Breaking News
Home / Lifestyle / ആദ്യരാത്രിയില്‍ അരക്കെട്ട് തകര്‍ന്നുമരിച്ച ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയുമോ എച്ചുമ്മക്കുട്ടി എഴുതുന്നു

ആദ്യരാത്രിയില്‍ അരക്കെട്ട് തകര്‍ന്നുമരിച്ച ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയുമോ എച്ചുമ്മക്കുട്ടി എഴുതുന്നു

ആദ്യരാത്രിയില്‍ അരക്കെട്ട് തകര്‍ന്നുമരിച്ച ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയുമോ?* എച്ചുമ്മക്കുട്ടി എഴുതുന്നു …..

ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകള്‍ അലങ്കാരമാണ് പെണ്ണുങ്ങള്‍ക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെണ്‍ജീവിതത്തിന്റെ ധന്യതയും പൂര്‍ണതയും. ഏകാകിനിയായ പെണ്ണിനെ സൈ്വരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി.

അപ്പോള്‍ ആ വിളി കേള്‍ക്കാതിരിക്കാന്‍ പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാന്‍ ശ്രമിക്കില്ല. കൂട്ടത്തില്‍ നിന്ന് അങ്ങനെ തന്നെ, അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ കുലസ്ത്രീകളും കുടുംബിനികളും വേണ്ടത്.

മദാമ്മമാര്‍ മിഡ് വൈഫുമാരും ഡോക്ടര്‍ മാരുമായി വന്നപ്പോള്‍ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെണ്‍കുട്ടികളുടെ അരക്കെട്ട് തകര്‍ന്നുള്ള മരണവും ഒരു ചര്‍ച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും അനങ്ങിയില്ല. അപ്പോഴാണ് 1891ല്‍ ഫൂല്‍ മണി എന്ന ഒറീസ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂര്‍ത്തി വരുത്തണമെന്ന് നിര്‍ബന്ധമായിരുന്നു.

അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന കുഞ്ഞുവാവ ഭാര്യ മരിച്ചത്. അനവധി കൊച്ചുപെണ്‍കുട്ടികള്‍ ഇമ്മാതിരി ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയില്‍ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കണ്‍സെന്റ് ബില്‍ ( എസിബി ) ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നത് 1891 ലായിരുന്നു. പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂല്‍മണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ ശരിക്കും പ്രേരിപ്പിക്കുകയുണ്ടായി.

ഹിന്ദുക്കള്‍, കൂടുതലും ബ്രാഹ്മണര്‍ ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാര്‍ ഒന്നടങ്കം ഈ ബില്ലില്‍ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവര്‍ക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു.

1829- ലെ സതി നിരോധന നിയമം
1840- ലെ അടിമത്ത നിരോധന നിയമം
1856 – ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്റ് ബില്‍
1929 – ലെ ദ ചൈല്‍ഡ് മാര്യേജ് റിസ്റ്റ്‌റെയിന്‍ഡ് ആക്റ്റ്

ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹികനിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമനിര്‍മ്മാണങ്ങള്‍.

ഇങ്ങനെയാണെങ്കിലും യൂണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും, മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും.

മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാന്‍ കഴിയുന്ന വക്കീലന്മാരും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തില്‍ ഉദാഹരണ സഹിതം സമര്‍ഥിക്കുന്നവരും വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീക്കു നേരെയുള്ള ഏതുതരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതി അതിന്റെ സര്‍വ കഴിവുകളും ഉപയോഗിക്കുന്നു.

മാസമുറക്കുറ്റവാളികളായ സ്ത്രീകളോട് നിങ്ങള്‍ക്ക് അങ്ങനൊരു കുറ്റവും, അയിത്തവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞതാണല്ലോ പെണ്‍കുറ്റവാളികള്‍ക്ക് പിടിക്കാതെ പോയത്. ‘ഞങ്ങള്‍ക്ക് ആയുസ്സില്‍ നാല്പതോ അമ്പതോ വര്‍ഷത്തേ തടവ് തന്നേ തീരൂ’ എന്നാണ് സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കുന്നത്.

