Breaking News
Home / Lifestyle / ഒരു കിലോമീറ്ററോടാന്‍ വെറും 50 പൈസ നഗരസവാരിക്ക് ഇണങ്ങുന്ന കിടിലന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര

ഒരു കിലോമീറ്ററോടാന്‍ വെറും 50 പൈസ നഗരസവാരിക്ക് ഇണങ്ങുന്ന കിടിലന്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര

രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ-ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ-ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചിരിക്കുന്നത്.

ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അടക്കം ബംഗളൂരൂ എക്സ്ഷോറൂം വില. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഇലക്ട്രിക് ഓട്ടോ ലഭ്യമാകൂ.

സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇന്ത്യയിലെ തിരക്കേറിയ നിരത്തുകളില്‍ നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്.

റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ് ട്രിയോയിലെ ബാറ്ററി. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഹൃദയം. ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും.

ട്രിയോ ഡ്രൈവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ ഇരു മോഡലുകളും ലഭ്യമാകും. ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച ഡ്രൈവിങ് സുഖവും ട്രിയോയില്‍ ലഭിക്കും.

മഹീന്ദ്രയുടെ സ്വന്തമായ സാങ്കേതിക സംവിധാനങ്ങളും പരിപാലനം ആവശ്യമില്ലാത്ത ലിഥിയം ബാറ്ററിയുമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം. മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോയാണിത്.

ഇ-ആല്‍ഫ എന്ന ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ മഹീന്ദ്ര ഇപ്പോഴും വില്‍ക്കുന്നുണ്ട്. 120 Ah ബാറ്ററി പാക്കില്‍ 1kW/3.2 എന്‍എം ടോര്‍ക്കാണ് ഇആല്‍ഫ നല്‍കിയിരുന്നത്. പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററുമായിരുന്നു. ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടെന്നതാണ് പ്രത്യേകത.

About Intensive Promo

Leave a Reply

Your email address will not be published.