഇന്ന് ബിജെപി-സംഘപരിവാര്‍ അനുകൂല പേജുകളെ തിരിഞ്ഞുകൊത്തിയതും ചരിത്രമായി.

About Intensive Promo

Leave a Reply

Your email address will not be published.