സ്ത്രീകള്‍ക്കുള്ള വിവേചനം അല്‍പമെങ്കിലും മാറ്റുന്ന ബില്ലുകളോ നിയമങ്ങളോ വന്നാല്‍ പൊതുസമൂഹം ഇളകി വശാകും. അതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ബലാത്സംഗത്തിനു ശേഷം പെണ്ണ് നേരത്തേ കന്യകയായിരുന്നുവോ എന്ന് പരിശോധിക്കുന്ന നമ്മുടെ രണ്ട് വിരല്‍ പരിശോധന നിയമം എടുത്തു കളയാന്‍ വേണ്ടി പെണ്ണുങ്ങള്‍ സമരം ചെയ്യുമോ?
ഇല്ല.

പെട്രോള്‍ ഡീസല്‍ കുക്കിംഗ് ഗ്യാസ് ഇവയുടെ വിലവര്‍ദ്ധനവിനെതിരേ സമരം ചെയ്യുമോ?
ഇല്ല.

പട്ടിണിക്കാര്‍ക്കും വീടില്ലാത്തവര്‍ക്കും തുണിയില്ലാത്തവര്‍ക്കും വേണ്ടി സമരം ചെയ്യുമോ?
ഇല്ല.

ഇന്ത്യയില്‍ ഒരുപാട് കുഞ്ഞുവാവ വേശ്യകളുണ്ട്. അഞ്ചു വയസ്സു മുതലുള്ള കുഞ്ഞുങ്ങള്‍. അവരുടെ വിമുക്തിക്ക് വേണ്ടി പെണ്ണുങ്ങള്‍ സമരം ചെയ്യുമോ?
ഇല്ല.

ശബരിമലയില്‍ എത്രയോ ആചാരങ്ങള്‍ ഇതിനകം മാറി. ആദിവാസി മൂപ്പന്‍ ഒരു ദിവസം വിഗ്രഹത്തില്‍ തേന്‍ പൂശിയിരുന്നു. ഇന്ന് മൂപ്പന് തേന്‍ കൊണ്ട് വരാനേ അര്‍ഹതയുള്ളൂ. പൂശാന്‍ തന്ത്രി മതി. കാണിക്കയും നടവരവും ഒക്കെ നല്ല തുകയാണ്. അതെന്തിന് ആദിവാസിക്ക് കൊടുക്കണം?

വെടിവഴിപാട് ഒരു ഈഴവകുടുംബത്തിനായിരുന്നു അവകാശം. അതും മാറ്റി. ഇപ്പോള്‍ തന്ത്രി തീരുമാനിക്കുന്നയാള്‍ക്കാണ് അധികാരം.

പതിനെട്ടാം പടിയില്‍ തേങ്ങ ഉടക്കുന്ന ചടങ്ങ് നിറുത്തി. പതിനെട്ട് തവണ മല ചവുട്ടിയാല്‍ തെങ്ങ് വെക്കലും അവസാനിപ്പിച്ചു..

ഇതൊക്കെ മാറ്റാം… സ്ത്രീകള്‍ പോവാമെന്ന നിയമം വരാന്‍ പാടില്ല.

സ്ത്രീ വിദ്യാഭ്യാസമാവാം എന്ന് പറഞ്ഞപ്പോള്‍, സ്ത്രീ മാറു മറയ്ക്കാം എന്ന് പറഞ്ഞപ്പോള്‍, സ്ത്രീക്ക് സ്വത്തവകാശമാവാം എന്ന് പറഞ്ഞപ്പോള്‍, താഴ്ത്തപ്പെട്ട ജാതിക്കാര്‍ക്ക് അമ്പലത്തില്‍ കയറാം എന്ന് പറഞ്ഞപ്പോള്‍… ഒക്കെ കുറെ പുരുഷന്മാരും കുറെ കുലസ്ത്രീകളും വേണ്ട, പറ്റില്ല എന്ന് ലഹളയുണ്ടാക്കി, അക്രമങ്ങള്‍ കാട്ടി.

ആ സമരങ്ങള്‍ വിജയിച്ചില്ല. കാലം ആ സമരങ്ങളെ തോല്‍പ്പിച്ചുകളഞ്ഞു. തങ്ങള്‍ മോശക്കാരാണ്, രണ്ടാം തരമാണ് എന്ന് സ്ത്രീകള്‍ ഉദ്‌ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും

About Intensive Promo

Leave a Reply

Your email address will not be published.