ഞങ്ങളുടെ അയൽപ്രദേശമായ കാളികാവ് അടക്കാക്കുണ്ട് കാരനാണ് ബാപ്പു ഹാജി.
വലിയ ഭൂവുടമ. മക്കൾ എന്ന സമ്പാദ്യം ഇല്ലെങ്കിലും ആവോളം സമ്പത്തു കൊണ്ട്
അനുഗൃഹീതനായ വ്യക്തി.തൻറെ മൂന്നേക്കർ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ വീടുകൾ നിർമ്മിച്ച് കൊടുത്തു ബാപ്പു ഹാജി. വീടില്ലാത്തവരും മക്കൾ ഉപേക്ഷിച്ചു പോയവരുമായ വൃദ്ധർക്ക് വേണ്ടിയാണ് ബാപ്പു ഹാജി വീടുണ്ടാക്കി കൊടുത്തത് .
വലിയ ബഹളങ്ങളോ കൊട്ടിഘോഷിക്കലോ ഒന്നുമില്ലാതെ ‘ പടച്ചവൻ എനിക്ക് തന്ന ഔദാര്യം അവന്റെ പടപ്പുകൾക്കു നൽകുന്നു ‘ എളിമയുള്ള മറുപടിയാണ് ഇത് സംബന്ധമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൻറെ മറുപടി.അവിചാരിതമായി ഇക്കാര്യം ശ്രദ്ധയിൽ പെട്ട സി ആർ പി എഫ് ടീം അദ്ദേഹത്തെ ആദരിക്കാൻ ചെല്ലുന്നതോടെയാണ് ഈ നന്മ നിറഞ്ഞ വാർത്ത പുറം ലോകം അറിയുന്നത്.ഇയ്യിടെ വാഫി പിജി കാമ്പസിന് പതിനഞ്ച് ഏക്കർ ഭൂമിയും അദ്ദേഹം ദാനം നൽകിയിരുന്നു. ഈ രണ്ടു പദ്ധതികളും സഫലമായ ശേഷം നിറഞ്ഞ മനസ്സോടെ കണ്ണടക്കണം എന്നാണ് എൺപത്തിനാലുകാരായബാപ്പു ഹാജിയുടെ ആഗ്രഹം.
പൊതുവെ പണവും സ്വത്തും സമ്പാദ്യവും കൂടും തോറും അഹങ്കാരവും പൊങ്ങച്ചവും പിശുക്കും ആർത്തിയും വർധിക്കുകയാണ് ചെയ്യുക.എന്നാൽ സമ്പത്തും സമ്പാദ്യവും പടച്ചവൻ നൽകിയ ഔദാര്യം ആണെന്നുംഅത് കാരുണ്യത്തിന്റെ വഴിയിൽ ചെലവഴിക്കുമ്പോൾ മാത്രമാണ് ധനം ധന്യമാകുന്നത് എന്നും സമ്പത്ത് മരിക്കുമ്പോൾ ആരും കൊണ്ട് പോകില്ലെന്നും ധനം ജീവിക്കുന്നവർക്കാണ് ആവശ്യമെന്നും തിരിച്ചറിയുന്നു നന്മയുടെ വഴിയിൽ വേറിട്ടു സഞ്ചരിക്കുന്ന പണക്കാരനായ ഈ സാധാരണക്കാരൻ.
ഇത് കുറച്ചു കാലം മുൻപ് എഴുതിയ പോസ്റ്റ് ആണ് . പക്ഷെ ഇന്ന് രാവിലെ ഒരു വിഷമം ഉള്ള വാർത്ത ആണ് കേൾക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മരണ വാർത്ത .പ്രിയപ്പെട്ട ബാപ്പു ഹാജി (അടക്കാകുണ്ട് ) അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു . ഇന്നലെ രാത്രി 8.3ന് ആണ്ഈ ലോകത്തോട് വിട പറഞ്ഞത് .ഇ നന്മ ഉള്ള മനസിന് വേണ്ടി പ്രാർത്ഥിക്കാം .