തിരികെ മടങ്ങുമെന്ന് പറയുമ്പോഴും വെല്ലുവിളി ഉയര്‍ത്തിയാണ് തൃപ്തിയുടെ മടക്കം. പ്രതിഷേധക്കാരാണ് തന്നെ പേടിച്ചത്. താന്‍ മല ചവിട്ടുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അവര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ തടഞ്ഞതെന്നും തൃപ്തി പറഞ്ഞു.
ഇനി തൃപ്തി ദേശായിയെക്കുറിച്ച് അറിഞ്ഞതിനുമപ്പുറം…!
ശബരിമലയില്‍ സ്ത്രീ പ്രവേശന വിധി അനുവദിച്ചതിനും മുമ്പ് തന്നെ മല ചവിട്ടുമെന്ന് പ്രഖ്യാപിച്ചാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് വിധി വന്നതിനു പിന്നാലെ ശബരിമലയിലെത്തി ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി പ്രസ്താവന നടത്തിയിരുന്നു.
പിന്നാലെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ പ്രതിഷേധക്കാര്‍ പുറത്തു കടക്കാനാകാത്ത വിധം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതോടെയാണ് ആരാണ് തൃപ്തി ദേശായി… എന്തിനാണ് ഇവരെ പ്രതിഷേധക്കാര്‍ ഇത്ര പേടിക്കുന്നത് എന്ന ചര്‍ച്ച ഉയര്‍ന്നത്.
മഹാരാഷ്ട്രയില്‍ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീ പ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍ മറികടന്നത്. 2014 ല്‍ ആയിരുന്നു ദേശീയശ്രദ്ധ നേടിയ തൃപ്തിയുടെ പോരാട്ടം. മുംബൈ ഹൈക്കോടതിയുടെ വിധിയുടെ അകമ്പടിയോടെയാണ് അഹമ്മദ്നഗറിലുള്ള ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ തൃപ്തി കയറിയത്.
പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ തൃപ്തി ദേശായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നാസിക്കിലെ ത്രെയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.
തുടര്‍ന്ന് മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2012 ലാണ് ഹാജി അലി ദര്ശഗയില് സ്രതീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഒടുവില്‍ സ്ത്രീ പ്രവേശനത്തിന് എതിരഏെല്ലന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ദര്‍ഗയില്‍ സ്ത്രീപ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഈ പോരാട്ടങ്ങള്‍ക്കു പിന്നാലെയാണ് ശബരിമലയിലേക്ക് തൃപ്തിയുടെ ശ്രദ്ധ തിരിയുന്നതും 2015 ല്‍ ആദ്യമായി ശബരിമലയെ സംബന്ധിച്ച് പ്രസ്താവന നടത്തുന്നതും.
കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ സ്വാമിയായ ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വനിതാ സര്‍വ്വകലാശാലയില്‍ ഹോംസയന്‍സ് ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. പ്രശാന്ത് ദേശായ്യാണ് തൃപ്തിയുടെ ഭര്‍ത്താവ്. എട്ട് വയസ്സുള്ള മകനുമുണ്ട്.
2010 ലാണ് തൃപ്തി ഭൂമാതാ ബ്രിഗേഡ് ആരംഭിക്കുന്നത്. ലിംഗ വിവേചനത്തിനെതിരെയാണ് ഈ പ്രസ്ഥാനമെന്ന് തൃപ്തി പറയുന്നു. 2003 ല്‍ പൂനെയിലെ ചേരിനിവാസികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലുടെയാണ് തൃപ്തി സാമൂഹ്യരംഗത്തേക്ക് എത്തുന്നത്. 2011 ലെ അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ ലോക്പാല്‍ സമരത്തിലും തൃപ്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. അഹമ്മദ്നഗര്‍ ശനി ക്ഷേത്രത്തിലെ പ്രക്ഷോഭകാലത്ത് തൃപ്തിക്ക് പിന്തുണയുമായി ആര്‍എസ്എസ രംഗത്തെത്തിയിരുന്നു.